Thursday, July 18th, 2019

കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടിക്ക് പ്രമുഖ നേതാക്കളുമായി ബന്ധം

കേസില്‍ രണ്ട് പേരെ കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

Published On:Jul 6, 2018 | 12:32 pm

ഇടുക്കി: ലക്ഷക്കണക്കിന് കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസില്‍ പിടിയിലായ സീരിയല്‍ നടി സൂര്യക്കും കുടുംബത്തിനും പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമെന്ന് സൂചന. കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്ത ഇവരുടെ മനയില്‍കുളങ്ങരയിലെ ആഡംബര വീട്ടില്‍ രാഷ്ട്രീയരംഗത്തെ ചില പ്രമുഖര്‍ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തതയില്ലാത്തതിനാല്‍ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്ത് പറയാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല.
അതേസമയം കേസില്‍ രണ്ട് പേരെ കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കിഴക്കേമാട്ടുക്കട്ട പൂവത്തുംമൂട്ടില്‍ ബിനു (48), കട്ടപ്പന കല്‍ത്തൊട്ടി തെക്കേപ്പറമ്പില്‍ സണ്ണി (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരും അണക്കരയില്‍ നിന്ന് പിടിയിലായ രവീന്ദ്രനും ചേര്‍ന്ന് 2013ല്‍ കള്ളനോട്ടടിച്ചിരുന്നു. എന്നാല്‍ നോട്ട് നിര്‍മ്മാണം ശരിയായില്ല. തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് കള്ളനോട്ടടി യന്ത്രം പ്രതിയായ ലിയോക്ക് വിറ്റു. ലിയോയും രവീന്ദ്രനും ഇത് നന്നാക്കി സൂര്യയുടെ വീട്ടില്‍ വെച്ച് നോട്ടടിക്കുകയായിരുന്നു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
തിങ്കളാഴ്ച അണക്കരയില്‍ നിന്നാണ് രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ് (സാം-44), ബി.എസ്.എഫ്. മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍ (46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍(58) എന്നിവരെ പിടികൂടിയത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ സൂര്യ (36), മാതാവ് രമാദേവി (ഉഷ-56), സഹോദരി ശ്രുതി (29) എന്നിവരെ പിറ്റേന്നു പിടികൂടി. ഇവരുടെ വീട്ടില്‍നിന്ന് 57 ലക്ഷത്തിന്റെ കള്ളനോട്ടും അച്ചടിക്കാന്‍ ഉപയോഗിച്ച യന്ത്രവും പിടിച്ചെടുത്തിരുന്നു.
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയത് വീടുകളില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തുന്ന സ്വാമിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നു. യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മ്മിച്ചിരുന്നത്. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവെ ഏതാനും വര്‍ഷം മുമ്പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്. ആഘോഷമായി നടത്തിയ മകള്‍ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും.

 

 

 

LIVE NEWS - ONLINE

 • 1
  14 mins ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 2
  16 mins ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 3
  1 hour ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 4
  1 hour ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 5
  1 hour ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

 • 6
  2 hours ago

  ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

 • 7
  2 hours ago

  കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

 • 8
  2 hours ago

  ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

 • 9
  3 hours ago

  കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി