Thursday, February 21st, 2019

വിരലുണ്ണുന്ന ശീലം മാറ്റിയത് ഭര്‍ത്താവിന്റെ ഉമ്മ..! ബാലവിവാഹത്തെക്കുറിച്ച് യുവതിയുടെ കുറിപ്പ്

എന്റെ മൂത്തമ്മാന്റെ കല്യാണം നടക്കുമ്പോള്‍ അവര്‍ക്കു പതിനൊന്ന് വയസ്സാണത്രെ പ്രായം

Published On:May 16, 2018 | 10:51 am

ബാലവിഹത്തെക്കുറിച്ച് റസീന റാസ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വെറലായിരിക്കുകയാണ്. തന്റെ കുടുംബാഗംങ്ങളും, സുഹൃത്തുക്കളും ബാലവിവാഹത്തിന് ഇരയായ കാര്യങ്ങളാണ് കുറിപ്പില്‍. ബാലവിവാഹത്തെക്കുറിച്ചും, തുടര്‍ന്ന് ഇവര് നേരിടുന്ന പ്രശ്‌നങ്ങളും റസീന വ്യക്തമാക്കിയിട്ടുണ്ട്.
വളരെ ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കണ്ടും കേട്ടും മാണ് വളര്‍ന്നത്. എന്റെ ഉമ്മയുടെ മൂത്തസഹോദരിയുടെ കല്യാണം നടക്കുമ്പോള്‍ അവര്‍ക്കു പതിനൊന്ന് വയസ്സാണത്രെ പ്രായം. ഭര്‍ത്താവിന്റെ ഉമ്മയാണ് ഉറങ്ങുമ്പോള്‍ വിരല്‍ ഉണ്ണുന്ന അവരുടെ ശീലം മാറ്റിയെടുത്തത്- റസീന കുറിപ്പില്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം
വളരെ ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കണ്ടും കേട്ടും മാണ് വളര്‍ന്നത്. എന്റെ മൂത്തമ്മാന്റെ (ഉമ്മയുടെ മൂത്തസഹോദരി )കല്യാണംനടക്കു മ്പോള്‍ അവര്‍ക്കു പതിനൊന്ന് വയസ്സാണത്രെ പ്രായം. ഭര്‍ത്താവിന്റെ ഉമ്മയാണ് ഉറങ്ങുമ്പോള്‍ വിരല്‍ ഉണ്ണുന്ന അവരുടെ ശീലം മാറ്റിയെടുത്തത്. പറഞ്ഞുകേട്ട ഈ കഥയ്ക്ക് സമാനമായ രീതിയില്‍ തന്നെ അവരുടെ മകളുടെ, (എന്റെ കുഞ്ഞാത്ത യുടെ ) വിവാഹവും നടക്കുകയുണ്ടായി. അന്നവള്‍ ഒമ്പതിലും ഞാന്‍ ആറിലും ആണ്.കല്യാണത്തിന്റെ തലേ കൊല്ലത്തെ വേനലവധിക് എന്റെ വീട്ടില്‍ വിരുന്നു വന്ന അവളെ പൊട്ടകിണറ്റില്‍ ഉന്തിയിട്ടതിന് ഇനി നിന്റെ വീട്ടില്‍ വിരുന്നുവരില്ലെന്ന് എന്നോട് പിണങ്ങി പോയ അവള്‍ പിന്നെ മൂന്ന് കൊല്ലം കഴിഞ് അവളുടെ രണ്ടുവയസുകാരി മോള്‍ക്കൊപ്പമാണ് വിരുന്നു വന്നത്. പിന്നയങ്ങോട്ട് എത്രയോ താത്തമാര്‍, അനിയത്തിമാര്‍,ബന്ധുക്കളായ കുട്ടികള്‍, കൂടെപഠിച്ചവര്‍, കൂട്ടുകാരികള്‍, അയല്‍വാസികള്‍.പതിനഞ്ചിലും പതിനാറിലും അവരൊക്കെ വിവാഹിതരായി. പതിനെട്ട് തികയും മുമ്പ് പ്രസവിച്ചു. അവരുടെ ഇടയില്‍ അവിവാഹിതയായി പഠനം തുടര്‍ന്ന എന്നെനോക്കി പതിനാറു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ മൊഞ്ച് കെട്ടുപോവും എന്ന് പലരും അടക്കം പറഞ്ഞിരുന്നു. അക്കാലത്തൊക്കെ അത് ശരിയാണെന്നു തന്നെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഇരുപത് വയസ്സൊക്കെ കഴിഞ്ഞപ്പോള്‍ ‘ഇരുപത് കഴിഞ്ഞാല്‍ പെണ്ണൊടഞ്ഞുപോവും ‘എന്ന് സിദ്ധാന്തം ചമച്ചവരോട് ഒടയാന്‍ ഞാന്‍ ചില്ലുഭരണിയല്ലല്ലോ എന്ന് തിരിച്ചടിക്കാനുള്ള അഹങ്കാരം ഒക്കെ കൈവന്നിരുന്നു. T.V ചന്ദ്രന്റെ ‘പാഠം ഒന്ന് ഒരു വിലാപം’ ഒന്നും എനിക്കൊരു സിനിമക്കാഴ്ചയെ ആയിട്ടില്ല. എനിക്കെന്നല്ല, ഏറനാട്ടില്‍ ജീവിക്കുന്ന ആര്‍ക്കും.ബാലവിവാഹനിരോധനനിയമം എന്ന് പത്രത്തില്‍ അച്ചടിച്ചിരിക്കുന്നത് കണ്ണഞ്ചിപ്പി ക്കുന്ന ഏതോ നിറം കൊണ്ടാണെന്നൊക്കെ തോന്നിയതേ ഉള്ളൂ. പതിനാറുകാരുടെ വിവാഹങ്ങള്‍ ഇവിടെ നിര്‍ബാധം തുടര്‍ന്നു.
കഴിഞ്ഞ കുറേ ആഴ്ചകളായി ഇതൊക്കെ വീണ്ടും വീണ്ടും ഓര്‍ത്തു സ്വയം ശപിക്കുന്നു. ‘ഓള്‍ക്കിഷ്ടല്ല….എന്നാലും പ്രായം കൂടല്ലേ, അതുകൊണ്ടാണ് ‘എന്ന മുഖവുരയോടെ ക്ഷണിക്കപ്പെട്ട എത്രയോ വിവാഹങ്ങള്‍… ചുറ്റുപാടും നടക്കുന്ന പല അതിക്രമങ്ങളോടും കണ്ണടക്കുന്ന കൂട്ടത്തില്‍, എന്റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലല്ലോ എന്ന വരുത്തിക്കൂട്ടിയ നിസ്സഹായതയുടെ പേരില്‍ ചിന്തിക്കാതെയും, പ്രതികരിക്കാതെയും വിട്ട എത്ര ബാലവിവാഹങ്ങള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, plus one കെമിസ്ട്രി പരീക്ഷയുടെ അന്ന് രാവിലെ, സ്‌കൂള്‍ മുറ്റത്തുവെച്ചു, ഒരുവള്‍ വന്നെന്നെ കെട്ടിപിടിച്ചു കരയും വരെ ഈ കഥകളൊന്നും എന്റെ ഉടലിനെ ഇത്രക് പൊള്ളിച്ചിട്ടില്ല. അത്രക്കു ആഴമുണ്ടായിരുന്നു അവളുടെ കരച്ചിലിന്. എന്നെ രക്ഷിക്കുമോ ടീച്ചറെ എന്ന ചോദ്യത്തിന്… പരീക്ഷ എഴുതിക്കഴിഞ്ഞവള്‍ എന്റെ വീട്ടിലേക്കാണ് വന്നത്. നാലു മാസം മുമ്പ് രഹസ്യമായി അവളുടെ നികാഹ് നടന്നു കഴിഞ്ഞിരുന്നു. അവള്‍ അഴിച്ചിട്ട സങ്കടകടലില്‍ രണ്ടു മൂന്ന് ദിവസം മുങ്ങിപ്പോയി. വൈകുനേരം വരെ കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാംക്കൂടി ഒറ്റ വാചകത്തിലിങ്ങനെ എഴുതാം ‘വീട്ടുകാരുടെ അനുവാദത്തോടെ, നികാഹിന്റെ പിന്‍ബലത്തില്‍ അവള്‍ നിരന്തരം ബലാല്‍സംഗം ചെയ്യപ്പെടുന്നു ‘
പീന്നീട്, അന്വേഷിച്ചുനോക്കിയപ്പോള്‍ വിദ്യാലയത്തില്‍ പല പെണ്‍കുട്ടികളും പ്ലസ് വണ്‍ പ്രവേശനം നേടുന്നതോടെ നികാഹ് ചെയ്യപ്പെടുന്നു എന്ന് മനസിലായി. വിദ്യാലയത്തിലെ ഈ പ്രവണതയുടെ ആധിക്യം ചൂണ്ടി കാണിച്ചു ബന്ധപ്പെട്ട വകുപ്പുകളിലേക്കെല്ലാം മാര്‍ച്ച് മാസത്തില്‍ തന്നെ പരാതികള്‍ അയച്ചു. പക്ഷെ, ഇത്തരം വിവാഹങ്ങള്‍ തടയുവാനായി യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല.ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കോ അവളിലേക്കോ ഒരന്വേഷണവും, ഒരു താക്കീതായിപോലും എത്തിയില്ല. അവളുടെ മുതിര്‍ന്ന സഹോദരിയും ഇതേപോലൊരു ബാലവിവാഹത്തിന്റെ ഇരയാണ്. ഇനിയുമുണ്ട് ഒരാള്‍കൂടി. നികാഹ് നടത്തിയ പള്ളി ഏതെന്നു പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തിരക്കിയതുപോലും ഇല്ല. ചൈല്‍ഡ്ലൈന്‍, ബാലാവകാശ പ്രവര്‍ത്തകര്‍ ഒക്കെയുമായി സംസാരിച്ചിരുന്നു. ഇരയുടെ മൊഴി, നികാഹിന്റെ ഫോട്ടോ, തെളിവില്ലായ്മ്മ, എന്നിങ്ങിനെ ഉള്ള മുട്ടാന്യായ ങ്ങളല്ലാതെ പ്രശ്‌നത്തിനുള്ള പരിഹാരമോ പ്രതിവിധിയോ എവിടേനിന്നും കേള്‍ക്കുക പോലും ഉണ്ടായില്ല.
ഏകദേശം സമപ്രായക്കാരായ മൂന്നും നാലും പെണ് മ്മക്കള്‍ ഉണ്ടാവുക, കുടുംബത്തിന് സ്ഥിരവരുമാനത്തിന് നിവൃത്തിയില്ലാതാവുക, തുടങ്ങി ദാരിദ്രത്തിന്റെ തോതനുസരിച്ചു വിവാഹപ്രായം കുറയും. ഇളം പ്രായക്കാര്‍ക് മാര്‍ക്കറ്റുകൂടുതലുള്ള ചില സമുദായങ്ങളുണ്ട്. അത്തരം വിവാഹ വിപണിയില്‍ വിറ്റഴിക്കപ്പെടേണ്ട കുട്ടികളാണെങ്കില്‍ പിന്നെ പതിനഞ്ചിലെ ദല്ലാള്‍മാര്‍ വീടുകേറിയിറങ്ങിത്തുടങ്ങും. ദാരിദ്രം മൂലമുള്ള സമ്മര്‍ദം, വീട്ടുകാരുടെ ഭീഷണി, ഇത്തരം വിവാഹങ്ങള്‍ നിരവധി കണ്ട പരിചയം, സ്വാഭാവികമായ ഭയം, ഇതെല്ലാം വിവരങ്ങള്‍ മറച്ചു പിടിക്കാന്‍ പെണ്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു. അങ്ങേയറ്റം രഹസ്യമായി നടക്കുന്ന വിവാഹങ്ങള്‍ നേരത്തെ കണ്ടത്തി തടയുക വളരെ ശ്രമകരമായ ജോലി തന്നെ ആണ്.ഇത് കണ്ടത്താനോ തടയാനോ വേണ്ട ഒരു സംവിധാനവും വിദ്യാലയങ്ങളില്‍ ഫലപ്രദമായി നടപ്പിലാവുന്നില്ല. കുട്ടികളുടെ ബാഗുപരിശോധിക്കുക, അവരാരെയെങ്കിലും പ്രേമിക്കുന്നുണ്ടോ എന്ന് ഗവേഷണം നടത്തുക, ഉണ്ടെങ്കില്‍ തടയുക, ചുരിബോട്ടം മാറ്റി ലൂസ് പാന്റ്‌സ് തയ്പ്പികുക, എന്നിങ്ങിനെ ഉള്ള ജോലികള്‍ക്കൊന്നും കാണിക്കുന്നത്ര ഉത്സാഹം ഈ വിഷയത്തില്‍ ഉണ്ടാവാനിടയില്ലല്ലോ ? പതിനെട്ട് തികയുന്നതോടെ നിയമ സാധുത കൈവരികയും അതുവരെ ശിക്ഷാര്‍ഹമായി നില നില്‍കുകയും ചെയുന്ന വിചിത്രമായ നീതിക്കിടയില്‍ കണ്മുന്നില്‍ എത്ര കൗമാരങ്ങളാണുടഞ്ഞുപോയിരിക്കുന്നത് ?മൂപ്പെത്തും മുമ്പ് പ്രാപിക്കാനുള്ള ആണ്‍ കൊതിക്കും, ആ ആണ്‍ കൊതികള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട സമൂഹത്തിനും എന്റെ ജീവിതം തകര്‍ന്നുപോയി ടീച്ചറെ എന്ന കരച്ചില്‍ മനസിലാവേണ്ട കാര്യമില്ല.
പതിനെട്ടു കഴിയാത്ത പെണ്‍കുട്ടികളുടെ നിക്കാഹിന് രഹസ്യമായി പ്രത്യകം രെജിസ്റ്റര്‍ സൂക്ഷിക്കുന്ന പള്ളി മഹല്ലുകള്‍, (ഈ വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ തന്നെയാണ് പറഞ്ഞത് !) കുഞ്ഞുശരീരങ്ങളെ അവരുടെ സമ്മതം കൂടാതെ കിടപ്പുമുറികളിലേക് തള്ളിയിട്ട് കൊടുക്കുന്ന മാതാപിതാക്കള്‍, എല്ലാറ്റിനുംഒത്താശപാടുന്നപള്ളികമ്മറ്റികാര്‍. ഇവര്‍ക്കെതിരെ ഒന്നുംപരാതി ഉണ്ടാവില്ല. പരാതിപ്പെട്ടാലും തെളിവുണ്ടാവില്ല, ആരും പ്രതിസ്ഥാനത്തു വരികയുമില്ല. പതിനെട്ട് തികയുന്നതോടെ ഭര്‍തൃവീടുകളിലേക്ക് അയക്കപെടുന്ന പെണ്‍കുട്ടികളില്‍ പലരുടെയും പഠനം അതോടെ തടസ്സപ്പെടുന്നു.അവര്‍ കണ്ടു വളര്‍ന്ന ജീവിതം ആവര്‍ത്തിക്കുക എന്നതിനപ്പുറം അവര്‍ക്കൊന്നും ചെയ്യാനുണ്ടാവില്ല. പതിനാറുകാരിക്ക് വരനായി എത്തുന്നത് ഇരുപത്തിമൂന്നു കാരനൊ ഇരുപത്തിനാലു കാരനൊ ഒക്കെ ആയിരിക്കും. അവര്‍ നടത്തുന്ന പാരന്റിങ് പരീക്ഷണങ്ങളുണ്ടാകുന്ന പൊല്ലാപ്പുകളാണ് ഇന്ന് കൗണ്‍സിലിങ് സെന്ററുകള്‍ക്കുമുമ്പിലെ നീണ്ട വരിയെന്നൊക്കെ ആര്‍ക്കാണറിയാത്തത് ?
പെണ്‍ കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയമായതുകൊണ്ട് ഇത്തരത്തിലുള്ള വിവാഹങ്ങളുടെ എണ്ണം കുറേകൂടി കൂടുതലാണ്. ആണ്‍ പെണ്‍ ഇടകലരലിനെ കൂടി ഭയക്കുന്ന കുടുംബ, മത, സാമൂഹിക പശ്ചാത്തല മുള്ള വീടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് ഇത്തരം വിവാഹത്തിന്റെ ഇരകളാവുന്നവരില്‍ അധികവും.
എനിക്കുമുമ്പില്‍ പരാതിയുമായി എത്തിയ പെണ്‍കുട്ടി തിളക്കമുള്ള കണ്ണുകളുമായി പത്താം തരത്തില്‍ ക്ലാസ്സ്മുറിയെ സജീവമാക്കിയിരുന്നു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച അവള്‍ക് ജോലിനേടുക, അനിയത്തിയെ പഠിപ്പിക്കുക എന്നിങ്ങനെ സ്വപ്നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. സമ്മതമില്ലാതെ നടന്ന വിവാഹത്തെ കരച്ചില്‍കൊണ്ടും പട്ടിണികിടപ്പുകൊണ്ടും പ്രതിരോധിക്കാന്‍ അവള്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.വീട്ടില്‍ വന്നപ്പോള്‍ അവളുടെ കണ്ണുകള്‍ ചുറ്റും കറുപ്പ് വീണ് കരുവാളിച്ചിരുന്നു. അപമാനിക്കപ്പെട്ടവളെ പോലെയാണ് അവളുടെ നില്‍പ്പുപോലും. അവള്‍ക് നഷ്ടമായ സ്വപ്നങ്ങള്‍….അവളൊരാളല്ല.ഒരിക്കല്‍ മൊഴിചൊല്ലപ്പെട്ടു രണ്ടാം വിവാഹം കഴിഞ്ഞവള്‍, ഭര്‍തൃ വീട്ടില്‍ നിന്നും സ്‌കൂളില്‍ എത്തുന്നവര്‍, യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള ലൈഗിക രോഗങ്ങള്‍ സഹിക്കുന്നവര്‍, ഗര്‍ഭാരംഭ അവശതകള്‍ ഉള്ളവര്‍, പെണ്ണുകാണല്‍, മിട്ടായി കൊടുപ്പ്, ഇങ്ങിനെ വിവാഹത്തിന്റെ മുന്നോടിയായ നാട്ടുനടപ്പിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞു നില്‍ക്കുന്നവര്‍ ഒക്കെ ഉണ്ട് ക്ലാസ്സ്മുറികളില്‍. ഇവരെ യാണ് കെമിസ്ട്രിയും ചരിത്രവും പഠിപ്പിക്കാന്‍ വിദ്യഭ്യാസ വകുപ്പ് പണം ചിലവാക്കുന്നത്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും ഫോണിലേക്കെത്തുന്നുണ്ട്, കഴിഞ്ഞമൂന്നു കൊല്ലം എന്റെ മുമ്പിലുണ്ടായിരുന്ന, മെറ്റലി റീടാര്‍ഡെഡ് ആയ, I Q ടെസ്റ്റില്‍ മുപ്പത്തിലും താഴെ ആയതുകൊണ്ട് സഹായി മുഖേന പരീക്ഷ എഴുതിജയിച്ച ഒരുവള്‍. അവളുടെ നികാഹ് നടന്ന വിവരം വോയിസ് മെസ്സേജ് ആയി അവള്ത്തന്നെയാണ് എന്നെ അറിയിച്ചത്. ആരോടും പറയണ്ട ആള്കാര്‌ക്കൊക്കെ കുയിന്താവും ടീച്ചറെ എന്നുപദേശവും ഉണ്ട് കൂട്ടത്തില്‍. സ്വന്തം ചോറ്റുപാത്രം തുറക്കാന്‍ പരസഹായം വേണമായിരുന്ന,ഒരു പൈതലിനെ പോലെ നിഷ്‌കളങ്ക മായിച്ചിരിക്കുന്ന അവളെ കിടപ്പറയിലേക്കെത്തിക്കുന്ന യുക്തിയോട് സംവദിക്കുവാന്‍ ഏതു ഭാഷ വേണമെന്ന് ഇതെഴുതുമ്പോഴും നിശ്ചയം പോരാ.സ്വയം തീരുമാനമെടുക്കാനാവാത്ത പ്രായത്തില്‍ കുട്ടികള്‍ക്കു സമ്മതമാണെന്ന വാദം അപ്രസക്തമാണെന്ന് അധ്യാപകര്‍ക്കുപോലും മനസിലാവില്ലങ്കില്‍ പിന്നെ ??
ഇത്രമേല്‍ നിരാശയോടെ ഒരു അധ്യയന വര്‍ഷവും ആരംഭിച്ചിട്ടില്ല. മാനവ വിഭവശേഷിയുടെ പകുതിയെയും പ്രസവയന്ത്രങ്ങളും, ലൈംഗികോ പാധികളും മാത്രമാക്കിമാറ്റി ഒതുക്കിക്കളഞ്ഞ ഒരു സമൂഹത്തില്‍ അധ്യാപനത്തിന് വലിയതെന്തൊക്കയോ ചെയ്യാനുണ്ടന്ന് തോന്നിയിരുന്നു . വിദ്യാഭ്യാസംകൊണ്ട് വലിയ വിപ്ലവങ്ങള്‍ സാധ്യമാവും എന്ന് വിശ്വസിച്ചിരുന്നു.പൂര്‍ണ വളര്‍ച്ച പോലും എത്തും മുമ്പ് കിടപ്പറയിലെത്തിക്കുവാനുള്ള ശരീരങ്ങള്‍ മത്രമാവുന്ന പെണ്‍കുട്ടികളെ….. പുതിയ യൂണിഫോമില്‍, പുതിയ പുസ്തകങ്ങളും ആയി നിങ്ങള്‍ വരണം. ഒരു കൊല്ലം നീട്ടിയെടുത്ത പ്രസവാവധി കഴിഞ്ഞു ഞാനും ഒരുങ്ങുകയാണ്, നമുക്കൊരുമിച്ചു മൈലാഞ്ചിയെക്കാള്‍ ചുവന്ന രക്തത്തിന്റെ നിറം കൊണ്ട് എഴുതപെട്ട കവിതകള്‍ വായിക്കണം , കഥകളിലെ രാജകുമാരിമാര്‍ക്ക് പതിനെട്ടു തികഞ്ഞോ എന്ന് രജിസ്റ്റര് പരതിനോക്കണം.

 

LIVE NEWS - ONLINE

 • 1
  1 hour ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  4 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  6 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  6 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  6 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  6 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  6 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  6 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  6 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്