Thursday, April 25th, 2019

തമിഴ് മണ്ണില്‍ ചിതലരിക്കുന്ന കേരള ചരിത്രം

ഇരണിയല്‍ കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

Published On:Nov 8, 2018 | 10:41 am

കണ്ണൂര്‍: തമിഴകത്തെ കേരളീയ പൈതൃകങ്ങളിലൊന്നായ ഇരണിയല്‍ കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സിപിഎഫ് വേങ്ങാടാണ് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന കന്യാകുമാരിയിലെ ഇരണിയല്‍ കൊട്ടാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തുമ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നിവേദനം നല്‍കിയത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദ്യത്തെ കൊട്ടാരമാണ് തെക്കന്‍ തേവന്‍ചേരിയില്‍ കോയിക്കല്‍ കൊട്ടാരം എന്നറിയപ്പെടുന്ന ഇരണിയല്‍ കൊട്ടാരം. തകര്‍ന്ന് കൊണ്ടിരിക്കുന്ന ഈ രാജഭവനത്തിന്റെ അവശിഷ്ടങ്ങളെങ്കിലും വരുംതലമുറക്കായി കാത്തുസുക്ഷിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിന് നിരവധി ചരിത്ര സ്മാരകങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഡിലനോയി സ്മാരകം, ഉദയഗിരി കോട്ട, വട്ടക്കോട്ട, പത്മനാഭപുരം കൊട്ടാരം, ഇരണിയല്‍ കൊട്ടാരം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഇതില്‍ പത്മനാഭപുരം കൊട്ടാരത്തിന്റെ അധികാരം കേരള പുരാവസ്തുവകുപ്പ് നിലനിര്‍ത്തിയതു പോലെ ഇരണിയല്‍ കൊട്ടാരവും കേരള പുരാവസ്തുവകുപ്പ് തിരിച്ചു പിടിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏതാണ്ട് 500 വര്‍ഷം മുമ്പാണ് ഇരണിയല്‍ കൊട്ടാരത്തിന്റെ നിര്‍മാണമെന്ന് വിശ്വസിച്ച് പോരുന്നു. 1601ല്‍ പത്മനാഭപുരം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ ഇരണിയല്‍ കൊട്ടാരമായിരുന്നു വേണാടിന്റെ ഭരണ തലസ്ഥാനം. 1629ല്‍ രവിവര്‍മ കുലശേഖര രാജാവാണ് ഇവിടെനിന്ന് പത്മനാഭപുരത്തേക്ക് തലസ്ഥാനം മാറ്റിയത്.
പേടിപ്പെടുത്തുന്ന പൊന്തക്കാടുകള്‍ക്ക് നടുവിലെ തകര്‍ന്നൊരു നാലുകെട്ടാണ് ഇന്ന് ഇരണിയല്‍ കൊട്ടാരം. പൊളിഞ്ഞു വീണെങ്കിലും പോയകാലത്തിന്റെ പ്രൗഢിയുടെ ശവക്കല്ലറയായി അകത്തളത്തിന്റെയും വസന്തമണ്ഡപത്തിന്റെയുമെല്ലാം അവശിഷ്ടങ്ങള്‍ ഇന്നും കാണാം. തേക്ക് തടിയില്‍ തീര്‍ത്ത മച്ചുകള്‍ ചിതലരിച്ചും ദ്രവിച്ചും ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. ഒഴിഞ്ഞ മദ്യ ബോട്ടിലുകളും പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കളുടെ പാക്കറ്റുകളും ഇവിടെ കാണാം.
വസന്തമാളികയുടെ മധ്യ ഭാഗത്തായാണ് ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കട്ടിലുള്ളത്. വലിയ കരിങ്കല്‍ പാളിയിലാണ് ഇത് കൊത്തിയെടുത്തത്. തറയിലുറപ്പിച്ച ഈ കട്ടില്‍ ഇളക്കിയെടുത്ത് കൊണ്ട് പോകാന്‍ കഴിയാനാവാത്തതിനാലാണ് ഇപ്പോഴും ഇവിടെ അനാഥമായി കിടക്കുന്നത്. തേക്ക് തടിയില്‍ തീര്‍ത്ത കൊട്ടാരത്തിലെ പല മര ഉരുപ്പടികളും സമീപ വാസികളില്‍ ചിലര്‍ വീട്ടാവശ്യത്തിനായി ഉപയോഗിച്ചു. അനാഥമായി കിടക്കുന്ന മര ഉരുപ്പടികള്‍ ഇപ്പോഴും രാത്രികാലങ്ങളില്‍ മോഷ്ടിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
നേരത്തെ കന്യാകുമാരി സിവില്‍ സപ്ലൈസ് ഗോഡൗണായിരുന്നു ഈ കൊട്ടാരം. പിന്നിട് ഇത് കന്യാകുമാരി ദേവസ്വം ബോര്‍ഡിന്റെ കീഴിലായി. അതോടെയാണ് പതനത്തിന്റെ നാളുകള്‍ എണ്ണിത്തുടങ്ങിയത്.
വെറുമൊരു കൊട്ടാരമല്ല ഒരു നാടിന്റെ ചരിത്രമാണ് ചിതലരിച്ചു കൊണ്ടിരിക്കുന്നത്. ഇരണിയല്‍ കൊട്ടാരം ഇനി എത്രനാള്‍ എന്ന ചോദ്യമുയരുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് തമിഴ്‌നാട് സര്‍ക്കാര്‍ അനുവര്‍ത്തിച്ച് വരുന്ന അവഗണനാ മനോഭാവമാണ് കൊട്ടാരം നമ്മോട് പറയുന്നത്. ബന്ധപ്പെട്ടവര്‍ ഈ ചരിത്രസ്മാരകം സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചരിത്ര പ്രസിദ്ധമായ ഇരണിയല്‍ കൊട്ടാരം കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും.

 

LIVE NEWS - ONLINE

 • 1
  1 hour ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 2
  1 hour ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 3
  1 hour ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 4
  1 hour ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 5
  2 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 6
  3 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 7
  3 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

 • 8
  4 hours ago

  കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

 • 9
  4 hours ago

  ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം