പെരിന്തല്‍മണ്ണ: ആന വിരണ്ടോടി പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം നഗരങ്ങളെ പരിഭ്രാന്തിയിലാക്കി. അഞ്ചുകിലോമീറ്ററോളം നഗരഭാഗങ്ങളിലൂടെ കുറുമ്പ് കാട്ടി ഓടിയ ആന നിറുത്തിയിട്ട പത്തോളം വാഹനങ്ങള്‍ മറിച്ചിടുകയും അഞ്ച് വീടുകളുടെ ഗെയ്റ്റും മതിലും തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ആളുകളെ ആന ഉപദ്രവിച്ചില്ല. പെരിന്തല്‍മണ്ണ കാവുങ്ങല്‍പറമ്പ് എസ്.കെ ലൈനിലെ പ്രമുഖ വ്യവസായി പി.ജി. മോഹനന്റെ ഉടമസ്ഥതയിലുള്ള പെരിങ്ങത്തറ രാജന് എന്ന ആനയാണ് ജനങ്ങളെ ഒന്നരമണിക്കൂറോളം വിറപ്പിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഒന്നാം പാപ്പാന് കെ. രാജീവ് ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. … Continue reading "രാജന്റെ കുറുമ്പ്: അങ്ങാടിപ്പുറം വിറച്ചു"
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഒന്നാം പാപ്പാന് കെ. രാജീവ് ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. വാഹനങ്ങളോടും വീടിന്റെ മതിലുകളോടുമായിരുന്നു കൊമ്പന്റെ പരാക്രമം. ജൂബിലി റോഡിലുള്ള രാജുവിന്റെ വീടിന്റെ ഗെയ്റ്റ് ഇളക്കി തേക്കിന്‍കോട് വഴി ഓടി പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയം വഴി മരിങ്ങത്ത് വാലിയിലെത്തി. അവിടെനിന്ന് റെയില്‍വേ ലൈന്‍ മുറിച്ചുകടന്ന് ചെങ്ങരയിലും. പാണ്ടത്ത് ഗോവിന്ദനിവാസില്‍ ഇന്ദിരയുടെ വീടിന്റെ ഗെയിറ്റും മതിലും വീട്ടില്‍ നിറുത്തിയിട്ടി കാറും കേടുവരുത്തിയതിനു ശേഷം കുന്നിന്‍പുറം കമലാനഗര്‍ വഴി മാണിക്യപുരം അയ്യപ്പന്കാവിലെത്തി. അവിടെനിന്നും പരിയാപുരം റോഡിലിറങ്ങി ചിത്രാലയാ റോഡിലൂടെ ദേശീയപാതയിലുമെത്തി. ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സിലെ യൂണിയന് ബാങ്ക് എ. ടി. എമ്മില്‍ നിന്നും കാശെടുക്കാന്‍ കയറിയ മുജീബിന്റെ ബൈക്കും തൊട്ടപ്പുറത്ത് നിറുത്തിയിട്ട മാരുതി കാറും തകര്‍ത്തു.
വിവരമറിഞ്ഞെത്തിയ ആനയുടമ മോഹനനെ കണ്ടതോടെ രാജന് കുറുമ്പ് ഉപേക്ഷിച്ചു. ഉടമ വച്ചുനീട്ടിയ പഴക്കുല ശാന്തനായി സ്വീകരിച്ചു. കല്യാണി കല്യാണമണ്ഡപത്തിന്റെ വളപ്പിലേക്ക് ആനയെ മാറ്റി. വെള്ളമൊഴിച്ച് ശാന്തനാക്കി 12 മണിയോടെ തളച്ചു. ആയിരങ്ങളാണ് വിവരമറിഞ്ഞ് ഓടിക്കൂടിയത്.
പെരിന്തല്‍മണ്ണ എസ്.ഐ ഗിരീഷ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും കരുവാരക്കുണ്ടില്‍ നിന്നും ഫോറസ്റ്റ് വിഭാഗം, നിലമ്പൂരില്‍ നിന്നും ആര് ആര് ടീം എന്നിവരും സ്ഥലത്തെത്തി. നാളിതുവരെ ആന കുറുമ്പ് കാണിച്ചിട്ടില്ലെന്നും സുഖചികിത്സയ്ക്കിടെ പാപ്പാനോടുള്ള പിണക്കമാണ് കുറുമ്പിന് കാരണമെന്നും ഉടമസ്ഥന് പറഞ്ഞു.