കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Published:January 11, 2017

Wild Elephant FUll Image

 

 

 

കണ്ണൂര്‍: കാട്ടാനയെ തുരത്തുന്നതിനിടയില്‍ 45 കാരന്‍ ആനയുടെ അക്രമത്തില്‍ മരിച്ചു. അര്‍ദ്ധരാത്രി 12.45 ഓടെയാണ് കേളകം നരിക്കടവില്‍ അഞ്ചാണിക്കല്‍ ജോസഫിന്റെ മകന്‍ ബിജു(45) മരിച്ചത്. കേളകം ടൗണിലെ പലചരക്ക് കടയിലെ ജോലിക്കാരനാണ് ബിജു. അര്‍ദ്ധരാത്രി ഈ പ്രദേശത്ത് കാട്ടാന ഇറങ്ങി ഭീകരത സൃഷ്ടിച്ചതിനെ തുടര്‍ന്ന് മൂവര്‍സംഘം പടക്കം പൊട്ടിച്ച് ആനയെ തുരത്താനുള്ള ശ്രമം നടത്തുകയായിരുന്നു. അതിനിടയിലാകണം ബിജു ആനയുടെ അക്രമത്തില്‍ മരിച്ചത്.
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ആറളം ഫാമില്‍ നിന്നാണ് ആന ഈ മേഖലയിലേക്ക് ഇറങ്ങുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. ജനവാസകേന്ദ്രമാണ് നരിക്കടവ്. ബിജുവിനെ ഉടന്‍തന്നെ കേളകം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനമതില്‍ നിര്‍മ്മാണത്തില്‍ ചില സ്ഥലത്ത് തര്‍ക്കമുള്ളതിനാല്‍ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല. ഇതുവഴിയാണ് കാട്ടാന ജനവാസകേന്ദ്രത്തിലേക്ക് കടന്നതെന്ന് സംശയിക്കുന്നു. കാട്ടാനയെ തുരത്തുന്നതിനിടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ബിജു മരിച്ചത്. കാട്ടാന ശല്യം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേളകത്തും കണിച്ചാറിലും ഇന്ന് ജനകീയ ഹര്‍ത്താല്‍ നടന്നുവരികയാണ്. ബിജുവിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കേളകം ടൗണില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ചെട്ട്യാംപറമ്പ് ബാപ്സ്റ്റിക് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യും. ഭാര്യ: റജിമോള്‍. രണ്ട് മക്കളുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.