Wednesday, November 21st, 2018

ഇത്തരത്തില്‍ പോയാല്‍ പൊതുവിദ്യാഭ്യാസം കുളംതോണ്ടും

        വിദ്യാലയങ്ങള്‍ തുറന്ന് ഓണപ്പരീക്ഷയടുക്കാറായിട്ടും അധ്യാപക സഹായിയും പാഠപുസ്തകങ്ങളും ഇനിയും ലഭ്യമാക്കാത്തതിന് ഒട്ടും നീതികരണമില്ല. ഇതിന് ചില തൊടുന്യായങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നിരത്തുന്നത്. കുട്ടികളുടെ ഭാവിയെ അങ്ങേയറ്റം ബാധിക്കുന്ന പ്രശ്‌നത്തെ ലഘൂകരിച്ച് കാണാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈയൊരു വിഷയത്തെ ബന്ധപ്പെട്ട മന്ത്രിയും ഗൗരവത്തിലെടുക്കുന്നില്ല. പുതുക്കാത്ത പല പാഠപുസ്തകങ്ങളുടെയും കോപ്പി സ്റ്റോക്കില്ലെന്ന വാദമാണ് ഇപ്പോള്‍ നിരത്തുന്നത്. എന്നുമാത്രവുമല്ല ആവശ്യത്തിന് കോപ്പികള്‍ ഇനി പ്രിന്റ് ചെയ്യേണ്ടെന്നുമാണ് തീരുമാനമെന്നറിയുന്നു. കോപ്പികള്‍ … Continue reading "ഇത്തരത്തില്‍ പോയാല്‍ പൊതുവിദ്യാഭ്യാസം കുളംതോണ്ടും"

Published On:Jul 23, 2014 | 1:43 pm

Education  Editorial Full

 

 

 

 
വിദ്യാലയങ്ങള്‍ തുറന്ന് ഓണപ്പരീക്ഷയടുക്കാറായിട്ടും അധ്യാപക സഹായിയും പാഠപുസ്തകങ്ങളും ഇനിയും ലഭ്യമാക്കാത്തതിന് ഒട്ടും നീതികരണമില്ല. ഇതിന് ചില തൊടുന്യായങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നിരത്തുന്നത്. കുട്ടികളുടെ ഭാവിയെ അങ്ങേയറ്റം ബാധിക്കുന്ന പ്രശ്‌നത്തെ ലഘൂകരിച്ച് കാണാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗത്ത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈയൊരു വിഷയത്തെ ബന്ധപ്പെട്ട മന്ത്രിയും ഗൗരവത്തിലെടുക്കുന്നില്ല. പുതുക്കാത്ത പല പാഠപുസ്തകങ്ങളുടെയും കോപ്പി സ്റ്റോക്കില്ലെന്ന വാദമാണ് ഇപ്പോള്‍ നിരത്തുന്നത്. എന്നുമാത്രവുമല്ല ആവശ്യത്തിന് കോപ്പികള്‍ ഇനി പ്രിന്റ് ചെയ്യേണ്ടെന്നുമാണ് തീരുമാനമെന്നറിയുന്നു. കോപ്പികള്‍ തീര്‍ന്നാല്‍ ആവശ്യത്തിന് പുസ്തകങ്ങള്‍ വീണ്ടും അച്ചടിച്ച് അതത് സ്‌കൂളുകളില്‍ എത്തിക്കേണ്ട കടമ വിസ്മരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ തല പാഠപുസ്തകങ്ങളുടെ വിതരണം പാളിയതുപോലെ തന്നെ ഹയര്‍ സെക്കന്ററി പുസ്തകങ്ങളുടെ വിതരണവും കുത്തഴിഞ്ഞ നിലയില്‍ തന്നെയാണ്. അധ്യാപക സഹായിയുടെ കാര്യവും ഏറെ പരിതാപകരമാണ്. അധ്യയന വര്‍ഷാരംഭം തന്നെ അധ്യാപക സഹായി പ്രന്റ് ചെയ്ത് അധ്യാപകര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. അധ്യാപനത്തിന് ഏറെ പ്രയോജനകരമാണ് അധ്യാപകസഹായി. എന്നാല്‍ അധ്യയന വര്‍ഷമാരംഭിച്ച് മൂന്നാമത്തെ മാസത്തിലേക്ക് കടക്കാറായിട്ടും അധ്യാപകസഹായി എത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് ഇന്നേ വരെ സാധിച്ചില്ല. ചുരുക്കത്തില്‍ പഠിപ്പിക്കാനാവശ്യമായ അധ്യാപകസഹായിയും പഠിക്കാനാവശ്യമായ പാഠപുസ്തകങ്ങളുമില്ലെന്നതാണ് പൊതുവിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് പാഠപുസ്തകങ്ങള്‍. ഇത് യഥാസമയം എത്തിച്ചുകൊടുക്കാന്‍ ബാധ്യതപ്പെട്ട ബന്ധപ്പെട്ട വകുപ്പ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രിന്റിംഗ് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമായിരുന്നു. മാറുന്ന പുസ്തകങ്ങളെക്കുറിച്ച് ധാരണയായില്ലെങ്കില്‍ അതിന്റെ പ്രിന്റിംഗ് മാറ്റിവെച്ച് മറ്റ് പുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. ഇഷ്ടംപോലെ സമയവും അതിന് ലഭിച്ചിരുന്നു. എന്നിട്ടും യാതൊരു ഗൗരവവും പുലര്‍ത്താതെ അഴകൊമ്പന്‍ സമീപനം സ്വീകരിച്ചതാണ് പൊതുവിദ്യാഭ്യാസരംഗത്ത് ഗുരുതരമായ അക്കാദമിക് വിഷയങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായത്.
പാഠപുസ്തക വിതരണം എങ്ങുമെത്താത്തത് പരീക്ഷയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. പാഠപുസ്തകങ്ങള്‍ വൈകിയെത്തിയാല്‍ അത് പൂര്‍ണ്ണമായും പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയും സംജാതമാകും. ഏതെങ്കിലും ഒരു പാഠപുസ്തകം മാത്രമല്ല നിരവധി പാഠപുസ്തകങ്ങള്‍ ഇത്തരത്തിലുണ്ടാകും. ഇവ വൈകി ലഭിക്കുമ്പോള്‍ യഥാസമയം പഠിച്ചുതീര്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും അത് വിദ്യാര്‍ത്ഥികളെ പ്രതികൂലമായും ബാധിക്കും. പൊതുവെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്തതാണ് വിദ്യാഭ്യാസ വകുപ്പ്. വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പ്പര്യവും. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. വിവാദങ്ങളില്‍ തട്ടി കാലം കഴിക്കുകയാണ് ചെയ്യുന്നത്. തൊട്ടതിനും തൊടുന്നതിനുമെല്ലാം വിവാദങ്ങളുണ്ടാക്കി കാലം കഴിക്കുന്നവര്‍ ഇതിന് കാണിക്കുന്ന വ്യഗ്രതയും ആവേശവും പാഠപുസ്തകങ്ങളുടെ കാര്യത്തില്‍ കാട്ടിയിരുന്നെങ്കില്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല എന്നേ രക്ഷപ്പെട്ടേനെ.
പാഠപുസ്തകങ്ങളും അധ്യാപക സഹായിയും വൈകുന്നത് വിദ്യാര്‍ത്ഥികളില്‍ മുരടിപ്പിന് മാത്രമേ സഹായകരമാവുകയുള്ളു. ഇത് രണ്ടുമില്ലാത്തതു കൊണ്ടുതന്നെ സമയം പാഴാവുകയാണ്. പഠിപ്പിക്കാന്‍ സഹായി ഇല്ലാത്തതും പഠിക്കാന്‍ പുസ്തകങ്ങളിലില്ലാത്തതും സമയം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരെ ഭരണ കക്ഷിയില്‍പ്പെട്ടവര്‍ തന്നെയാണ് ആരോപണങ്ങളുമായി രംഗത്തുവരുന്നത്. ഈജിയന്‍ തൊഴുത്തെന്നു വരെ ഇതിനെ ഭരണ കക്ഷിക്കകത്തുള്ളവര്‍ വിശേഷിപ്പിച്ചുകഴിഞ്ഞു. പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ചേരിതിരിഞ്ഞ് പരസ്പരം വാക്‌പോരില്‍ ഏര്‍പ്പെടുന്നവര്‍ ഭരണ കക്ഷിയില്‍ തന്നെ പെട്ടവരാണെന്നത് അങ്ങേയറ്റം ലജ്ജിപ്പിക്കുകയാണ്. വിവാദങ്ങള്‍ കൊഴുപ്പിക്കാനും താന്താങ്ങളുടെ നിലപാടുകള്‍ സ്ഥാപിച്ചെടുക്കാനും സമയം കണ്ടെത്തുന്നവര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന അതീവ ഗൗരവമേറിയ വിഷയത്തെ തികഞ്ഞ ലാഘവത്തോടെയാണ് കാണുന്നത്. നാളെയുടെ വാഗ്ദാനങ്ങളായി വളര്‍ന്നുവരേണ്ടവരാണ് വിദ്യാര്‍ത്ഥികള്‍. പഠനം അവരുടെ തപസ്യമാണ്. അതിന് മുതല്‍ക്കൂട്ടാകുംവിധം യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നൊളിച്ചോടുകയോ പിന്തിരിയുകയോ ചെയ്യുന്നത് ഒട്ടും ഭൂഷണമല്ല. ഇതു തന്നെയാണ് അധ്യാപക സഹായിയുടെ കാര്യത്തിലും. ഇതു രണ്ടും കാലവിളംബം കൂടാതെ എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പൊതു വിദ്യാഭ്യാസം കുളംതോണ്ടുക തന്നെചെയ്യും.

LIVE NEWS - ONLINE

  • 1
    3 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 2
    28 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    28 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 4
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 5
    14 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 6
    15 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 7
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 8
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 9
    21 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം