ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു

Published:December 15, 2016

currency-issue-dharna-milk-farmers-full

 

 
കണ്ണൂര്‍: കറന്‍സി നിരോധനം മൂലം ദുരിതത്തിലായ മലയോരത്തെ ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധസമരം നടത്തി. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ ബ്ലോക്കിലുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ പേരാവൂര്‍ പോസ്‌റ്റോഫീസിനു മുന്നില്‍ പശുവും പാല്‍ പാത്രങ്ങളും സഹിതമെത്തി പ്രതിഷേധിച്ചത്. കറന്‍സി നിയന്ത്രണത്തിനെതിരെ സംസ്ഥാനത്ത് നടന്ന കര്‍ഷകരുടെ പ്രഥമ സമരമാണ് പേരാവൂരിലേത്. പേരാവൂര്‍ ബ്ലോക്ക് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും ആയിരങ്ങള്‍ അണിനിരന്നു. പോസ്‌റ്റോഫീസിനു മുന്നില്‍ പേരാവൂര്‍ എസ്.ഐ.പി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് മാര്‍ച്ച് തടഞ്ഞു. സമരസമിതി കണ്‍വീനര്‍ കെ.ശശീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. പോസ്‌റ്റോഫീസിനു സമീപം ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ നിലയുറപ്പിച്ച ക്ഷീരകര്‍ഷകര്‍ പാത്രങ്ങളില്‍ കൊണ്ടുവന്ന നിരവധി ലിറ്റര്‍ പാല്‍ റോഡിലേക്കൊഴിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. ‘ഗോമാതാവിന് തീറ്റ നല്കാന്‍ പണം നല്കൂ സര്‍ക്കാരെ’,ക്ഷീര കര്‍ഷകരുടെ ജീവന്‍ രക്ഷിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ എത്തിയത്. പേരാവൂര്‍ ബ്ലോക്കില്‍ 25 ക്ഷീരസംഘങ്ങളിലായി പതിനായിരത്തിലധികം കര്‍ഷകരുണ്ട്.ഒരു മാസം ഇത്രയും ക്ഷീരസംഘങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് പരമാവധി പിന്‍വലിക്കാന്‍ കഴിയുന്നത് 18 ലക്ഷം മാത്രമാണ്. എന്നാല്‍,പതിനായിരം കര്‍ഷകര്‍ക്ക് ഒരു മാസം നല്കാന്‍ രണ്ട് കോടിയോളം വേണം.കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നിയന്ത്രണം കാരണം പണം നല്കാന്‍ കഴിയാത്തതാണ് ക്ഷീരകര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായത്. മലയോരത്തെ ഭൂരിഭാഗം ക്ഷീരകര്‍ഷകരും പണം കിട്ടാത്തതിനാല്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ക്ഷീരസംഘങ്ങളുടെ ഭാരവാഹികള്‍ പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.