നോട്ടുക്ഷാമം; ബാങ്കുകള്‍ പൂട്ടുന്നു

Published:November 30, 2016

new-indian-currency-2000-full

 

 

 

കോഴിക്കോട്: നിക്ഷേപം പിന്‍വലിക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കാന്‍ നോട്ട് ഇല്ലാതായതോടെ സംസ്ഥാനത്ത് വിവിധ ബാങ്കുകളില്‍ സംഘര്‍ഷാവസ്ഥ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി ബാങ്കുകള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടി. പല ബാങ്ക് ശാഖകള്‍ക്ക് മുന്നിലും വലിയ ആള്‍ക്കൂട്ടവും പ്രതിഷേധവും തുടരുന്നു. ബാങ്ക് ജീവനക്കാര്‍ ഭീതിയിലാണ്.
നോട്ടുക്ഷാമം കാരണം പണം നല്‍കാനാവുന്നില്ലെന്നാണ് ബാങ്കുകളുടെ വിശദീകരണം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കുള്‍പ്പെടെ പണം പിന്‍വലിക്കാനെത്തുന്നവര്‍ ക്ഷുഭിതരാവുന്നതും സംഘടിച്ച് ബാങ്കുകള്‍ ഉപരോധിക്കുന്നതും ജീവനക്കാരെ പൂട്ടിയിടുന്നതും നിത്യസംഭവമാവുന്നു.
കോഴിക്കോട് തൊട്ടില്‍പ്പാലം, പയ്യോളി കനറാ ബാങ്കുകള്‍ നിക്ഷേപകരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തില്‍ അടച്ചിട്ടിരിക്കുകയാണ്. തൊട്ടില്‍പ്പാലത്ത് നാട്ടുകാര്‍ ബാങ്ക് മാനേജറെ തടഞ്ഞുവെച്ചു. പയ്യോളി ശാഖ തുറക്കാന്‍ അനുവദിച്ചിട്ടില്ല. പ്രദേശത്തെ എടിഎമ്മുകളിലും പണമില്ലാതായതോടെ ജനം രോഷാകുലരാണ്. പോലീസും ജനപ്രതിനിധികളും രംഗത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ബാങ്കുകളില്‍ എപ്പോള്‍ പണം എത്തുമെന്നോ നിക്ഷേപകര്‍ക്ക് പണം എപ്പോള്‍ നല്‍കാന്‍ കഴിയുമെന്നോ വ്യക്തതയില്ല എന്നാണ് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്. വൈകിട്ടോടെ പണം ലഭ്യമായേക്കും എന്നും എന്നാല്‍ ഇതില്‍ ഉറപ്പില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്. മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി, കുന്നുംപുറം തുടങ്ങി വിവിധ കനറാബാങ്ക് ശാഖകള്‍ നോട്ട് ക്ഷാമത്തെ തുടര്‍ന്ന് പൂട്ടി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.