Wednesday, January 23rd, 2019

ഭര്‍ത്താവിന്റെ വിയോഗമറിയാതെ ഭാര്യയും കുട്ടികളും; പാതിരാ കൊലപാതകത്തില്‍ നാട് നടുങ്ങി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇടക്കിടെ അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ ആശങ്കയിലാണ് പോലീസും നാട്ടുകാരും.

Published On:May 21, 2018 | 10:56 am

കണ്ണൂര്‍: ക്രൈം ത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയില്‍ അര്‍ദ്ധരാത്രി നാട്ടിന്‍പുറത്ത് അരങ്ങേറിയ അതിക്രൂരമായ കൊലപാതകത്തെ തുടര്‍ന്നുണ്ടായ നടുക്കത്തില്‍ നിന്ന് പ്രദേശവാസികള്‍ ഇനിയും മോചിതരായില്ല.
വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കീരിയാട്ടാണ് ശനിയാഴ്ച അര്‍ദ്ധരാത്രി ഒഡീഷ സ്വദേശി പ്രഭാകര്‍ദാസ്(39) വെട്ടും കുത്തുമേറ്റ് മരിച്ചത്. സംഭവസമയം ജില്ലയില്‍ പലയിടത്തും ഇടിമിന്നലോടുകൂടി കനത്ത മഴയുണ്ടായിരുന്നു. ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മരങ്ങളും മറ്റും വീണ് വൈദ്യുതിബന്ധം നിലച്ചു. ഇതിന്റെ മറവിലാണ് അഞ്ചംഗസംഘം കീരീയാട്ടെ ബുഷറ പ്ലൈവുഡ്‌സ് കമ്പനിക്കടുത്ത് പ്രഭാകര്‍ ദാസ് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. അസമയത്ത് വാതിലില്‍ മുട്ടി പ്രഭാകര്‍ ദാസ് ഭായ് എന്ന് വിളിച്ചു. ആദ്യം വാതില്‍ തുറന്നില്ല. പിന്നീട് വിളി ആവര്‍ത്തിച്ചപ്പോള്‍ പരിചയക്കാര്‍ ആരെങ്കിലും ആവാമെന്ന് കരുതി പ്രഭാകര്‍ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ വാതില്‍ തറുന്നു. മുഖംമൂടിയണിഞ്ഞ് കത്തി കാട്ടിയ സംഘം ലക്ഷ്മിയുടെ കഴുത്തിന് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി. ഈ സമയം ഇവരുടെ മക്കളും പ്രഭാകറും ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. അക്രമികളില്‍ ചിലര്‍ നേരെ പ്രഭാകറിന്റെ കിടപ്പറയില്‍ എത്തി പിടിച്ചുവലിച്ച് കസേരയില്‍ ബന്ധിച്ചു. കയര്‍ കൊണ്ട് കയ്യും കാലും കെട്ടി ഇതിനിടയില്‍ ലക്ഷ്മിയുടെയും മക്കളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചുപറിച്ചു. ലക്ഷ്മിയുടെയും പ്രഭാകറിന്റെയും വായില്‍ തുണിതിരുകിയതിനാല്‍ നിലവിളി ശബ്ദം പുറത്ത് കേട്ടില്ല. കൂടാതെ വെളിയില്‍ കനത്ത മഴയും ഉണ്ടായിരുന്നു.
ഇതിനിടയില്‍ സംഘത്തിലെ ഒരുവന്‍ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രഭാകറിന്റെ വയറ്റിലും നെഞ്ചിലും മൂന്നുതവണ കുത്തി. കുടല്‍മാല പുറത്ത് ചാടി. നിലവിളിക്കാനാവാതെ പ്രഭാകര്‍ ദാസ് നിലത്തുവീണ് പിടഞ്ഞു. ഇതെല്ലാം അര്‍ദ്ധബോധത്തോടെ കണ്ടുനില്‍ക്കാനെ ഭാര്യക്ക് സാധിച്ചുള്ളൂ. കൃത്യം നിര്‍വ്വഹിച്ച സംഘം പണവും സ്വര്‍ണ്ണവും കൈക്കലാക്കി ഉടന്‍ തന്നെ സ്ഥലംവിട്ടു. ബോധം വീണ്ടെടുത്ത ലക്ഷ്മിപ്രിയ ഉടനെ മക്കളെ എഴുന്നേല്‍പ്പിച്ച് നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. അവര്‍ അയല്‍വാസികളെ വിളിച്ചുവരുത്തി നേരെ പ്രഭാകറിന്റെ വീട്ടിലേക്ക് പോയി. ഇവരാണ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന പ്രഭാകറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും ജീവന്‍ വിട്ടകന്നിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ലക്ഷ്മിയെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ഇന്ന് രാവിലെവരെ ലക്ഷ്മിയും മക്കളായ രസ്മിതയും സായ്‌റാം ദാസും അറിഞ്ഞിട്ടില്ല.
പ്രിയതമനെ അന്വേഷിക്കുന്ന ലക്ഷ്മിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒപ്പമുള്ള ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും കഴിയുന്നില്ല. മക്കള്‍ രണ്ടുപേരും കണ്ണീരോടെ അച്ഛന്‍ എവിടെപ്പോയെന്ന് തിരയുകയാണ്. പോലീസ് ലക്ഷ്മിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 11 കാരിയായ രസ്മിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കീരിയാട് കൊണ്ടുവന്നപ്പോള്‍ ഒരു നാട് മുഴുവന്‍ തടിച്ചുകൂടി. ഏവര്‍ക്കും സുപരിചിതനായ പ്രഭാകര്‍ ദാസിനെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതുമാത്രമേ പറയാനുള്ളൂ. പ്രഭാകറും കുടുംബവും 22 വര്‍ഷമായി കീരിയാട്ട് താമസമാക്കിയിട്ട്. പ്ലൈവുഡ് ഫാക്ടറികള്‍ നിരവധിയുള്ള കീരിയാട്ടും വളപട്ടണത്തും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ഏജന്റാണ് പ്രഭാകര്‍. ഇവരുടെ ക്വാര്‍ട്ടേഴ്‌സിനടുത്ത് സഹോദരന്‍ സ്റ്റേഷനറി കട നടത്തുന്നുണ്ട്. ഇതുവരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മില്‍ ഒരു തര്‍ക്കംപോലും ഉണ്ടായിട്ടില്ല. പ്രഭാകറിന്റെ പണം തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കൊലപാതകമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രഭാകറിനെയും കുടുംബത്തെയും അടുത്തറിയാവുന്ന ആരെങ്കിലുമായിരിക്കും ഇതിന് പിന്നിലെന്നാണ് സംശയം. കേസന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമായി ഇവരുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ എ എസ് പി അരവിന്ദ് കുമാറും സി ഐ എം കൃഷ്ണനും സംഘവും ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞ ശേഷം ഇവരില്‍ ചിലരുടെ അറസ്റ്റ് നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സൈബര്‍ സെല്‍ പരിശോധനയും നടക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നേരത്തെയും വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളിലെല്ലാം സഹപ്രവര്‍ത്തകരായ മറുനാടന്‍ തൊഴിലാളികളായിരുന്നു പ്രതികള്‍.
എന്നാല്‍ പ്രഭാകര്‍ വധക്കേസ് പോലീസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും കീരിയാട്ടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇടക്കിടെ അരങ്ങേറുന്ന അക്രമ സംഭവങ്ങളില്‍ ആശങ്കയിലാണ് പോലീസും നാട്ടുകാരും. സാധാരണ ഇത്തരം കൊലപാതകങ്ങളെല്ലാം അരങ്ങേറുന്നത് പുലര്‍ച്ചെയാണെന്നാണ് സമീപകാലങ്ങളില്‍ അരങ്ങേറിയ കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രഭാകര്‍ ദാസിന്റെ കൊലപാതകം അര്‍ദ്ധരാത്രി തന്നെ നടന്നത് മുന്‍ വൈരാഗ്യമോ മോഷണശ്രമത്തിലെ കൊലപാതകമോ ആണെന്ന നിലപാടിലാണ് പോലീസ്.

 

LIVE NEWS - ONLINE

  • 1
    27 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം