കുട്ടികളിലെ കഫക്കെട്ട് നിസാരമാക്കരുത്

Published:December 21, 2016

cold-and-cough-in-children-full

 

 

 

 
കുട്ടികളില്‍ കണ്ടുവരുന്ന കഫക്കെട്ട് നിസാരമാക്കരുത്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നിസ്സാരമായി കാണാവുന്ന ഈ പ്രശ്‌നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.
തൊണ്ടയിലോ മൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്റെ സാന്നിധ്യം പോലും കുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. സാധാരണയായി മരുന്ന് ഉപയോഗിച്ചുളള ചികില്‍സക്ക് പകരം കുറച്ചുകൂടി ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്ന അവസ്ഥയാണിത്. അതേസമയം, കഫക്കെട്ടിന്റെ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.
രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും അലര്‍ജിമൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്റെ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്റെ ചെറുത്തുനില്‍പിന്റെ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്. രോഗിക്ക് വിശ്രമത്തിന് പുറമെ ചികില്‍സയും ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.
അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്റെയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം.
മുലപ്പാലിനു പുറമെ മറ്റ് പാലുകള്‍ നല്‍കുന്നതാണ് കുട്ടികളില്‍ കഫത്തിന് കാരണമായി തീരുന്നത് എന്നൊരു അഭിപ്രായം ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകളില്ല. അതേസമയം, ചില കുട്ടികളില്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പാല്‍ നല്‍കേണ്ടതില്ല. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ് പാല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്‍കാവൂ.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കേണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്.
കഴിയുന്നതും ഇരുന്ന്് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്‍ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.