Thursday, July 18th, 2019

പ്രതിഛായ മങ്ങിയെങ്കിലും വിന്‍സന്റിനെ സംരക്ഷിച്ച് കോണ്‍ഗസ്

സഹോദരിയും വിന്‍സന്റിന്റെ കുടുംബാംഗങ്ങളും രംഗത്തുവന്ന സാഹചര്യത്തില്‍ കേസ് വേണ്ടത്ര ബലപ്പെടില്ലെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി

Published On:Jul 24, 2017 | 9:57 am

തിരു: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ എം.വിന്‍സന്റ് എംഎല്‍എയ്ക്ക് വേണ്ടി പ്രതിരോധ കവചം തീര്‍ത്ത് കോണ്‍ഗ്രസ് നിലയുറപ്പിക്കുന്നു. വിന്‍സന്റ് രാജിവയ്ക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നും ഉയരുമ്പോള്‍ ആരോപണം രാഷ്ട്രീയപ്രേരിതമായതിനാല്‍ കുറ്റംതെളിഞ്ഞാല്‍ മാത്രം മതി രാജിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം ആരോപണവും അറസ്റ്റും ഉണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നെല്ലാം വിന്‍സെന്റിനെ സസ്‌പെന്‍ഡ് ചെയ്തു കഴിഞ്ഞു. പരാതിക്കാരിക്കെതിരെ സഹോദരിയും വിന്‍സന്റിന്റെ കുടുംബാംഗങ്ങളും രംഗത്തുവന്ന സാഹചര്യത്തില്‍ കേസ് വേണ്ടത്ര ബലപ്പെടില്ലെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. ഇതിനിടയില്‍ പീഡന ആരോപണങ്ങളെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങളും പലഭാഗത്തും ശക്തിപ്പെട്ടിട്ടുണ്ട്.
ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് വിവാദം ഉയര്‍ന്നുവന്നത്. അവരുടെ ഭര്‍ത്താവാണ് ആദ്യം വിന്‍സന്റിനെതിരെ പരാതിയുമായി രംത്തെത്തിയത്. തുടര്‍ന്ന് വീട്ടമ്മയുടെയും വിന്‍സന്റിന്റെയും മൊഴി എടുത്ത ശേഷം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച എംഎല്‍എയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 14 ദിവസത്തെ റിമാന്‍ഡില്‍ വിന്‍സന്റ് ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. വിശദമായി ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ഇന്നു നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. ജില്ലാ കോടതി ജാമ്യാപേക്ഷ നിരസിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എംഎല്‍എയുടെ കുടുംബത്തിന്റെ തീരുമാനം.
എംഎല്‍എയുമായി ഏതാനും വര്‍ഷങ്ങളായി പരാതിക്കാരിയായ വീട്ടമ്മയ്ക്ക് അടുപ്പമുണ്ടെന്നാണ് പറയപ്പെടുന്നത്. കുറഞ്ഞകാലത്തിനിടയില്‍ 900 തവണ വിന്‍സന്റ് ഇവരെ ഫോണില്‍ വിളിച്ചതായാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ മിക്ക കോളുകളും 5 മിനിട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ളവയായിരുന്നത്രെ. എംഎല്‍എയുമായി വ്യക്തിപരമായ പല കാര്യങ്ങള്‍ക്കായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവര്‍ എംഎല്‍എയെ കിട്ടാതെ വന്നിരുന്ന അവസരങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചു സംസാരിച്ചിരുന്നതായും പറയുന്നുണ്ട്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്യുമെന്ന് അവര്‍ തന്നോടു പറഞ്ഞതായി വിന്‍സന്റിന്റെ ഭാര്യ ശുഭ പറഞ്ഞു. ഇക്കാര്യത്തില്‍ ഭാര്യയുടേയും കുടുംബാംഗങ്ങളുടേയും പൂര്‍ണ പിന്തുണ വിന്‍സന്റിനുണ്ട്. എംഎല്‍എയെ കുടുക്കാന്‍ വീട്ടമ്മ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഫോണ്‍വിളി കൂടാതെ താന്‍ നടത്തുന്ന സ്ഥാപനത്തിലെത്തി വിന്‍സന്റ് തന്നെ കയറിപ്പിടിച്ചുവെന്നും വീട്ടമ്മയുടെ മൊഴിയിലുണ്ട്. എംഎല്‍എ ചതിയനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം എംഎല്‍എയ്ക്കു മാത്രമായിരിക്കുമെന്നും വീട്ടമ്മ മറ്റൊരാളോട് ഫോണില്‍ പറയുന്നതിന്റെ ക്ലിപ്പിംഗ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
വിന്‍സന്റിനെതിരായ കേസും അറസ്റ്റും രാഷ്ട്രീയപ്രേരിതമാണെന്നും ഇതേക്കുറിച്ചുള്ള പരാതി സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ആരോപിക്കുന്നത്. ഇന്നലെ വൈകിട്ട് ഈ പരാതി ഡിജിപി അന്വേഷണ സംഘത്തിനു നടപടിക്കായി കൈമാറിയിട്ടുണ്ട്. അതിനിടെ, പരാതിക്കാരി മാനസിക സമ്മര്‍ദത്തിനു ചികില്‍സയിലായിരുന്നെന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി അവരുടെ സഹോദരിയും രംഗത്തെത്തുകയായിരുന്നു. ഇവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. എന്നാല്‍ പരാതിക്കാരിയുടെ സഹോദരന്‍ അവര്‍ക്കൊപ്പമാണ്. കേസിന്റെ ഗതി മാറ്റാന്‍ ശ്രമം നടക്കുന്നതായാണ് പരാതിക്കാരിയുടെ സഹോദരന്‍ പറയുന്നത്. വിന്‍സന്റിന്റെ ബന്ധുക്കള്‍ തങ്ങളുടെ ബന്ധുക്കളെ സ്വാധീനിക്കുന്നുണ്ട്. അവരില്‍ പലരും കോണ്‍ഗ്രസുകാരാണ്. പരാതിക്കാരിക്കെതിരെ അപവാദ പ്രചാരണവും നടക്കുന്നുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. സിപിഎം അനുഭാവിയായ സഹോദരന്റെ കൂടി പ്രേരണയാലാണ് വീട്ടമ്മ ഇത്തരമൊരു പരാതിക്ക് മുതിര്‍ന്നതെന്നാണ് സഹോദരിയും മറ്റുള്ളവരും ആരോപിക്കുന്നത്. മുമ്പും സമാനമായ പരാതികള്‍ വീട്ടമ്മ മറ്റു ചിലര്‍ക്കെതിരെ നല്‍കിയിട്ടുണ്ടെന്ന വിവരവും അന്വേഷണസംഘം രേഖപ്പെടുത്തി. എന്നാല്‍ കേസ് അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണെന്നു പരാതിക്കാരി പ്രതികരിച്ചു.
വിന്‍സന്റിനെതിരെ തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണ് ഉണ്ടായതെങ്കിലും കോണ്‍ഗ്രസിന്റെ ഉന്നത ജനാധിപത്യമൂല്യങ്ങള്‍ കണക്കിലെടുത്താണു കുറ്റവിമുക്തനാകുന്നതു വരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. വിന്‍സന്റ് എംഎല്‍എ സ്ഥാനത്തു തുടരുമെന്നും ഹസന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സബ് ജയിലില്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെ നേതാക്കള്‍ വിന്‍സിന്റിനെ സന്ദര്‍ശിച്ചു പാര്‍ട്ടിയുടെ പിന്തുണ വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന സമ്മര്‍ദം പാര്‍ട്ടിയിലുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിതലത്തിലുള്ള നടപടികളെങ്കിലും വേണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്നുള്‍പ്പെടെ വിന്‍സന്റിനെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയം പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചുവെന്ന അഭിപ്രായം നേതാക്കള്‍ക്കെല്ലാമുണ്ടുതാനും.

LIVE NEWS - ONLINE

 • 1
  12 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  14 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  16 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  17 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  18 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  19 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  20 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ