സംസ്ഥാനത്ത് ബസുകളുടെ നിറം ഏകീകരിക്കുന്നു

Published:December 17, 2016

Mananthavady Bus Stand Full

 

 

മലപ്പുറം: സ്വകാര്യ ബസുകള്‍ക്ക് കളര്‍കോട് നിര്‍ബന്ധമാക്കുന്നു. ഗതാഗതവകുപ്പ് ബസുടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് നിര്‍ണിത നിറങ്ങള്‍ നല്‍കി സംസ്ഥാനത്തെ മുഴുവന്‍ ബസുകളുടെയും നിറം ഏകീകരിക്കും. ഇതിനായി സംസ്ഥാന ഗതാഗത അതോറിറ്റി ബസ് ഓപറേറ്റര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് അഭിപ്രായം ആരായാനും തീരുമാനമായി. ഗതാഗത അതോറിറ്റിയുടെ അടുത്ത യോഗത്തില്‍ അഭിപ്രായങ്ങള്‍ സംയോജിപ്പിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നാണ് സൂചന.
നിലവില്‍ മൂന്ന് നഗരങ്ങളില്‍ സിറ്റി ബസുകള്‍ അതത് ആര്‍.ടി ഓഫിസ് നിര്‍ണയിച്ചു നല്‍കിയ നിറങ്ങളിലാണ് സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്ത് നീലയും കൊച്ചിയില്‍ ചുവപ്പും കോഴിക്കോട് പച്ചയും നിറങ്ങളാണ് സിറ്റി ബസുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, മറ്റു സ്വകാര്യ ബസുകള്‍ വൈവിധ്യമാര്‍ന്ന നിറങ്ങളിലാണ് റോഡിലിറങ്ങുന്നത്. ഇത് അനാരോഗ്യ പ്രവണതകളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നിറം ഏകീകരിക്കുന്നതിന് മുന്നോട്ട് വന്നത്.
ചില സ്വകാര്യ ബസുകളുടെ ബോഡിയിലും ഗ്‌ളാസുകളിലും സിനിമ താരങ്ങളുടെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ചില ബസുകളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നത് മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ തിരിക്കാനും അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഏകീകൃത നിറം കൊണ്ടുവരുന്നത്. പ്രകൃതിക്ക് അനുഗുണമായതും കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്നതുമായ നിറം നിര്‍ദേശിക്കാന്‍ ബസുടമകളോട് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. വാഹനങ്ങളില്‍ നല്ല നിറങ്ങള്‍ വേണമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 264ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.