Monday, February 19th, 2018

മഴയുത്സവത്തില്‍ ആരവമായി ചെളിക്കളത്തിലെ ഫുട്‌ബോള്‍

മഴയുത്സവം സീസണ്‍ രണ്ടിന്റെ ഉദ്ഘാടന മത്സരത്തിലാണ് സി കെ വിനീതും കിഷോര്‍കുമാറും കളത്തിലിറങ്ങിയത്.

Published On:Sep 7, 2017 | 3:26 pm

കണ്ണൂര്‍: വിളവെടുത്ത് ഒഴിഞ്ഞ നെല്‍പാടത്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ഫുട്‌ബോള്‍ മത്സരം അരങ്ങ് തകര്‍ക്കുകയാണ്. പാടത്തിന്റെ കരകളില്‍ തിങ്ങിക്കൂടിയിരിക്കുന്ന സ്ത്രീകളും കുട്ടികളും ആവേശപൂര്‍വ്വം ആര്‍ത്ത് വിളിക്കുന്നു. ഗോള്‍…. അല്‍പ്പസമയം കഴിഞ്ഞില്ല പിന്നെയും ആരവം മുഴങ്ങുന്നു. ഗോള്‍….. പാടവരമ്പത്തിരുന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആറ് തവണയാണ് ഗോളാരവം മുഴക്കിയത്.
ബൈസിക്കിള്‍ കിക്കും സിസര്‍കട്ടുമായി അരങ്ങ് തകര്‍ക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരവുമായ സി കെ വിനീത്. ഗോള്‍വലയം കാക്കുന്നത് ഇന്റര്‍നാഷണല്‍ വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കിഷോര്‍കുമാര്‍. പിന്നെ എങ്ങിനെ കാണികള്‍ ഇളകാതിരിക്കും.
ഇത് വേങ്ങാട് പഞ്ചായത്തിലെ ഊര്‍പ്പള്ളിയില്‍ നടക്കുന്ന മഴയുത്സവത്തിലെ ഒരു കാഴ്ച മാത്രമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നവതരംഗ് ഊര്‍പ്പള്ളിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴയുത്സവം സീസണ്‍ രണ്ടിന്റെ ഉദ്ഘാടന മത്സരത്തിലാണ് സി കെ വിനീതും കിഷോര്‍കുമാറും കളത്തിലിറങ്ങിയത്.
കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും കൂത്തുപറമ്പ് ജെ കെ ക്ലബ്ബും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. സി കെ വിനീത്, കിഷോര്‍കുമാര്‍, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി കെ സനോജ്, കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് മെമ്പറും എസ് എന്‍ കോളജ് കായികവിഭാഗം മേധാവിയുമായ ഡോ കെ അജയകുമാര്‍ തുടങ്ങിയവര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന് വേണ്ടിയാണ് കളിക്കാന്‍ ഇറങ്ങിയത്. സി കെ വിനീതിന്റെ നാല് ഗോളുകളടക്കം എതിരില്ലാത്ത 6 ഗോളിനാണ് ജെ കെ കൂത്തുപറമ്പിനെ പരാജയപ്പെടുത്തി കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് വിജയിച്ചത്. സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ട് പി ഷാഹിന്‍, സെക്രട്ടറി രജിത്ത് രാജരത്‌നം, ട്രഷറര്‍ രാജേഷ് കുമാരന്‍, കോച്ച് മുഹമ്മദ് അസാഹിത് തുടങ്ങിയവരും താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കളിക്കളത്തിലെത്തിയിരുന്നു. മഴയുത്സവത്തിന്റെ ഭാഗമായി ഫുട്‌ബോള്‍, വോളിബോള്‍, കമ്പവലി, ഓണത്തല്ല് തുടങ്ങിയവയും നടക്കും.
മഴയുത്സവം പി കെ ശ്രീമതി ടീച്ചര്‍ എം പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി ഷാഹിന്‍, കണ്ണൂര്‍ സിറ്റി സി ഐ കെ വി പ്രമോദ്, പി പവിത്രന്‍, സി പി അനീഷ്, കെ വിജയരാഘവന്‍, ഷമീര്‍ ഊര്‍പ്പള്ളി, മനോജ് പട്ടാനൂര്‍, സി പി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, നാഷണല്‍ യൂത്ത് കൗണ്‍സില്‍ കേരള ഏര്‍പ്പെടുത്തിയ മികച്ച പത്രപ്രവര്‍ത്തകനുള്ള മഹാത്മ അയ്യങ്കാളി സ്മാരക യുവപുരസ്‌ക്കാരം നേടിയ പ്രദീപന്‍ തൈക്കണ്ടി, കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് പുത്തലത്ത്, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വി കെ സനോജ്, ഫുട്‌ബോള്‍ താരം സി കെ വിനീത്, വോളിബോള്‍ താരം കിഷോര്‍ കുമാര്‍, ഊര്‍പ്പള്ളി വയലിലെ കര്‍ഷക തൊഴിലാളികള്‍, രാജന്‍ വേങ്ങാട് എന്നിവരെ പി കെ ശ്രീമതി ടീച്ചര്‍ എം പി ഉപഹാരം നല്‍കി ആദരിച്ചു. മത്സരവിജയികള്‍ക്ക് ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 10ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ് അധ്യക്ഷത വഹിക്കും.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

 • 2
  13 hours ago

  പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

 • 3
  19 hours ago

  ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

 • 4
  22 hours ago

  നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

 • 5
  22 hours ago

  സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

 • 6
  23 hours ago

  മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

 • 7
  1 day ago

  തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

 • 8
  1 day ago

  വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

 • 9
  2 days ago

  ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍