കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Published:December 29, 2016

christmas-market-full-image

 

 

കൊല്ലം: കരോള്‍ നടത്തിയ കുട്ടികളെ ക്രൂരമായി മര്‍ദിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ചടയമംഗലം പോലീസാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഈ വകുപ്പ് ചേര്‍ക്കാതെയാണ് പോലീസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. നാല് പ്രതികളില്‍ രണ്ട് പേര്‍ക്കെതിരെ മാത്രമാണ് നടപടി.
ചടയമംഗലത്ത് മേടയില്‍ യു.പി.എസ് ജങ്ഷന് സമീപം യുവ ക്ലബ്ബ് അംഗങ്ങളായ വിഷ്ണു, നസീം, അബ്ദുല്ല, അമൃതേഷ് എന്നിവരെയാണ് ആര്‍എസ്എസ് സംഘം മര്‍ദിച്ചത്. ക്രിസ്ത്യാനികള്‍ അല്ലാത്തതിനാല്‍ ഹിന്ദു ഭക്തിഗാനം പാടാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കുട്ടികളെ മര്‍ദിച്ചത്. മര്‍ദനമേറ്റ നാല് കുട്ടികള്‍ ഹിന്ദു,മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരാണ്. വര്‍ഷങ്ങളായി ഇവര്‍ കരോള്‍ സംഘടിപ്പിക്കാറുണ്ട്.
24ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചടയമംഗലത്തിനടുത്ത് നെട്ടേത്തറ കൈതക്കുറ്റി എന്ന സ്ഥലത്തായിരുന്നു കരോള്‍ സംഘം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ജയന്റെ വീടിനു മുമ്പില്‍ എത്തിയപ്പോള്‍ കുട്ടികളെ ജയന്‍ വീട്ടിലേക്കു വിളിക്കുകയും കരോള്‍ ഗാനം പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കല്‍ പാടിയ ഗാനം തന്നെ കുട്ടികളെക്കൊണ്ട് മൂന്നുതവണ ആവര്‍ത്തിച്ചു പാടിച്ചു. കുട്ടികളോട് ജയന്‍ നിങ്ങള്‍ ആരെങ്കിലും ക്രിസ്ത്യാനികളാണോ എന്നു ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോള്‍ ഇത് ക്രിസ്ത്യാനികള്‍ പാടേണ്ടതല്ലേ എന്നും നിങ്ങള്‍ ഹിന്ദു ഭക്തിഗാനം പാടിയാല്‍ മതിയെന്നും പറഞ്ഞു.
എന്നാല്‍, പറ്റില്ലെന്നും ഇത് തങ്ങള്‍ വര്‍ഷം തോറും നടത്തുന്ന പരിപാടിയാണെന്നും കുട്ടികള്‍ പറഞ്ഞു. ഹിന്ദു ഭക്തിഗാനം പാടിയില്ലെങ്കില്‍ പോവാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് ജയന്‍ അക്രമിക്കുകയായിരുന്നെന്നാണ് പരാതി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.