നടനും പത്രപ്രവര്‍ത്തകനുമായ ചോ രാമസ്വാമി അന്തരിച്ചു

Published:December 7, 2016

cho-ramaswamy-full

 

 

 

 

ചെന്നൈ: ആക്ഷേപ ഹാസ്യ സാഹിത്യകാരനും, പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സാഹിത്യകാരനും നടനും പത്രപ്രവര്‍ത്തകനും തുഗ്ലക്ക് വാരികയുടെ സ്ഥാപകനും എഡിറ്ററുമായ ചോ രാമസ്വാമി(82) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.40 ന് ചെന്നൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്ന ചോ രാമസ്വാമി നിര്‍ഭയമായി രാഷ്ട്രീയ നേതൃത്വത്തെ തന്റെ തൂലിക കൊണ്ട് വിമര്‍ശിച്ച വ്യക്തിയായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ജയലളിതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ചോ രാമസ്വാമി. ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ചോയും വിടപറയുന്നു.
അഭിഭാഷക കുടംബത്തില്‍ ജനിച്ച് അഭിഭാഷകനായി കുറച്ച് പ്രവര്‍ത്തിച്ചു. പിന്നീട് ടിടികെ ഗ്രൂപ്പിന്റെ നിയമോപദേശകനായി. പിന്നീട് നാടക – സിനിമാ നടനായി. ഒടുവില്‍ തുഗ്ലക് എന്ന മാസിക തുടങ്ങി പത്രപ്രവര്‍ത്തകനായി പ്രശസ്തിയാര്‍ജിച്ചു. സിനിമയിലും നാടകത്തിലും അഭിനയിച്ചു ഫലിപ്പിച്ച രാഷ്ട്രീയ പരിഹാസത്തിന്റെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ മാഗസിനും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ കുറിപ്പുകളും പ്രയോഗങ്ങളും എല്ലാകാലത്തും ചര്‍ച്ചാവിഷയമായിരുന്നു. 170 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 4000 വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. ഏതാണ്ട് ഇരുപത് വര്‍ഷക്കാലം തമിഴ് സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ് ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, കെ.കാമരാജ്, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായണന്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അപ്പോഴും ശക്തമായി രാഷ്ട്രീയ വിമര്‍ശനം നടത്താനും അദ്ദേഹം മടിച്ചില്ല. ഭാര്യയ്ക്കും മകനും മകള്‍ക്കുമൊപ്പം ആയിരുന്നു താമസം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.