Tuesday, November 13th, 2018

നമ്മുടെ ഗപ്പിക്ക് വില്ലനാവണം…!

വരും നാളുകളില്‍ മലയാള സിനിമക്ക് ശക്തനായ ഒരു വില്ലനെ കിട്ടുമെന്നാണ് പ്രതീക്ഷ...

Published On:Aug 19, 2017 | 11:53 am

മലയാള സിനിമയിലെ ഗപ്പിക്ക് വില്ലനാവണം… ഗപ്പിയെന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ മലയാളികള്‍ക്ക് മനസിലായി കാണും ഈ പയ്യന്‍ താരത്തെ. മറ്റാരുമല്ല ബാലനടന്‍ ചേതന്‍ ജയലാല്‍.
ജോണ്‍പോള്‍ ജോര്‍ജ് സംവിധാനംചെയ്ത ഗപ്പി എന്ന ചിത്രത്തില്‍ നായകനായ ടൊവിനോ തോമസിന്റെകൂടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരമാണ് ചേതന്‍. ചെറുക്കനാണെങ്കിലും ആളൊരു പുലിയാണ്. കാരണം എന്തെന്നല്ലേ… നായകനാവാനല്ല. വിറപ്പിക്കുന്ന വില്ലനാവാനാണ് ഈ പയ്യന്റെ ആഗ്രഹം.
എറണാകുളം പറവൂര്‍ എസ്എന്‍വി സംസ്‌കൃതം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ ചേതന്റെ സിനിമാ കഥകള്‍ രസാവഹമാണ്. തികച്ചും അപ്രതീക്ഷിതമായാണ് സിനിമാ പ്രവേശം. കൃത്യമായി പറഞ്ഞാല്‍ അഞ്ചുവര്‍ഷം മുമ്പ്. ഇതിനകം 24 ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ അമല്‍ നീരദ് സംവിധാനംചെയ്ത ബാച്ചിലേഴ്‌സ് പാര്‍ട്ടിയാണ് ആദ്യ സിനിമ. സിനിമയില്‍ ആസിഫലിയുടെ ബാല്യമായിരുന്നു ആദ്യ കഥാപാത്രം. നടനാകണമെന്നോ തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നോ അന്നുവരെ ചിന്തിച്ചിരുന്നില്ല. കൊച്ചിയില്‍ നടത്തിയ ഓഡിഷനില്‍ നിരവധിപേരെ മറികടന്നാണ് സിനിമയിലെത്തിയത്. ബാച്ചിലേഴ്‌സ് പാര്‍ടിയുടെ അസിസ്റ്റന്റ് ഡയറക്ടറും അച്ഛന്റെ സുഹൃത്തുകൂടിയായിരുന്ന ജോമോന്‍ ജോഷിയാണ് എന്നിലെ നടനെ കണ്ടെത്തി ഓഡിഷന് പോകാന്‍ നിര്‍ബന്ധിച്ചത്. അന്നുവരെ ഒരു നാടകത്തില്‍പോലും ഞാന്‍ അഭിനയിച്ചിരുന്നില്ല. ആദ്യസിനിമ കഴിഞ്ഞയുടനെതന്നെ നല്ല പ്രോത്സാഹനം ലഭിച്ചു. നാട്ടുകാരുടേയും വീട്ടുകാരുടേയും നല്ല പിന്തുണയുണ്ടെന്ന് ചേതന്‍ സുദിനത്തിനോട് പറഞ്ഞു.
രണ്ടാമത്തെ സിനിമ മധുപാല്‍ സംവിധാനംചെയ്ത ഒഴിമുറിയായിരുന്നു. അതിലും ആസിഫ് അലിയുടെ ബാല്യകാലമായിരുന്നു വേഷം. പിന്നീട് അഞ്ച് സുന്ദരികള്‍, എബിസിഡി, വിക്രമാദിത്യന്‍, ഇയ്യോബിന്റെ പുസ്തകം, ചാര്‍ളി, ഒപ്പം, ലോ പോയിന്റ്, ചിറകൊടിഞ്ഞ കിനാവുകള്‍, വടക്കന്‍ സെല്‍ഫി, തീവ്രം, സലാല മൊബൈല്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഗപ്പിക്ക് ശേഷം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സുഖമാണോ ദാവീദേ’. പാപ്പി ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.ജെ. ടോമി കിരിയാന്തനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ അനൂപ് ചന്ദ്രനും രാജ്‌മോഹനുംചേര്‍ന്ന് സംവിധാനംചെയ്യുന്ന ചിത്രമാണിത്. രണ്ട് സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ അനുജനായ സ്‌കൂള്‍ വിദ്യാര്‍ഥിയായ ജോയലിന്റെ വേഷമാണ് ചേതന്. ഭഗത് മാനുവലാണ് ജ്യേഷ്ഠന്‍ ദാവീദിനെ അവതരിപ്പിക്കുന്നത്. പ്രിയങ്ക നായര്‍, താരാകല്യാണ്‍, സുധീര്‍ കരമന, നന്ദുലാല്‍, നോബി, ബിജുക്കുട്ടന്‍, ആര്യ, ബിജിലേഷ്, അരുണ്‍ പോള്‍, ശ്രുതിബാല, മഞ്ചുസതീശ്, പോളി, സ്വപ്‌ന ട്രീസ, ലക്ഷ്മി അനില്‍ തുടങ്ങിയ നീണ്ട താരനര തന്നെ ചിത്രത്തിലുണ്ട്. ഇടവേളക്ക് ശേഷം മോഹന്‍ സിതാരയും കൈതപ്രവും ഒരുമിക്കുന്ന ചിത്രമാണിത്. സജിത്ത് മേനോനാണ് ഛായാഗ്രഹണം.
വരും നാളുകളില്‍ മലയാള സിനിമക്ക് ശക്തനായ ഒരു വില്ലനെ കിട്ടുമെന്നാണ് പ്രതീക്ഷ… അത് തീര്‍ച്ചയായും നമ്മുടെ ഗപ്പിതന്നെയാവും എ്ന്ന കാര്യത്തില്‍ സംശയമില്ല..കാരണം അത്രമാത്രം പ്രതീക്ഷയുണ്ട് ചേതന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക്.

 

LIVE NEWS - ONLINE

 • 1
  5 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  6 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  6 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  7 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  9 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  10 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  11 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  12 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി