Tuesday, September 25th, 2018

ചെങ്കൊടി…ചെറിയാന്‍

ചെങ്ങന്നൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷം

Published On:May 31, 2018 | 10:46 am

ആലപ്പുഴ: ചെങ്ങന്നൂരില്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ചരിത്ര വിജയം. 20,960 വോട്ടുകളുടെ ലീഡ് നേടിയാണ് സജി ചെറിയാന്‍ മണ്ഡലത്തില്‍ റെക്കോര്‍ഡ് വിജയം കരസ്ഥമാക്കിയത്. പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞതവണത്തെ എല്‍.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാന്‍ മറികടന്നിരുന്നു. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15703 ആണ് എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.
സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46,347 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരന്‍ പിള്ളക്ക് ഇത്തവണ 35,270 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചെങ്ങന്നൂരിലെ തന്നെ എക്കാലത്തെയും മികച്ച ഭൂരിപക്ഷമാണിത്.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും ചെറിയാന്‍ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന്‍ പിന്നോട്ട് പോയില്ല.
കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും. എന്നാല്‍ പാണ്ടനാട് എല്‍.ഡി.എഫ് 548 വോട്ടിന്റെയും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 753 വോട്ടിന്റെയും ഭൂരിപക്ഷം നേടി.
ആദ്യ റൗണ്ട് മുതല്‍ ലീഡ് വിട്ടുകൊടുക്കാതെയാണ് സജി ചെറിയാന്‍ കടുത്ത രാഷ്ട്രീയപോരാട്ടം നടന്ന ചെങ്ങന്നൂരില്‍ തിളക്കമാര്‍ന്ന വിജയത്തിലേക്ക് നീങ്ങിയത്. പ്രതീക്ഷിച്ച കോട്ടകള്‍പോലും തകര്‍ന്നതിന്റെ നിരാശ കോണ്‍ഗ്രസ്, ബി.ജെ.പി കേന്ദ്രങ്ങളില്‍ തുടക്കംമുതല്‍ വ്യക്തമായിരുന്നു. ഇടക്കിടെ ലീഡ് നിലയില്‍ ചെറിയ ഏറ്റക്കുറച്ചില്‍ വന്നെങ്കിലും ഒരിക്കല്‍പോലും സജി ചെറിയാനെ കടത്തിവെട്ടി മുന്നേറാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായില്ല.
കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഡി. വിജയകുമാറിനെ രംഗത്തിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച പി.എസ്. ശ്രീധരന്‍പിള്ളയെ വീണ്ടും രംഗത്തിറക്കി അട്ടിമറി വിജയ പ്രതീക്ഷയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാല്‍, ചെങ്ങന്നൂര്‍ വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ പ്രചാരണം നയിച്ച എല്‍.ഡി.എഫ് വിജയം കൊയ്യുകയായിരുന്നു. ബി.ഡി.ജെ.എസിന്റെ നിസഹകരണം ബി.ജെ.പിക്ക് തിരിച്ചടിയായെങ്കില്‍ മാണി ഗ്രൂപ്പിന്റെ പിന്തുണ യു.ഡി.എഫിനെയും തുണച്ചില്ല.
ഇടതുപക്ഷത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ തുടക്കമാണ് ചെങ്ങന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാന്‍ പ്രതികരിച്ചു. ബിജെപിയിലെയും യുഡിഎഫിലെയും സാധാരണ പ്രവര്‍ത്തകര്‍ തനിക്ക് വോട്ടു ചെയ്തു. കേരളാ കോണ്‍ഗ്രസിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ലഭിച്ച പിന്തുണ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ചു തള്ളി. ഒരു തെരഞ്ഞെടുപ്പിലും ഇതുവരെ കാണാത്ത തരത്തിലുള്ള പ്രവര്‍ത്തനവും ഏകോപനവുമാണ് ചെങ്ങന്നൂരില്‍ ഇടതുമുന്നണി കാഴ്ചവച്ചത്. തന്റെ വിജയത്തിനായി മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ആത്മാര്‍ത്ഥമായി പരിശ്രമിച്ചെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

LIVE NEWS - ONLINE

 • 1
  9 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  11 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  11 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  16 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  16 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  17 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  18 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  18 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  18 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു