KANNUR

      തലശ്ശേരി: പോലീസ്, ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ധര്‍മ്മടം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മേലൂരില്‍ നിന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള രണ്ട് സ്റ്റീല്‍ബോംബുകളും സ്‌ഫോടക നിര്‍മ്മാണ വസ്തുക്കളും കണ്ടെടുത്തു. തലശ്ശേരി സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ധര്‍മ്മടം എസ് ഐമാരായ നാരായണന്‍, മനോജ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മേലൂര്‍ വടക്ക് മമ്മാക്കുന്ന് പാലത്തിനടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. സംഘര്‍ഷാവസ്ഥ നിലനിന്നുവന്ന പ്രദേശമാണിത്

മൊബൈല്‍ ഫോട്ടോകള്‍ വ്യവസായവല്‍ക്കരിക്കരുത്: പി കെ ശ്രീമതി എം പി

      കണ്ണൂര്‍: മൊബൈല്‍ ഫോട്ടോകള്‍ വ്യവസായവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് പി കെ ശ്രീമതി ടീച്ചര്‍ എം പി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മൊബൈലില്‍ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ പ്രതിസന്ധിയിലാക്കുകയാണ്. തൊഴില്‍ എന്നതിനപ്പുറം കലയാണ് ഫോട്ടോഗ്രാഫി. വിവാഹം, കലോത്സവം തുടങ്ങി എല്ലാ പരിപാടികളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത മേഖലയാണിത്. എന്നാലിന്ന് ഫോട്ടോഗ്രാഫേഴ്‌സിന്റെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ സാധിച്ചോയെന്ന് പരിശോധിക്കാന്‍ തയ്യാറാവണമെന്നും എം പി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. എന്‍ ഹരിലാല്‍, ട്രിമോസ്‌ബെന്‍ യേശുദാസ്, പി എസ് ദേവദാസ്, പ്രജിത്ത് കണ്ണന്‍, വിജയപ്രകാശന്‍ പിള്ള, ജ്യോതിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

പി എസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം; പ്രതികള്‍ക്ക് കഠിനതടവും പിഴയും
നോട്ട് പ്രതിസന്ധി കണ്ണൂരിലും ആത്മഹത്യ
ബംഗലൂരു സ്‌ഫോടനം മമ്പറം സ്വദേശി പിടിയില്‍
ബിഗ് സ്‌ക്രീനില്‍ കളികണ്ടു; ആവേശ കടലിളക്കി നിരാശയോടെ മടക്കം, പൊട്ടിക്കരഞ്ഞു

      കണ്ണൂര്‍: ഐ എസ് എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ മത്സരം എല്‍ഇഡി പ്രൊജക്ടറുകളില്‍ കാണിച്ച് നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശം പകര്‍ന്നു. ജില്ലയില്‍ പലയിടത്തും കൂറ്റന്‍ എല്‍ഇഡി പ്രൊജക്ടറുകള്‍ ഒരുക്കിയിരുന്നു. കൊച്ചിയില്‍ നേരിട്ട് എത്തി കളികാണാന്‍കഴിയാത്തവര്‍ക്ക്ഇത് ആവേശായി. കലാ-കായിക സംഘടനകളുടെയും ക്ലബ്ബുകളുടെയുംനേതൃത്വത്തിലാണ് കൂറ്റന്‍ എല്‍ ഇഡി പ്രൊജക്ടറുകളുടെ സഹായത്തോടെ മത്സരം പലയിടത്തും കാണിച്ചത്. മത്സരം മുറുകുന്നതിനനുസരിച്ച് കാണികളും ആവേശത്താല്‍ മതിമറന്നു. ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചപ്പോള്‍ ആഹ്ലാദം ഉച്ചസ്ഥായിയിലായി. കൊല്‍ക്കത്ത ഫാന്‍സുകാരും കുറവായിരുന്നില്ല. പന്തുരുണ്ടത് മുതല്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ വളപട്ടണത്ത് ആവേശം വാനോളമുയര്‍ന്നു. കൊല്‍ക്കത്തക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ നീക്കവും കൈയ്യടിയോടെ ആരവത്തോടെ പ്രോത്സാഹിപ്പിച്ചു. ഗോളവസരങ്ങള്‍ക്ക് ആര്‍പ്പുവിളികള്‍ അകമ്പടിയേകി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയുടെ കുതിപ്പിനും കിതപ്പിനും അവര്‍ കൂടെയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റാഫി ആദ്യഗോള്‍ നേടിയപ്പോള്‍ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. മധുരപലഹാരം നല്‍കിയും ഹര്‍ഷാരവം മുഴക്കിയും ആ നിമിഷം ആഘോഷമാക്കി. കൊല്‍ക്കത്ത സമനില നേടിയപ്പോള്‍ നിരാശയുടെ കാര്‍മേഘം പടര്‍ന്നു. പിന്നീടുള്ള ഓരോ നിമിഷങ്ങളിലും മഞ്ഞപ്പട ഗോള്‍മുഖത്തെത്തുമ്പോള്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി ആര്‍ത്തുവിളിച്ചു. മത്സരം സമനിലയില്‍ പിരിഞ്ഞു. എക്‌സ്ട്രാ ടൈമിലേക്ക് പോയപ്പോള്‍ ആവേശം ഇരട്ടിയായി. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ടെന്‍ഷന്‍ മാറ്റാന്‍ തമാശകള്‍ പറഞ്ഞു.വലിയ സ്‌ക്രീനിന് മുന്നില്‍ മിഴിനട്ട്….നിര്‍ഭാഗ്യത്തിന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്ക് കൊല്‍ക്കത്ത ഗോളിയുടെ കാലില്‍ തട്ടി തെറിക്കുമ്പോള്‍ കണ്ണൂര്‍ ഒന്നാകെ നെടുവീര്‍പ്പിട്ടു. പതുക്കെ തോല്‍വിയിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് കൈയ്യടി നല്‍കി. സ്വന്തം ടീ പരാജയമറിഞ്ഞപ്പോഴും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മത്സര വിശകലനവുമായി അല്‍പനേരം അവിടെ തന്നെ തമ്പടിച്ചു. വളപട്ടണം മന്ന മായിച്ചാന്‍കുന്ന് ജംഗ്ഷനില്‍ ഒരു വീട്ടുമുറ്റത്ത് കളികാണാന്‍ ബിഗ്‌സ്‌ക്രീന്‍ ഒരുക്കിയിരുന്നു. സ്ത്രീകളടക്കം വന്‍ ജനാവലി കളികാണാനെത്തിയിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം ദേവന്‍ എന്ന മേലാഴി ദേവദാസടക്കമുള്ളവര്‍ കളികാണാനെത്തിയിരുന്നു. വിനീതും റാഫിയുും ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന വിവരം ലഭിച്ചതോടെ കണ്ണൂര്‍ക്കാര്‍ ആഹ്ലാദ നൃത്തം ചവിട്ടി. പരാജയം ഏവരുടെയും മുഖങ്ങളില്‍ മൂകത നിറച്ചു. ചിലര്‍ വീങ്ങിപ്പൊട്ടുന്നതും കാണാമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സി കെ വിനീതിന്റെ നാട്ടിലും ആരാധകര്‍ ആവേശത്തിലായിരുന്നു. വട്ടിപ്രത്ത് കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കിയാണ് ആരാധകര്‍ കളികാണാന്‍ അവസരമൊരുക്കിയത്. ആയിരത്തി അഞ്ഞൂറോളം പേര്‍ കളികാണാനെത്തി. കളി തുടങ്ങുന്നതിന് മുമ്പായി ശിങ്കാരിമേളവും ഘോഷയാത്രയും നടന്നു. കളി തുടങ്ങുന്ന സമയം വെടിക്കെട്ട് നടത്തിയാണ് ആവേശം പകര്‍ന്നത്. വിനീതിന്റെ പിതാവ് സി വാസുമാസ്റ്ററും അമ്മ ശോഭനയും ഭാര്യ ശരണ്യയും കളികാണാനെത്തിയിരുന്നു. കളിയുടെ ആദ്യപകുതി കഴിഞ്ഞപ്പോഴാണ് അവര്‍ തിരിച്ചുപോയത്. കളികാണാനെത്തിയ മുഴുവനാളുകള്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. പ്രമുഖ വാര്‍ത്താചാനലുകളും ഒ ബി വാന്‍ അടക്കമെത്തി ലൈവായും വട്ടിപ്രത്തെ ബിഗ് സ്‌ക്രീന്‍ ആവേശം പകര്‍ത്തിയിരുന്നു

ഒറ്റത്തവണ 5000 മാത്രം പഴയ നോട്ടുകള്‍ക്ക് വീണ്ടും നിയന്ത്രണം
ധീരജവാന് ആയിരങ്ങളുടെ അന്ത്യപ്രണാമം
കണ്ണൂരിലെ കൂടാളിയിലും മട്ടന്നൂരിലും നാളെ ഹര്‍ത്താല്‍
വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളും വര്‍ധിപ്പിക്കണം: മന്ത്രി സി രവീന്ദ്രനാഥ്

    കണ്ണൂര്‍: വിദ്യാഭ്യാസത്തോടൊപ്പം വിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവിതത്തില്‍ ആവശ്യമായ അറിവ് നേടലാണ് പൊതുവിദ്യാഭ്യാസത്തിന്റെ മികവെന്നും വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ചാവശ്ശേരി മാപ്പിള എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നല്ല ഭാഷാശുദ്ധി, അക്ഷരശുദ്ധി, തെറ്റില്ലാതെ എഴുതുവാനുള്ള കഴിവ് ഇവ ഓരോ വിദ്യാര്‍ത്ഥിയും ആര്‍ജ്ജിക്കണമെന്നും ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ പഠിതാവിന് അറിയാമെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ അക്കാദമിക നിലവാരമുള്ള വിദ്യാലയമെന്ന സമൂഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് ക്ലാസ് റൂം മണിയാപ്പള്ളി ആബൂട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി കെ സി മമ്മുഹാജിയെ ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി അശോകനും പ്രായംചെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി പി എം മൊയ്തുവിനെ എ ഇ ഒ. കെ ജെ ജനാര്‍ദ്ദനനും ആദരിച്ചു. അഡ്വ. കെ ഇ എന്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി വി മിനി, മുഹമ്മദ് ഫൈസി, കെ വി രാമചന്ദ്രന്‍ മാസ്റ്റര്‍, ഷിഹാബുദ്ദീന്‍ അസ്ഹനി, കെ ബാബുരാജ്, ഇ കെ അബൂബക്കര്‍, ഇ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി വിനോദ്കുമാര്‍, സി എം നസീര്‍, എന്‍ വി രവീന്ദ്രന്‍, സി വി രവീന്ദ്രന്‍, എ വി മമ്മു എന്നിവര്‍ സംസാരിച്ചു. സി സി നസീര്‍ ഹാജി സ്വാഗതവും കെ അഷ്‌റഫ് നന്ദിയും പറഞ്ഞു

നോട്ട് പ്രതിസന്ധി: മലയോരത്ത് ബാര്‍ട്ടര്‍ സമ്പ്രദായം

        കണ്ണൂര്‍: രൂക്ഷമായ നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ മലയോര മേഖലകളില്‍ ‘ബാര്‍ട്ടര്‍ സമ്പ്രദായം’ . പരസ്പരം സാധനങ്ങള്‍ കൈമാറിയാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. ബാങ്കുകളില്‍നിന്നും എ ടി എമ്മില്‍ നിന്നും പേരിന്് പോലും പണം കിട്ടാതായതിനെ തുടര്‍ന്നാണ് ഈ അതിജീവന തന്ത്രം. പലചരക്കു കടകളില്‍നിന്നും സാധനം വാങ്ങുന്നവര്‍ പണത്തിന് പകരം തത്തുല്യമായ സാധനങ്ങള്‍ നല്‍കും. അരി വാങ്ങിയാല്‍ പകരം കൊപ്രയോ തേങ്ങയോ നല്‍കും. പച്ചക്കറി കടകളിലാണ് ഇത് ഏറെക്കുറെ പ്രായോഗികമായത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഇഞ്ചി, വാഴക്കുല, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയവ കടയില്‍ നല്‍കി പകരം തക്കാളി, സവാള തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങും. അങ്ങോട്ടും ഇങ്ങോട്ടും ചില വിട്ടുവീഴ്ചക്കും തയ്യാറാകും. മീന്‍ വില്‍ക്കുന്നവര്‍ക്കും ഇങ്ങനെ പകരം സാധനങ്ങള്‍ ലഭിക്കുന്നുണ്ട്്. ആവശ്യമുള്ളവര്‍ക്ക് ഇത് അവിടെ വന്ന് വില്‍ക്കും.റബര്‍പോലുള്ള മലഞ്ചരക്ക് വില്‍ക്കാനെത്തുന്നവര്‍ക്ക് ടോക്കണാണ് പലയിടത്തും നല്‍കുന്നത്. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം, കൃഷിപ്പണി എന്നിവ പൂര്‍ണമായും മുടങ്ങി. ഇത് നേരിടാന്‍ കര്‍ഷകര്‍ പരസ്പരം ജോലിയില്‍ സഹായിക്കുന്ന രീതിയും തുടങ്ങി. ഒരാളുടെ കൃഷിയിടത്തില്‍ പല സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോലിചെയ്യും. ഇത് മാറി മാറി ചെയ്യുമ്പോള്‍ എല്ലാവരുടെയും ജോലികള്‍ തീരും. ക്രിസ്മസ് അടുത്തതോടെ മലയോരം പൂര്‍ണമായും ആശങ്കയിലായി. നോമ്പുകാലമായതിനാല്‍ ഇറച്ചിയും മീനും വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ ക്രിസ്മസ് ആഘോഷത്തിന് ഇത് അനിവാര്യമാണ്. പണമില്ലാത്തതിനാല്‍ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചത് സഹകരണ ബാങ്കുകളില്‍നിന്നുള്ള ഭീഷണിക്ക് പരിഹാരമായി. എന്നാലും നിത്യജീവിതത്തില്‍ നോട്ടില്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് ജനം ചോദിക്കുന്നത്. കഴിഞ്ഞ ദിവസം കേളകത്ത് ഫെഡറല്‍ ബേങ്ക് തുറക്കാന്‍ വിടാത്തത് ഈ രോഷപ്രകടനത്തിന്റെ ഭാഗമാണ്

കടല്‍ കടന്നെത്തുന്ന ശത്രുക്കളെ നേരിടാന്‍ മോക് ഡ്രില്‍ നടത്തി

        കണ്ണൂര്‍: കടല്‍ കടന്നെത്തുന്ന ശത്രുക്കളെ നേരിടുന്നതിനായുള്ള പരിശീലനത്തിന്റെ ഭാഗമായി വളപട്ടണം പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ്, നേവി എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ സാഗര്‍ കവച് 2016 എന്ന പേരില്‍ മോക് ഡ്രില്‍ നടത്തി. ഇന്ന് രാവിലെ 8 മണിക്ക് അഴീക്കല്‍ ബോട്ട് ജെട്ടിയില്‍ ആരംഭിച്ച മോക് ഡ്രില്‍ നാളെയും തുടരും. എസ് പി കോറി സഞ്ജയ് ഗുര്‍ദിനാണ് നേതൃത്വം നല്‍കുന്നത്

രണ്ട് നൂറ്റാണ്ട് മുമ്പ് കണ്ട സ്വപ്‌നങ്ങളാണ് യാഥാര്‍ത്ഥ്യമായത്: കാനം

    കണ്ണൂര്‍: സ്വപ്‌നം കാണുന്നത് മോശം കാര്യമല്ലെന്നും സ്വപ്‌നം കാണുക എന്നത് അശ്ലീലമല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വപ്‌നം കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ട സ്വപ്‌നങ്ങളാണ് പിന്നീട് യാഥാര്‍ത്ഥ്യമായതെന്നും കാനം അഭിപ്രായപ്പെട്ടു. മാവോയിസ്റ്റുകളെ ന്യായീകരിച്ച സിപിഐ നേതാക്കള്‍ ആകാശത്തു ജീവിക്കുന്ന സ്വപ്‌ന ജീവികളാണെന്ന് ഇന്നലെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കാനം. ജയരാജന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ല. അതിനോട് പ്രതികരിക്കാനില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. മാവോവാദികളും ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും പ്രവര്‍ത്തിക്കുന്നത് ഒരേരീതിയിലാണെന്നുള്ള വിമര്‍ശനമാണ് പി. ജയരാജന്‍ നടത്തിയത്. നിലമ്പൂര്‍ കരുളായി പടുക്ക വനത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പു ദേവരാജിനെയും കാവേരി എന്ന അജിതയെയും പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിലായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവണതകള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ചതല്ലെന്നുമാണ് സി.പി.ഐയുടെ നിലപാട്. എന്നാല്‍, പോലീസിനെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.