KASARGOD

കാസര്‍കോട്: ചെര്‍ക്കളയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്‌റ്റേറ്റുകളിലെ കശുവണ്ടി ശേഖരണം ഇന്നലെ ആരംഭിച്ചു. കശുവണ്ടി സംഭരണത്തെച്ചൊല്ലി പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കശുവണ്ടി വികസന കോര്‍പ്പറേഷനും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതിനെത്തുടര്‍ന്നാണ് ശേഖരണം ആരംഭിച്ചത്. കോര്‍പ്പറേഷനും കാപ്പക്‌സും സംയുക്തമായാണ് ശേഖരണം നടത്തുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആദൂര്‍ ഡിവിഷനിലെ കത്തിയോട് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപ്പക്‌സ് ചെയര്‍മാന്‍ എസ് സുദേവന്‍ എന്നിവര്‍ സംയുക്തമായി കശുവണ്ടി ശേഖരണം ഉദ്ഘാടനം ചെയ്തു

ഐഎസ് ബന്ധം; കാഞ്ഞങ്ങാട് സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍

      കാസര്‍കോട്: ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ മുഈനുദ്ദീന്‍ (25) ആണ് അറസ്റ്റിലായത്. അബുദാബിയിലായിരുന്ന മുഈനുദ്ദീന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളം ഇന്ത്യയിലെ എന്‍ ഐ എ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം എന്‍ ഐ എ മുഈനുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ കനകമലയില്‍ നിന്നും പിടിയിലായ ദാഇഷ് ബന്ധമുള്ള യുവാക്കളുമായി മുഈനുദ്ദീന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കനകമലയില്‍ നിന്നും അഞ്ച് യുവാക്കളെ എന്‍ ഐ എ സംഘം പിടികൂടിയത്. ഇതേ ദിവസം തന്നെ കോഴിക്കോട് നിന്നും മറ്റൊരു യുവാവിനെയും അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇപ്പോള്‍ പിടിയിലായ മുഈനുദ്ദീന്‍ സംഘത്തിലെ പ്രധാനിയാണെന്നാണ് എന്‍ ഐ എ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ ദാഇഷിന്റെ കേരള ഘടകം പ്രവര്‍ത്തിച്ചു വന്നിരുന്നതായും, മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിലൂടെയാണ് ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതെന്നും എന്‍ ഐ എ പറയുന്നു. അബു അല്‍ ഇന്തോനേഷി (ഇബ്‌നു അബ്ദുല്ല) എന്ന പേരിലാണ് മുഈനുദ്ദീന്‍ ദാഇഷിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ അറിയപ്പെട്ടിരുന്നത്. വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി അബുദാബിയില്‍ നിന്നും ദാഇഷിന്റെ കേരള ഘടകത്തിന് മുഈനുദ്ദീന്‍ പണം അയച്ചിരുന്നതായും എന്‍ ഐ എ പറയുന്നു. മുഈനുദ്ദീനെ ഇന്ന് ഡല്‍ഹിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിക്കും

ഗുണ്ടാ നേതാവ് കാലിയ റഫീഖ് വെട്ടേറ്റ് മരിച്ചു
കാസര്‍കോട് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ചാര്‍ജ് വര്‍ധന; ബി ജെ പി പ്രവര്‍ത്തകര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു
കാവ്യോത്സവത്തിന് ഉജ്ജ്വലസമാപനം

കാസര്‍കോട്: രണ്ടുദിവസമായി കാഞ്ഞങ്ങാടിന് നവ്യാനുഭവം സമ്മാനിച്ച കാവ്യോത്സവത്തിന് ഉജ്ജ്വലസമാപനം. സമാപനസമ്മേളനം കവി കല്‍പറ്റ നാരായണന്‍ ഉദ്ഘാടനംചെയ്തു. വൃത്തവും ഘടനയും കവിതക്ക് അധികപ്പറ്റല്‌ളെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് ഹൃദയത്തില്‍തൊടുന്ന കവിതയായിരിക്കണം. മനുഷ്യന് അന്യഥാ ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഒന്നിന്റെ ഭാഷയാണ് കവിത. ഇന്ന് കവികള്‍ ഒരുപാടുണ്ട്. എന്നാല്‍, മലയാളികളുടെ ഹൃദയത്തില്‍തൊടുന്ന കവികളില്ല. പണ്ട് ഭക്തിപ്രസ്ഥാനത്തിന്റെ സമയത്ത് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും കബീര്‍ദാസും തുളസീദാസും സൂര്‍ദാസും പേര്‍ഷ്യന്‍ കവികളുമെല്ലാം മനുഷ്യന്റെ മഹത്തായ ധര്‍മസങ്കടങ്ങളെക്കുറിച്ച് കവിതയെഴുതിയവരായിരുന്നു. അതുകൊണ്ടുതന്നെ കാലത്തെയും അതിജീവിച്ച് ആ കവിതകള്‍ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജ്‌മോഹന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. നെഹ്‌റു കോളജ് സെക്രട്ടറി കെ. രാമനാഥന്‍, സി. മുനീര്‍, എം. അഖില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.പി. ഷീജ സ്വാഗതവും ഫോക്ലോര്‍ സെക്രട്ടറി യു.വി. പ്രണവ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കവി ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ പുതിയ കവിതാസമാഹാരമായ കൊയക്കട്ട കല്‍പറ്റ നാരായണന്‍ കവയിത്രി ആര്യനന്ദക്ക് നല്‍കി പ്രകാശനം ചെയ്തു. രാധ ശിവകുമാറും സംഘവും പി കവിതകളുടെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. കവിത ടാക്കീസില്‍ വയലാര്‍ രാമവര്‍മയുടെ രാവണപുത്രി എന്ന കവിതക്ക് കെ.പി. ശശികുമാര്‍ മോണോആക്ട് ഒരുക്കി. തുടര്‍ന്ന് ബേബി ലക്ഷ്മി ആര്‍. നായര്‍ അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍, താടക എന്ന രാജകുമാരിയെക്കുറിച്ചുള്ള കേരളനടനം എന്നിവയും അരങ്ങേറി. വള്ളത്തോളിന്റെ അനിരുദ്ധന്റെ മകന്‍ എന്ന കവിതയെക്കുറിച്ചുള്ള മറുത്ത്കളിയും ശ്രദ്ധേയമായി. ആറ്റൂരിനെക്കുറിച്ച് പ്രസിദ്ധകവി അന്‍വര്‍ അലി സംവിധാനംചെയ്ത മറുവിളി എന്ന ഡോക്യുമെന്ററിയും കാവ്യോത്സവത്തില്‍ അവതരിപ്പിച്ചു. സപ്തഭാഷാ കവിസംഗമവും നടന്നു. തുടര്‍ന്ന് വിവിധ കവികളുടെ ദേശവും കവിതയും വിലയിരുത്തിയുള്ള ചര്‍ച്ചനടന്നു

വിവാഹ വീട്ടിലെ സ്വര്‍ണം കവര്‍ന്ന യുവാവ് അറസ്റ്റില്‍
മംഗലാപുരത്ത് വന്‍ സ്വര്‍ണ വേട്ട
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി
സ്വര്‍ണാഭരണ കവര്‍ച്ച അന്വേഷണം ഊര്‍ജിതമാക്കി

        കസര്‍കോട്: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടേയും മക്കളുടേയും സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ എസ് ഐ വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കീഴൂര്‍ പടിഞ്ഞാറിലെ നാസറിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ചനടന്നത്. കവര്‍ച്ചക്കാരായ മൂന്നംഗ സംഘത്തിന്റെ ദൃശ്യം നാസറിന്റെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പോലീസ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം സി സി ടി വിയില്‍ പതിഞ്ഞവരുടെ മുഖം വ്യക്തമ ല്ല. ഏകദേശ സൂചനകള്‍ വെച്ചാണ് അന്വേഷണം നടക്കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ ചികിത്സിക്കുന്നതിന് വേണ്ടിയുള്ള ആശുപത്രിയാണ് ഇത്. വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന നാസറിന്റെ ഭാര്യ സുമയ്യയുടേയും മക്കളുടേയും സഹോദരന്റെ കുട്ടിയുടേയും സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ചചെയ്യപ്പെട്ടത്. 6.45 പവനോളം സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. ഡോഗ് സക്വാഡും വിരലടയാള വിദഗ്ദ്ധരും കവര്‍ച്ചനടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

പണം വാങ്ങി വഞ്ചന; ഗുമസ്തനെതിരെ കേസ്

      കാസര്‍കോട്: വിവാഹബന്ധം വേര്‍പെടുത്താന്‍ 90,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ഗുമസ്തനെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ നോര്‍ത്ത് കൊവ്വലിലെ അബ്ദുള്‍ റഹ്മാന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തില്‍ ഓഫീസ് മുറിയെടുത്തു പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സ്വദേശിയായ വക്കീല്‍ ബാബു എന്ന കണ്ടോത്ത് ബാബുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കെസെടുത്തു. 2014ലാണ് അബ്ദുള്‍ റഹ്മാന്‍ വിവാഹബന്ധം വേര്‍പ്പെടുത്തി കിട്ടാനും തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മധ്യസ്ഥനായി നില്‍ക്കുന്ന വക്കീല്‍ ബാബുവിനെ സമീപിച്ചത്. 90,000 രൂപയ്ക്ക് പ്രശ്‌നം തീര്‍ത്ത് വിവാഹബന്ധം ഒഴിവാക്കി നല്‍കാമെന്ന് ബാബു ഉറപ്പു നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ഒരു നടപടിയുമുണ്ടാകാത്തതിനേത്തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാന്‍ പോലീസില്‍ പരാതി നല്‍കിയത്. അബ്ദുള്‍ റഹ്മാനെതിരേ ഭാര്യ നല്‍കിയപരാതിയില്‍ നേരെത്തേ ഹോസ്ദുര്‍ഗ് കോടതി നിര്‍ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. കേസ് നടത്തിപ്പിനും അബ്ദുള്‍ റഹ്മാന്‍ ബാബുവിനെ തന്നെയാണു ചുമതലപ്പെടുത്തിയിരുന്നത്. ആ കേസില്‍ ഇയാള്‍ക്ക് അനൂകൂലമായ രീതിയില്‍ വിധി വന്നതിന്റെ വിശ്വാസത്തിലാണ് ഈ കേസും ബാബുവിനെ ഏല്‍പ്പിച്ചത്

ആറു ബ്ലോക്കിനെ കാഷ്‌ലെസ് വാര്‍ഡാക്കി മാറ്റും

കാസര്‍കോട്: ജില്ലയിലെ ആറു ബ്ലോക്കിലെ ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിനെയും സമ്പൂര്‍ണ കാഷ്‌ലെസ് വാര്‍ഡായി മാറ്റുന്നതിന് നടപടികളാരംഭിച്ചു.ബേരുപദവ്, രാംദാസ്‌നഗര്‍, കുറ്റിക്കോല്‍, മാവുങ്കാല്‍, ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍ വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജനപ്രതിനിധികള്‍, ബാങ്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. ലീഡ് ബാങ്ക് മാനേജര്‍ വി.എസ്. രമണന്‍, അക്ഷയ ജില്ല പ്രോജക്ട് ഓഫിസര്‍ ശ്രീരാജ് പി. നായര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി 26നകം ആറു വാര്‍ഡുകളിലും പ്രാഥമിക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 30നകം സര്‍വേ നടത്തും. പ്രദേശത്തെ ബാങ്കുകളുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടത്തുക. അതത് മേഖലകളില്‍ പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി നടപ്പാക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവിനെ അധ്യാപകര്‍ പിടികൂടി

    കാസര്‍കോട്: പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അധ്യാപകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബദിയടുക്കയിലെ ഒരു യുവാവിനെയാണ് പിടികൂടിയത്. അടുത്തിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതാണ് ഇയാള്‍. ഇന്നലെ വൈകീട്ട് സ്‌കൂളില്‍ അധ്യാപകരുടെ യോഗം നടക്കുന്നതിനാല്‍ സ്‌കൂളിന്റെ ഒരു ഭാഗത്ത് പെണ്‍കുട്ടി തനിച്ച് ഇരിക്കുമ്പോള്‍ കോംപൗണ്ടില്‍ കയറിയ യുവാവ് പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് ടോയ്‌ലെറ്റില്‍ കൊണ്ടുപോവുകയും അകത്തുനിന്നും വാതിലടച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയം പുറത്തുകൂടി പോവുകയായിരുന്ന ഒരാള്‍ ശബ്ദം കേട്ട് അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകര്‍ ടോയ്‌ലെറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ യുവാവ് ഇറങ്ങിയോടി. അധ്യാപകര്‍ പിന്തുടര്‍ന്ന് യുവാവിന്റെ വീടിനുസമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പരാതി ലഭിച്ചതായും കേസെടുക്കുമെന്നും ബദിയടുക്ക എസ് ഐ ദാമോദരന്‍ പറഞ്ഞു. വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.