Thursday, April 25th, 2019

സാംസ്‌കാരിക കേരളം ലജ്ജിക്കുന്നു

        മന്ത്രവാദത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റേയും പേരില്‍ സാംസ്‌കാരിക കേരളത്തില്‍ അങ്ങേയറ്റം അപമാനകരമായ സംഭവങ്ങളാണ് നിത്യേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിന്ന് ഒഴിപ്പിക്കുന്നതിന്റെ പേരില്‍ മന്ത്രവാദി ക്രൂരമായി മര്‍ദിച്ച് കരുനാഗപ്പള്ളി തഴവയില്‍ യുവതി മരിച്ച സംഭ വം സാംസ്‌കാരിക കേരളത്തിന്റെ ഹൃദയത്തിനേറ്റ ഉണങ്ങാത്ത മുറിവാണ്. മന്ത്രവാദിയുടെ ക്രൂരവും പൈശാചികവും നിഷ്ഠൂരവുമായ മര്‍ദനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മന്ത്രവാദി യുവതിക്ക് നേരെ കാട്ടിയ പ്രാകൃത നടപടികള്‍ അങ്ങേയറ്റം ലജ്ജിപ്പിക്കുകയാണ്. ഈ സംഭവത്തിന് യുവതിയുടെ പിതാവും കൂട്ടുനിന്നുവെന്നറിയമ്പോഴാണ് ഗൗരവം വര്‍ധിക്കുന്നത്. … Continue reading "സാംസ്‌കാരിക കേരളം ലജ്ജിക്കുന്നു"

Published On:Jul 21, 2014 | 11:28 am

Black Magic Full

 

 

 

 
മന്ത്രവാദത്തിന്റേയും ദുര്‍മന്ത്രവാദത്തിന്റേയും പേരില്‍ സാംസ്‌കാരിക കേരളത്തില്‍ അങ്ങേയറ്റം അപമാനകരമായ സംഭവങ്ങളാണ് നിത്യേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ജിന്ന് ഒഴിപ്പിക്കുന്നതിന്റെ പേരില്‍ മന്ത്രവാദി ക്രൂരമായി മര്‍ദിച്ച് കരുനാഗപ്പള്ളി തഴവയില്‍ യുവതി മരിച്ച സംഭ വം സാംസ്‌കാരിക കേരളത്തിന്റെ ഹൃദയത്തിനേറ്റ ഉണങ്ങാത്ത മുറിവാണ്. മന്ത്രവാദിയുടെ ക്രൂരവും പൈശാചികവും നിഷ്ഠൂരവുമായ മര്‍ദനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മന്ത്രവാദി യുവതിക്ക് നേരെ കാട്ടിയ പ്രാകൃത നടപടികള്‍ അങ്ങേയറ്റം ലജ്ജിപ്പിക്കുകയാണ്. ഈ സംഭവത്തിന് യുവതിയുടെ പിതാവും കൂട്ടുനിന്നുവെന്നറിയമ്പോഴാണ് ഗൗരവം വര്‍ധിക്കുന്നത്. യുവതിക്ക് പിടിപെട്ട മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിട്ടും പ്രയോജമില്ലാത്തതിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു പിതാവിന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് മന്ത്രവാദിയെ സമീപിച്ചത്. ജിന്ന് ഒഴിപ്പിക്കുന്നതിന്റെ മുന്നോടിയായി യുവതിക്ക് ആഹാരമോ വെള്ളമോ നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച് മന്ത്രവാദി പറഞ്ഞത് ജിന്നിനെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇങ്ങിനെ ചെയ്യണമെന്നാണ്. ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്ന് മാത്രമല്ല ചൂരല്‍കൊണ്ട് അതിമൃഗീയമായി യുവതിയെ മര്‍ദിക്കുകയും ചെയ്തിരുന്നു. കൂടാതെ യുവതിയെ നിലത്ത് കമിഴ്ത്തിക്കിടത്തി മസാജ് ചെയ്തശേഷം കൈകള്‍ പിന്നിലാക്കി പിടിച്ച്‌വലിക്കുകയും അവരുടെ പുറത്ത് കയറി മന്ത്രവാദി തന്റെ കാല്‍മുട്ട് അമര്‍ത്തുകയും ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ നട്ടെല്ലൊടിയുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചത്.
ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അന്ധവിശ്വാസങ്ങളുടെ പേരിലാണ് സാംസ്‌കാരിക കേരളത്തില്‍ പലതും അരങ്ങേറുന്നത്. ശാസ്ത്രസാങ്കേതിക വിദ്യ അതിന്റെ പാരമ്യത്തിലെത്തിയിട്ടും കേരളം ഇതേവരെയുണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ അസ്തപ്രഭമാക്കുന്ന തരത്തിലുളള സംഭവങ്ങള്‍ മന്ത്രവാദത്തിന്റേയും മറ്റും പേരില്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വിദ്യാസമ്പന്നര്‍പോലും ഇത്തരം പ്രാകൃത നടപടികള്‍ക്ക് ഇരകളാകുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതോടൊപ്പം തന്നെ ജനങ്ങളുടെ അജ്ഞതയും വിവരമില്ലായ്മയും ചിലര്‍ മുതലെടുക്കുകയാണ്. അന്ധവിശ്വാസത്തിന്റെ മറവില്‍ പലതരം വൈകൃതങ്ങളും നാട്ടില്‍ അരങ്ങേറുന്നുണ്ട്. പ്രധാനമായും സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇത്തരം വൈകൃതങ്ങള്‍ അരങ്ങേറുന്നത്. സ്വാമിമാരെന്നപേരിലും മന്ത്രവാദികളെന്ന പേരിലും രംഗത്ത് വരുന്ന ചിലര്‍ സ്ത്രീകളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് പോലും ഇരയാക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരം കെണിയിലകപ്പെട്ട എത്രയോ പെണ്‍കുട്ടികളുടേയും സ്ത്രീകളുടെയും ജീവിതം തന്നെ നിരര്‍ത്ഥകമായി തീര്‍ന്നിട്ടുണ്ട്. പലരും അപമാനഭയത്താല്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറയുന്നില്ലെന്ന് മാത്രം.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരുകാലത്ത് നാട്ടില്‍ ശക്തമായി നിലയുറപ്പിച്ച യുവജനപ്രസ്ഥാനങ്ങള്‍ പോലും ഇന്ന് പിറകോട്ട് പോവുകയാണ്. ഇതാണ് അന്ധവിശ്വാസങ്ങളുടെ പേരില്‍ പല വൈകൃതങ്ങളും അരങ്ങ്തകര്‍ക്കാന്‍ കാരണമാകുന്നത്. യാഥാര്‍ത്ഥ്യബോധത്തോടെ ഈ വിഷയത്തെ സമീപിക്കാന്‍ ബന്ധപ്പെട്ട പ്രസ്ഥാനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നാട് അന്ധവിശ്വാസ മുഖരിതമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു വലിയ തലമുറ തന്നെ നാളെ ഇത്തരം വൈകൃതങ്ങളിലേക്ക് നയിക്കപ്പെട്ടെന്ന് വരാം. അതിനിടയാക്കാതെ നോക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള യുവജനപ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കടമയാണെന്നുള്ള കാര്യം വിസ്മരിക്കരുത്. കരുനാഗപ്പള്ളിയിലുണ്ടായത് പോലെയുള്ള ഒരു സംഭവവും സാംസ്‌കാരിക കേരളത്തില്‍ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കണം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു