Wednesday, April 24th, 2019

പ്രതാപകാലം അയവിറക്കി നാട്ടുകാര്‍, ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു…

വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ വേങ്ങാടിനെക്കുറിച്ചും അഞ്ചരക്കണ്ടിപ്പുഴയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

Published On:Apr 10, 2019 | 12:32 pm

പ്രദീപന്‍ തൈക്കണ്ടി
കൂത്തുപറമ്പ്: വേനല്‍ കനക്കുന്നതോടെ ജലാശയങ്ങള്‍ വറ്റിത്തുടങ്ങി. മുമ്പെങ്ങുമില്ലാത്തത്രയും വലിയ വരള്‍ച്ചയാണ് നാട് നേരിടുന്നത്.
ഏഴ് മാസം മുമ്പ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയം ഉണ്ടായപ്പോള്‍ നാട്ടിലെ ചെറു ജലാശയങ്ങള്‍ വരെ നിറഞ്ഞുകവിഞ്ഞിരുന്നു. ഏപ്രില്‍ മാസം ആദ്യവാരം കഴിഞ്ഞിട്ടേയുള്ളൂ. മെയ് പകുതിയെങ്കിലും കഴിഞ്ഞാലേ മഴ പ്രതീക്ഷിക്കാന്‍ പറ്റുകയുള്ളൂ. അപ്പോഴേയ്ക്കും കടുത്ത വേനല്‍ നാടിനെ മരുഭൂമിയാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഫോട്ടോയില്‍ കാണുന്നത് വേങ്ങാട് ദാരോത്ത് പാലത്തിന് സമീപത്തുനിന്നുള്ള അഞ്ചരക്കണ്ടി പുഴയുടെ ദൃശ്യമാണ്. പ്രളയ കാലത്ത് മാത്രമല്ല, സാധാരണ എല്ലാ വര്‍ഷകാലത്തും പുഴ കരകവിഞ്ഞൊഴുകുമായിരുന്നു. നൂറ് മീറ്ററോളം വീതിയുണ്ടായിരുന്ന പുഴ ഇന്ന് കയ്യേറ്റങ്ങളുടെ ഫലമായി മെലിഞ്ഞുകഴിഞ്ഞു. പുഴയില്‍ ഇന്ന് വെള്ളം ചാലിട്ടൊഴുകുകയാണ്. വാഴത്തോട്ടത്തിലെ തോടുകള്‍ പോലെ പലയിടങ്ങളിലും പുഴ മാറി കഴിഞ്ഞു. ഈ പുഴയില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് മൈലാടി ശുദ്ധജല പദ്ധതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ ഭാഗമായ കീഴല്ലൂര്‍ അണക്കെട്ടിന് താഴെ ഇപ്പോള്‍ വെള്ളം വളരെ കുറവാണ്. ചെളി കലര്‍ന്ന വെള്ളം മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ നിന്നും വെള്ളം ശേഖരിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല വിതരണം നടത്തുന്നത്.
ഒരിക്കല്‍പോലും ഇത്രയും നേരത്തെ പുഴയില്‍ വെള്ളം വറ്റിയിരുന്നില്ലെന്ന് പുഴയുടെ സമീപത്ത് താമസക്കാരനായ ഷാജി കേളമ്പേത്ത് പറയുന്നു. എന്റെ ഓര്‍മ്മയില്‍ പുഴയില്‍ വെള്ളം വറ്റിയ സമയം ഉണ്ടായിരുന്നു. അത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ അത് അതികഠിനമായ വേനല്‍ കഴിഞ്ഞ് മെയ് മാസത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍മാസം ആദ്യവാരം തന്നെ പുഴ മെലിഞ്ഞുണങ്ങിയത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചരക്കണ്ടി പുഴയുടെ പ്രതാപകാലത്തെ കുറിച്ച് പറയാന്‍ നാട്ടുകാര്‍ക്കേറെയുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ വേങ്ങാടിനെക്കുറിച്ചും അഞ്ചരക്കണ്ടിപ്പുഴയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അഞ്ചരക്കണ്ടി പുഴയോരത്ത് വെങ്കാട് എന്ന സ്ഥലം (വേങ്ങാട്) ഉണ്ടായിരുന്നെന്നും അവിടെ ഇംഗ്ലീഷുകാര്‍ പാണ്ടികശാല സ്ഥാപിച്ചിരുന്നുവെന്നും ലോഗന്‍ വിവരിക്കുന്നു. വേങ്ങാട്,അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് ശേഖരിക്കുന്ന കുരുമുളക്, കറപ്പ, തടികള്‍ എന്നിവ തലശ്ശേരിയിലേക്ക് കൊണ്ടുപോയത് ഇതുവഴിയാണെന്നത് അഞ്ചരക്കണ്ടി പുഴയുടെ പ്രതാപകാലത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ്. പുഴ മഴക്കാലത്ത് കരകവിഞ്ഞൊഴുകിയിരുന്നതായും പുഴയില്‍ ധാരാളം മത്സ്യസമ്പത്തുണ്ടായിരുന്നതായും നാട്ടുകാര്‍ ഓര്‍ക്കുന്നു. പുഴയില്‍ നിന്ന് മത്സ്യം പിടിക്കാന്‍ കര്‍ണ്ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാടോടികള്‍ എത്തുമായിരുന്നു. എന്നാല്‍ അനിയന്ത്രിതമായ മണലൂറ്റാണ് പുഴയെ കൊന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമവിരുദ്ധമായി പുഴയില്‍ പലയിടങ്ങളില്‍ നിന്നായി മണല്‍വാരല്‍ തകൃതിയായി നടന്നിരുന്നു. ഇത് പുഴക്ക് മരണമണി മുഴക്കുകയായിരുന്നു. ഇപ്പോഴും അനധികൃത മണല്‍വാരല്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇത്തവണ പുഴ നേരത്തെ വറ്റി വരളാന്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയവും കാരണമായിട്ടുണ്ട്. കനത്ത പ്രളയത്തിന് ശേഷം കനത്ത വരള്‍ച്ചയും ഉണ്ടാകുമെന്ന വാക്കുകള്‍ അന്വര്‍ത്ഥമാവുകയാണിവിടെ.

 

LIVE NEWS - ONLINE

 • 1
  2 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  3 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  5 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  6 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  7 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  8 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  8 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  10 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  12 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം