നടന്‍ ഓംപുരി അന്തരിച്ചു

Published:January 6, 2017

om-puri-actor-full

 

 

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് താരം ഓംപുരി (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുംബൈയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച ഓംപുരി, പാക്കിസ്ഥാനി, ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സാന്നിധ്യം അറിയിച്ച അദ്ദേഹം200ലധികം സിനിമകളില്‍ സ്വഭാവ നടനായി മികച്ച അഭിനയം കാഴ്ച വെച്ചു. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ഓംപുരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
ഹരിയാനയിലുള്ള അംബാലയില്‍ ജനിച്ച ഓം പുരി, പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ടില്‍ നിന്നും ബിരുദം നേടി. ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചിട്ടുണ്ട്. തുടര്‍ന്ന് 1976 ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വല്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്.
അമരീഷ് പുരി, നസീറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ തുടങ്ങിയ താരങ്ങളോടൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തന്നെ കച്ചവട സിനിമയിലും സജീവ സാന്നിധ്യമായി നിറഞ്ഞു. ഭവനി ഭവായ്, സദ്ഗതി, അര്‍ധ് സത്യ, മിര്‍ച്ച് മസാല, ധാരാവി തുടങ്ങിയ ഓംപുരിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലതാണ്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.