Friday, September 21st, 2018

മഞ്ഞും മഴയും പെയ്തിറങ്ങിയ കുടകിലെ വനവഴികളിലൂടെ ബേലൂര്‍- ഹലെബീഡുവിലേക്ക് ഒരു യാത്ര പൗരാണികതയുടെ രാജവീഥികള്‍

നിഗൂഡതയുടെ മഹാവനങ്ങള്‍ ഇടയ്ക്ക് ഓര്‍മ്മയുടെ പച്ചപ്പുകള്‍. പ്രണയത്തിന്റെ പ്രാണവായു അവശേഷിക്കുന്ന സ്മാരകശിലകളുടെ കാട്ടുപൊന്തകള്‍…ചരിത്രങ്ങള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍. ഇപ്പോള്‍ തിരിഞ്ഞ് നടക്കുന്നത് സമ്പന്നമായ ഒരു മഹാകാലത്തിലേക്ക്.. ചരിത്രങ്ങളും ശിലാചിത്രങ്ങളും കോറിയിട്ട ഗര്‍ഭഗൃഹത്തിലേക്ക്… മഞ്ഞും മഴയും പെയ്തിറങ്ങിയ കുടകിലെ വനവഴികളിലൂടെ ഉന്മാദിനിയായ കാറ്റിനും പച്ചപ്പുകള്‍ക്കും ഇടയിലൂടെ ചരിത്രത്തിന്റെ ശിലാലിഖിതങ്ങള്‍ കൊത്തിയും കോറിയും എഴുതിച്ചേര്‍ത്ത ബേലൂര്‍ ഹലെബീഡുവിലേയ്ക്ക്. നനുനനുത്ത ആ പാതത്തിലെ യാത്ര…പ്രകൃതിയുടെ പ്രണയത്തിന്റെ ഭാവപ്പകര്‍ച്ചകളില്‍ പ്രണയിനിയെത്തേടുന്ന ഒരു യാത്രപോലെ കോടമഞ്ഞ് വീണ മലയടിവാരങ്ങളില്‍ സൂര്യകാന്തിപ്പൂക്കളും മല്ലികപ്പൂക്കളും ആ യാത്രയ്ക്ക് … Continue reading "മഞ്ഞും മഴയും പെയ്തിറങ്ങിയ കുടകിലെ വനവഴികളിലൂടെ ബേലൂര്‍- ഹലെബീഡുവിലേക്ക് ഒരു യാത്ര പൗരാണികതയുടെ രാജവീഥികള്‍"

Published On:May 20, 2013 | 11:17 am

shravana belgola 22 X 10 Full 1നിഗൂഡതയുടെ മഹാവനങ്ങള്‍ ഇടയ്ക്ക് ഓര്‍മ്മയുടെ പച്ചപ്പുകള്‍. പ്രണയത്തിന്റെ പ്രാണവായു അവശേഷിക്കുന്ന സ്മാരകശിലകളുടെ കാട്ടുപൊന്തകള്‍…ചരിത്രങ്ങള്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍. ഇപ്പോള്‍ തിരിഞ്ഞ് നടക്കുന്നത് സമ്പന്നമായ ഒരു മഹാകാലത്തിലേക്ക്.. ചരിത്രങ്ങളും ശിലാചിത്രങ്ങളും കോറിയിട്ട ഗര്‍ഭഗൃഹത്തിലേക്ക്…
മഞ്ഞും മഴയും പെയ്തിറങ്ങിയ കുടകിലെ വനവഴികളിലൂടെ ഉന്മാദിനിയായ കാറ്റിനും പച്ചപ്പുകള്‍ക്കും ഇടയിലൂടെ ചരിത്രത്തിന്റെ ശിലാലിഖിതങ്ങള്‍ കൊത്തിയും കോറിയും എഴുതിച്ചേര്‍ത്ത ബേലൂര്‍ ഹലെബീഡുവിലേയ്ക്ക്. നനുനനുത്ത ആ പാതത്തിലെ യാത്ര…പ്രകൃതിയുടെ പ്രണയത്തിന്റെ ഭാവപ്പകര്‍ച്ചകളില്‍ പ്രണയിനിയെത്തേടുന്ന ഒരു യാത്രപോലെ കോടമഞ്ഞ് വീണ മലയടിവാരങ്ങളില്‍ സൂര്യകാന്തിപ്പൂക്കളും മല്ലികപ്പൂക്കളും ആ യാത്രയ്ക്ക് നിറവും ഗന്ധവും തന്നു. കരിമ്പും ചോളവും അശാന്തമായ മനസ്സുകളിലേക്ക് ശാന്തിയുടെ സ്പര്‍ശനങ്ങളും തന്നു. കാഴ്ചകളുടെ അപൂര്‍വ്വ സംഗമം..
ബേലൂര്‍ ഇപ്പോള്‍ കര്‍ണാടകയിലെ ഒരു ചെറിയ നഗരമല്ല. ഒരു വിസ്മയമാണ് പൗരാണികതയുടെ ഗന്ധം തിങ്ങിനില്‍ക്കുന്ന രാജവീഥികള്‍ യന്ത്രചലനങ്ങളില്‍ സമൃദ്ധമെങ്കിലും ആ നഗരം ഇന്നും പൗരാണികതയുടെ പ്രൗഡിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കല്‍ത്തൂണുകളില്‍ തീര്‍ത്തെടുത്ത മഹാസാമ്രാജ്യത്തിന്റെ തലയെടുപ്പോടെ…കരിങ്കല്ലില്‍ അവശേഷിക്കുന്ന അറിവുകള്‍ തേടിയെത്തിയ സഞ്ചാരികള്‍ പഴമയുടെ പടിപ്പുരകള്‍ കടന്ന് ആ നിത്യവിസ്മയങ്ങളില്‍ ലയിച്ചുചേരുന്നു. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ അധിപനായിരുന്ന വിഷ്ണുവര്‍ധനന്‍ തലക്കാട് യുദ്ധത്തില്‍ ചോളരാജാക്കന്മാരെ പരാജയപ്പെടുത്തി യുദ്ധസ്മാരകമായി പടുത്തുയര്‍ത്തിയതത്രെ ബേലൂരിലെ ചെന്നകേശവ എന്ന വൈഷ്ണവശിലാക്ഷേത്രം. പാകിമിനുക്കിയെടുത്ത ശിലകള്‍ക്ക് നടുവില്‍ കാലത്തിനുപോലും മായ്ച്ചുകളയാനാവാത്ത ഒരു ചരിത്രം പിറവിയെടുത്തു. തെളിഞ്ഞ നീലാകാശത്തിനു താഴെ ക്ഷേത്രസമുച്ചയത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വിശ്വപ്രകൃതിപോലും ധ്യാനത്തിലാവുന്നു. ശില്പസുന്ദരമായ ആ ധ്യാനമന്ദിരത്തിലേക്ക് കയറുമ്പോള്‍ മനസ്സ് അറിയാതെ മന്ത്രിക്കുന്നു. ‘അഹം ബ്രഹ്മാസ്മി’. കരിങ്കല്ലു പാകിയ ക്ഷേത്രമുറ്റത്തുനിന്ന് മണിവാതിലിലൂടെ അകത്തേക്ക് കടക്കുമ്പോള്‍ ഇരുവശത്തും കല്ലില്‍ കടഞ്ഞെടുത്ത ദര്‍പ്പണ സുന്ദരിയും മദനികമാരും… ഒരു ചെറിയ കാറ്റില്‍ ഉടുപുടവകള്‍ ഒന്ന് ഇളകിയോ.. ശിലാചിത്രങ്ങളുടെ വിസ്മയത്തുമ്പത്ത് കൂടി അങ്ങനെ അങ്ങനെ കലയും കരവിരുതും, തെറ്റാത്ത കണക്കുകളും ചേര്‍ന്ന് ശിലാചിത്രങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ഇത് ഒരു കാലഘട്ടത്തിന്റെ രചനയാണെന്ന് അജ്ഞാതനായ ആ ശില്‍പി അറിഞ്ഞിരിക്കാം. കരിങ്കല്ലില്‍ രചിച്ച കവിത കല്‍മണ്ഡപത്തിലേക്ക് നടന്നു കയറുമ്പോള്‍ ഭക്തിയുടെ ലഹരിക്കും അപ്പുറം നിറസൗന്ദര്യത്തിന്റെ ലാസ്യമേളങ്ങളായിരുന്നു. ഈ വ്യത്യസ്തതയാണ് ഹൊയ്‌സാലരുടെ ശില്‍പകലയെ മറ്റ് ശിലാക്ഷേത്ര ശില്‍പകലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ ഒറ്റക്കല്ലില്‍ തീര്‍ത്തെടുത്ത ശില്‍പസുന്ദരികള്‍ സൗന്ദര്യത്തിന്റെ പൂര്‍ണ്ണഭാവത്തില്‍ സഞ്ചാരികളെ വിസ്മയിപ്പിക്കുമ്പോള്‍ അനേകായിരം ആനകള്‍ വ്യത്യസ്തങ്ങളായി ഈ ക്ഷേത്രത്തിന്റെ അടിത്തറയോട് ചേര്‍ന്ന് നില്‍ക്കുന്നു. കുതിരകളും മറ്റ് പക്ഷിമൃഗാദികളും കരിങ്കല്ലില്‍ രചിച്ച കവിതകളുടെ ഓരോ അക്ഷരങ്ങള്‍ പോലെ ! ക്ഷേത്രത്തിന് പുറത്ത് നക്ഷത്ര ആകൃതിയിലുള്ള ക്ഷേത്രകോണുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന, ദേവതാ ശില്‍പങ്ങള്‍ അക്കാലത്തെ സ്ത്രീശരീരഘടനയും ആഭരണങ്ങളുടെ മിഴിവും കേശാലങ്കാരങ്ങളുടെ വ്യത്യസ്തതയും കൊത്തിയെടുത്തിരിക്കുന്നു…

ചെന്നകേശവ ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ ശില്‍പമാണ്  ‘ദര്‍പ്പണസുന്ദരി’ ഇത് ചരിത്രത്തിലെ ഒരു കല്ലടയാളമാണ്. വാക്കുകള്‍ക്കപ്പുറമാണ് ഈ ദര്‍പ്പണസുന്ദരി. അത് കണ്ട്തന്നെ മടങ്ങുക…മഹാശില്‍പികള്‍ പണിതീര്‍ത്ത കല്‍ത്തൂണുകളില്‍ ഇടതടവില്ലാത്ത ശില്‍പഘോഷയാത്രകള്‍. ക്ഷേത്രത്തിനുള്ളിലെ ഇരുട്ടിലേക്ക് സൂര്യവെളിച്ചം വീഴ്ത്താന്‍ പലഭാഗങ്ങളില്‍നിന്ന് തുറക്കുന്ന മണിവാതിലുകള്‍…കല്‍ത്തൂണുകളില്‍ തട്ടിച്ചിതറിയ വെളിച്ചത്തില്‍ ശില്‍പസൗന്ദര്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയായിരുന്നു. കനത്ത നിശബ്ദതയില്‍ എവിടെയോ ഒരു മണിമുഴക്കം. അത് അറിയാതെ ആരോ കരിങ്കല്‍ തൂണില്‍ സ്പര്‍ശിച്ചുപോയതാണ്. മിന്നിമറയുന്ന ഫല്‍ഷ്‌ലൈറ്റുകളില്‍ ഒരു നൊടിനേരത്തെ കാഴ്ചകള്‍. ഉളിമുനകള്‍ വീഴാത്ത ഒരു കരിങ്കല്ലുകളുമില്ലിവിടെ.. ശന്തലാദേവി ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ വിഷ്ണുവര്‍ദ്ധനന്റെ പത്‌നി…അവര്‍ നൃത്തം ചവിട്ടിയ നൃത്തമണ്ഡപത്തിലെ കൃഷ്ണശിലകള്‍പോലും ഇന്നും ആ കഥപറയുന്നു. പിന്നീട് എപ്പോഴോ ശന്തലാദേവിയും ശില്‍പിയുടെ കൈവിരുതില്‍ ഒരു ശില്‍പകാവ്യമായിമാറി…
അകത്തെ കനത്തനിശബ്ദതയെ ഭേദിച്ച് മന്ത്രോച്ചാരണങ്ങള്‍ വാസ്തുവിദ്യയുടെ സൂക്ഷ്മതയില്‍ ഇളംതണുപ്പുള്ള ചെറിയ കാറ്റുപോലും ക്ഷേത്രത്തിനകത്തുകൂടി കയറിയിറങ്ങുന്നു. നൃത്ത മണ്ഡപത്തിലെ കല്‍ത്തൂണുകളില്‍ ഒരു കണ്ണാടിയിലെന്നപോലെ നിഴലും വെളിച്ചവും ശില്‍പങ്ങളും പ്രതിബിംബമായി. ക്ഷേത്ര സമുച്ചയത്തിനു ചുറ്റും വലംവെക്കുമ്പോള്‍ നാം അറിയാതെ ഇല്ലാതാവുകയാണ്. ഈ കാഴ്ചകള്‍ക്കു മുമ്പില്‍ നിസ്സാരനായ മനുഷ്യന്‍,അംശുമതി ആഗമത്തില്‍ പ്രദക്ഷിണപദത്തെ കുറിച്ച് പറയുന്നതിന്റെ പൂര്‍ണത ഇവിടെയാണ്. സര്‍വ്വഭയനാശനം, മോക്ഷദായകം, രോഗനാശകം ഐശ്വര്യപ്രദം… ഉളികളുടെ താളപ്പെരുക്കങ്ങളില്‍ പിറവിയെടുത്ത ശില്‍പസൗന്ദര്യങ്ങള്‍ കടന്ന് ദേഹിയും ദേഹവും ഒന്നാകുന്ന പരിണാമ മുഹൂര്‍ത്തം…Travel sudinam full
സുന്ദരനായ വിഷ്ണു എന്നര്‍ത്ഥം വരുന്ന ചെന്നകേശവ എന്ന ശിലാക്ഷേത്രത്തിന്റെ പണി ആരംഭിച്ചത് വിഷ്ണുവര്‍ദ്ധനനെങ്കിലും പൂര്‍ത്തിയാക്കിയത് ഹൊയ്‌സാല രാജവംശത്തിലെ വീരബല്ലാല രണ്ടാമന്റെ കാലത്താണ്. തൊള്ളായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഈ ചരിത്രപേടകത്തില്‍നിന്ന് പുറത്തുകടക്കു മ്പോള്‍ ഇളംവെയില്‍ സൂര്യകാന്തിപ്പാടങ്ങളില്‍ വീണുകിടക്കുകയായിരുന്നു…
ബേലൂരില്‍ നിന്ന് യാത്ര ഹലെബീഡുവിലേക്ക്…ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ആസ്ഥാനം. ഇന്ന് സഞ്ചാരികള്‍ക്കായി അണിഞ്ഞൊരുങ്ങിയ ഒരു നഗരത്തിന്റെ മുഖമാണ് ഉള്ളതെങ്കിലും ദ്വാരസമുദ്രമെന്ന ഹൊയ്‌സാല രാജവംശത്തിന്റെ ആസ്ഥാനത്തേക്ക് മടങ്ങിച്ചെല്ലാന്‍ അധികനേരം വേണ്ടിവന്നില്ല. ഹൊയ്‌സാലേശ്വര ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടുവരെ മാത്രംഇവിടെ ഈ ശിലാക്ഷേത്രത്തില്‍ എത്തുമ്പോള്‍ ആറ് ആധാരചക്രങ്ങളും ഉണര്‍ത്തി ഒരു ശക്തി സഹസ്രാരചക്രത്തില്‍ എത്തിനില്‍ക്കുന്നു. കാഴ്ചകളിലെ ഷഢാധാര പ്രതിഷ്ഠകള്‍ നമ്മെ പരമപദത്തിലെത്തിക്കുന്നു. വിഷ്ണുവര്‍ദ്ധനനും ശന്തലാദേവിയുമാണ് ഈ ശിലാക്ഷേത്രവും നിര്‍മ്മിച്ചത്. വിജയനഗര സാമ്രാജ്യത്തിനോ പിന്നീടുവന്ന ഒരു രാജവംശത്തിനോ ഈ ക്ഷേത്രത്തോട് ഒരു ശിലപോലും കൂട്ടിച്ചേര്‍ക്കാനോ ഇളക്കിമാറ്റാനോ സാധിച്ചിട്ടില്ല. സൂക്ഷ്മമായ കല്ലുളികളില്‍ പുനര്‍ജനിച്ച നന്ദീമണ്ഡപം, അനേകായിരം ശില്‍പചിത്രങ്ങളില്‍ തീര്‍ത്ത പ്രദക്ഷിണ വഴികള്‍. കല്‍മണ്ഡപങ്ങള്‍ കല്‍പ്പടവുകള്‍
‘പാദാല്‍ പാദാന്തരം ഗത്വാ
കരൗ ചലനവര്‍ജ്ജിതൗ’
കൈകള്‍ ഇളക്കാതെ പാദങ്ങള്‍ പാദങ്ങളോട് ചേര്‍ത്ത്‌വച്ച് അടിവെച്ചടിവെച്ച്… കാലം നിറച്ചുവച്ച ഈ കാഴ്ചകള്‍ കാണാന്‍. ചെന്നകേശവ ക്ഷേത്രത്തിന്റെ നിര്‍മ്മാണ മാതൃകയിലാണ് ഹൊയ്‌സലാശ്വര ക്ഷേത്രത്തിന്റെയും നിര്‍മ്മാണം…കാമിനിയും മോഹിനിയും മദനികയും നിറഞ്ഞ കല്‍ക്കെട്ടുകളിലൂടെയുള്ള യാത്ര… അമ്മ പറഞ്ഞുതന്ന ഏതോ കഥകളിലെന്നപോലെ… കല്‍പാന്തകാലത്തോളം നിലനില്‍ക്കുന്ന ഈ കാഴ്ചകള്‍ നമുക്കു കാണാം. കല്ല് ഉളിയോട് പറഞ്ഞ കഥകള്‍ നമുക്ക് കേള്‍ക്കാം.

ഗോമടേശ്വരന്‍ വിളിക്കുന്നു … 

bhahu bali-shravana belgolaവിശാലമായ പ്രകൃതിയുടെ ക്യാന്‍വാസിലൂടെ വീണ്ടും യാത്ര ആരംഭിച്ചു. ഹലെബീഡുവില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള ശ്രാവണബല്‍ഗോളയുടെ മലമുകളിലേക്ക്.. ചന്ദ്രഗിരിയും, വിദ്യാഗിരിയും. സമുദ്രനിരപ്പില്‍ നിന്ന് 3380 അടി ഉയരമുള്ള ഈ മലമുകളിലായിരുന്നുവത്രേ ആചാര്യ ഭദ്രബാഹുവിന്റെ ശിഷ്യനും മൗര്യസാമ്രാജ്യത്തിന്റെ അധിപനുമായിരുന്ന ചന്ദ്രഗുപ്തമൗര്യന്‍ ധ്യാനത്തിലിരുന്നത്. വിദ്യാഗിരിയിലേക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍ കാലം കൊത്തിവച്ച മറ്റൊരു കഥ ആരംഭിക്കുകയായിരുന്നു. ബി.സി.മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തിയും വിദ്യാഗിരിയിലെത്തിയതായി ശിലാലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് ഈ മലമുകളിലെ ശിലാക്ഷേത്രങ്ങള്‍ക്ക് നടുവിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നായ ഗോമടേശ്വര അഥവാ ബാഹുബലിയുടെ ഒറ്റക്കല്‍പ്രതിമ നിലനില്‍ക്കുന്നത്. എ.ഡി. 982ല്‍ ഗംഗാ സാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായ ചാമുണ്ഡരായനാണ് 60 അടി ഉയരമുള്ള ഈ മഹാകല്‍പ്രതിമ നിര്‍മ്മിച്ചതായി കരുതപ്പെടുന്നത്. ജൈനകലയുടെ ചരിത്രവും ഭക്തിയും സൗന്ദര്യവും ഇഴചേര്‍ന്ന് കിടക്കുന്ന അഭൂതപൂര്‍വ്വമായ കാഴ്ച. കാലവും ചരിത്രവും മറികടന്ന് ചെറുപുഞ്ചിരിയോടെ വിടര്‍ന്ന കണ്ണുകളോടെ തലയുയര്‍ത്തി നില്‍ക്കുന്നു. സംവത്സരങ്ങളില്‍ ഒരിക്കല്‍ നടക്കുന്ന മഹാമസ്തകാഭിഷേകത്തിനായി. ശ്രാവണ ബെല്‍ഗോളയിലെ കല്ലുകള്‍ ഓരോന്നും വരും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന സ്മൃതികള്‍ മാത്രമല്ല സാക്ഷ്യങ്ങളുമാണ്. മഹാരഥന്മാരുടെ പാദമുദ്രകള്‍ വീണ കരിങ്കല്‍ പാതയിലൂടെ തിരിച്ചുനടക്കുമ്പോള്‍ നീണ്ട പകല്‍ അസ്തമിച്ചുതുടങ്ങി. കല്‍പ്പടവുകള്‍ക്ക് താഴെ തടാകത്തിലെ ജലകണികകള്‍ സന്ധ്യയുടെ സ്വര്‍ണ്ണശോഭയില്‍ അലകളായി കല്‍പ്പടവുകളില്‍ തട്ടിച്ചിതറി.

LIVE NEWS - ONLINE

 • 1
  22 mins ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 2
  4 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 3
  5 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 4
  5 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 5
  5 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 6
  6 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 7
  6 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 8
  7 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 9
  7 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍