ചികിത്സക്ക് ഇനി സിന്തറ്റിക് സ്‌റ്റെം സെല്ലുകളും

Published:January 9, 2017

synthetic-stem-cells-full

 

 

 

 

 

ആരോഗ്യ രംഗത്ത് പുത്തന്‍ രീതികള്‍ക്ക് തുടക്കമാവുന്നു. ഇനി ചികിത്സക്ക് സിന്തറ്റിക് സ്‌റ്റെം സെല്ലുകള്‍ അഥവാ സംശ്‌ളേഷിത വിത്തുകോശങ്ങളും. വിസ്മയങ്ങളുടെയും പ്രതീക്ഷകളുടെയും പുതിയ വാതിലുകളാണ് ഇവ തുറന്നിടുന്നത്. വിത്തുകോശ ചികിത്സയുമായി ബന്ധപ്പെട്ട് നിലവിലുള്ള പല വെല്ലുവിളികള്‍ക്കും പരിഹാരമാണ് സിന്തറ്റിക് സ്‌റ്റെം സെല്ലുകളെന്ന് ഗവേഷണത്തില്‍ പങ്കാളികളായ നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് സര്‍വകലാശാലയിലെയും ഷെങ്ഷൂ സര്‍വകലാശാലയിലെയും ഗവേഷകര്‍ അവകാശപ്പെടുന്നു. റീജനറേറ്റീവ് മെഡിസിനില്‍ വന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്ന നേട്ടമാണിത്.
വിത്തുകോശ (സ്‌റ്റെം സെല്‍) ചികിത്സയിലൂടെ കോശങ്ങളെയും കലകളെയും പുനരുജ്ജീവിപ്പിക്കുകവഴി ആന്തരികാവയവങ്ങളുടെ അറ്റകുറ്റപ്പണി നടത്താന്‍കഴിയും. എന്നാല്‍ ചിലപ്പോള്‍ സ്‌റ്റെം ചികിത്സയില്‍ അര്‍ബുദസാധ്യത, സ്‌റ്റെം സെല്ലുകളെ അന്യപദാര്‍ഥമായി കണ്ട് ശരീരം തിരസ്‌കരിക്കല്‍, സ്‌റ്റെം സെല്ലുകള്‍ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഇങ്ങനെ വെല്ലുവിളികള്‍ പലതാണ്. വിത്തുകോശ ചികിത്സയില്‍ ഇതിനൊക്കെയുള്ള പരിഹാരം എന്ന നിലയിലാണ് ഗവേഷണം സിന്തറ്റിക് സ്‌റ്റെം സെല്ലുകളിലേക്കു കടന്നത്. നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് സര്‍വകലാശാലയിലെ മോളിക്കുലാര്‍ ബയോ മെഡിക്കല്‍ സയന്‍സസില്‍ ഗവേഷകനായ കെ ചെങ്ങിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതാവട്ടെ കാര്‍ഡിയാക് സ്‌റ്റെം സെല്ലുകളും.
ഇതിന്റെ ആദ്യപടിയായി ജൈവവിഘടന വിധേയമാവുന്ന പോളി ലാറ്റിക് കോഗ്‌ളൈക്കോളിക് ആസിഡ് എന്ന പോളിമറില്‍നിന്ന് ശരീരകോശങ്ങളെ അനുകരിക്കുന്ന സൂക്ഷ്മകണങ്ങള്‍ നിര്‍മിച്ചെടുത്തു. സെല്‍ മിമിക്കിങ് മൈക്രോ പാര്‍ടിക്കിള്‍ എന്നാണ് ഇതറിയപ്പെടുന്നത്. അതിനുശേഷം പരീക്ഷണശാലയില്‍ കള്‍ചര്‍ചെയ്‌തെടുത്ത കാര്‍ഡിയാക് സ്‌റ്റെം സെല്ലുകളില്‍നിന്ന് (മനുഷ്യന്റെ കാര്‍ഡിയാക് സ്‌റ്റെം സെല്ലുകള്‍) കോശവളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രോട്ടീനുകള്‍ വേര്‍തിരിച്ചെടുത്ത് പിഎല്‍ജിഎയില്‍ കലര്‍ത്തി. ഒടുവില്‍ കാര്‍ഡിയാക് വിത്തുകോശങ്ങളുടെ കോശസ്തരംകൊണ്ട് സിഎംഎംപികള്‍ക്ക് ഒരു ആവരണവുമുണ്ടാക്കി.
പരീക്ഷണശാലയില്‍ പ്രത്യേക മാധ്യമത്തില്‍ സിഎംഎംപിയും കാര്‍ഡിയാക് സ്‌റ്റെം സെല്ലുകളും മനുഷ്യന്റെ ഹൃദയപേശീകോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തി. തുടര്‍ന്ന് സിഎംഎംപി ചുണ്ടെലിയിലും പരീക്ഷിച്ചു വിജയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹൃദയപേശികള്‍ ദുര്‍ബലമായ എലിയില്‍ സിഎംഎംപി പരീക്ഷിച്ചപ്പോള്‍ ഹൃദയകലകളുമായി ചേര്‍ന്ന് ഇത് അവയുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുര്‍ബലമാവുന്ന ഹൃദയപേശികളില്‍ സ്വാഭാവിക കാര്‍ഡിയാക് സ്‌റ്റെംസെല്ലുകള്‍ എങ്ങനെയാണോ കോശവളര്‍ച്ച ത്വരിതപ്പെടുത്തുന്നത് അതുപോലെതന്നെയായിരുന്നു സിന്തിറ്റിക് സ്‌റ്റെം സെല്ലുകളുടെ പ്രവര്‍ത്തനം. സിഎംഎംപിയുടെ സവിശേഷ ഘടന കാരണം അവയ്ക്ക് മനുഷ്യശരീരത്തിനുള്ളില്‍ ‘സ്വയം പെരുകാന്‍കഴിയില്ല. ഇത് വിത്തുകോശ ചികിത്സക്കിടയിലെ ചിലപ്പോള്‍ ഉണ്ടായേക്കാവുന്ന അര്‍ബുദസാധ്യത എന്ന വെല്ലുവിളി ഇല്ലാതാക്കുന്നു. സിന്തറ്റിക് വിത്തുകോശങ്ങളുടെ കോശസ്തരവും വളര്‍ച്ച പ്രോട്ടീനുകളും സ്വാഭാവിക കോശങ്ങളില്‍നിന്നെടുത്തതാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം അവയെ ആക്രമിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യില്ല. സ്വാഭാവിക വിത്തുകോശങ്ങളെ എല്ലാ രീതിയിലും അനുകരിക്കുന്ന സംശ്‌ളേഷിത വിത്തുകോശങ്ങള്‍ ഹൃദയത്തിലെ കലകളുമായി കൂടിച്ചേരുകയും വളര്‍ച്ചാഘടകങ്ങളെ അവയിലേക്ക് സ്വതന്ത്രമാക്കുകയും ചെയ്യും. ഈ രീതിയില്‍ കോശവളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിലൂടെ തകരാറുകള്‍ പരിഹരിക്കപ്പെടും. വെല്ലുവിളികള്‍ ഇല്ലാത്ത വിത്തുകോശചികിത്സ എന്ന സ്വപ്‌നത്തിലേക്കുള്ള നിര്‍ണയാക ചുവടുവെപ്പാണിത്.
മനുഷ്യന്റെ സ്വാഭാവിക വിത്തുകോശങ്ങളെക്കാള്‍ ഏറെനാള്‍ നിലനില്‍ക്കാനുള്ള കഴിവുണ്ട് സിന്തറ്റിക് സ്‌റ്റെം സെല്ലുകള്‍ക്ക്. വളരെ താഴ്ന്ന താപനില അതിജീവിക്കാനും കഴിയും. ഇവ വികസിപ്പിച്ചെടുക്കാന്‍ രോഗിയുടെതന്നെ വിത്തുകോശങ്ങള്‍ വേണമെന്നില്ല എന്നത് മറ്റൊരു നേട്ടം. ഏതുതരം വിത്തുകോശങ്ങള്‍ വേണമെങ്കിലും ഈ രീതിയിലൂടെ നിര്‍മിച്ചെടുക്കാം. ഹൃദ്രോഗ ചികിത്സയിലും പാര്‍ക്കിന്‍സണ്‍സ്‌പോലുള്ള രോഗങ്ങളുടെ ചികിത്സയിലും നാഡീവ്യൂഹ തകരാറുകള്‍ പരിഹരിക്കാനുമൊക്കെ സിന്തറ്റിക് സ്‌റ്റെം സെല്ലുകള്‍ ഉപയോഗിക്കാന്‍കഴിയുന്ന കാലം അകലെയല്ലെന്നു പ്രതീക്ഷിക്കാം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.