പിറവം : കേരളത്തെ മുള്മുന്മുനയില് നിര്‍ത്തിയ പിറവം ഒടുവില്‍ സര്‍ക്കാറിന് ഓക്സിജന്‍ നല്കി. ആകെ പോള്‍ ചെയ്തതില്‍ അനൂപ് 82,756 വോട്ടുകളും എം ജെ ജേക്കബ് 70,686 വോട്ടുകളും ബി ജെ പി സ്ഥാനാര്‍ഥി കെ ആര് രാജഗോപാലിന് 3241 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ ടി എം ജേക്കബ്ബ് വിജയിച്ചത് 157 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. കാലത്ത് എട്ടുമണിക്ക് മൂവാറ്റുപുഴ നിര്‍മല സ്കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ അനൂപ് ജേക്കബ്ബ് വ്യക്തമായ ലീഡ് നേടി വന്‍ ഭൂരിപക്ഷത്തിന്റെ … Continue reading "സര്‍ക്കാറിന് പിറവത്തിന്റെ ഓക്സിജന്‍ ; കന്നിയങ്കത്തില്‍ അനൂപിന്റെ ഭൂരിപക്ഷം 12071"
പിറവം : കേരളത്തെ മുള്മുന്മുനയില് നിര്‍ത്തിയ പിറവം ഒടുവില്‍ സര്‍ക്കാറിന് ഓക്സിജന്‍ നല്കി. ആകെ പോള്‍ ചെയ്തതില്‍ അനൂപ് 82,756 വോട്ടുകളും എം ജെ ജേക്കബ് 70,686 വോട്ടുകളും ബി ജെ പി സ്ഥാനാര്‍ഥി കെ ആര് രാജഗോപാലിന് 3241 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ ടി എം ജേക്കബ്ബ് വിജയിച്ചത് 157 വോട്ടുകള്‍ക്ക് മാത്രമായിരുന്നു.
കാലത്ത് എട്ടുമണിക്ക് മൂവാറ്റുപുഴ നിര്‍മല സ്കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ അനൂപ് ജേക്കബ്ബ് വ്യക്തമായ ലീഡ് നേടി വന്‍ ഭൂരിപക്ഷത്തിന്റെ സൂചന നല്‍കിയിരുന്നു. തുടക്കത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന് മുന്‍തൂക്കമുണ്ടായിരുന്നു. അതിന് ശേഷം ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. എല്‍ ഡി എഫ് രണ്ടായിരത്തോളം വോട്ടിന്റെ ലീഡാണ് ഈ രണ്ട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ചോറ്റാനിക്കരയിലും, തിരുവാങ്കുളത്തേയും വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എം ജെ ജേക്കബിന് 200 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്.
തുടക്കത്തില്‍ ലീഡു നില മാറിമറഞ്ഞെങ്കിലും മുളന്തുരുത്തി പഞ്ചായത്തിലെ വോട്ട് എണ്ണിയപ്പോള്‍ ലീഡ് നേടിയ അനൂപ് ജേക്കബ്ബ് പിന്നീട് അത് ക്രമേണ ഉയര്‍ത്തുകയായിരുന്നു. ആമ്പല്ലൂരിലെ വോട്ട് എണ്ണിയപ്പോള്‍ ലീഡ് 5000 ത്തിലേക്ക് ഉയര്‍ന്നു. പിറവവും, തിരുമാറാടിയും ഇലഞ്ഞിയും എണ്ണാന്‍ തുടങ്ങിയതോടെ ഭൂരിപക്ഷം പതിനായിരത്തിന് മേലെയായി. ഏറ്റവും ഒടുവില്‍ കൂത്താട്ടുകുളം എണ്ണിക്കഴിഞ്ഞപ്പോള്‍ 12,070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനൂപ് വിജയിച്ചതായി പ്രഖ്യാപനം ഉണ്ടായതോടെ യു ഡി എഫ് പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയയൊഴുകി. അനൂപിന് അനുകൂലമായ തരംഗം തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. മന്ത്രി അനൂപിന് അഭിവാദ്യങ്ങള്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തിയത്.
അതേസമയം സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ പോലും നേരിയ ലീഡ് ലഭിച്ചത് എല്‍ ഡി എഫ് നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്തു. പിണറായി വിജയനും വി എസും നേരിട്ട് പടനയിച്ചിട്ടും സ്വന്തം പഞ്ചായത്തുകളില്‍ പോലും ലീഡ് കുറഞ്ഞത് ഇടതുമുന്നണിയെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി പിറവത്തെ എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് കൃത്യമായ ലീഡ് നേടിയത് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ്ബിന്റെ സ്വന്തം ബൂത്തില്‍ പോലും അനൂപ് ലീഡ് നേടിയിരുന്നു.
സഭാ തര്‍ക്കമോ മറ്റ് പ്രശ്നങ്ങളോ യു ഡി എഫ് വോട്ടുകളെ ബാധിച്ചിട്ടില്ലെന്ന് ഫലം പുറത്തുവന്നതോടെ വ്യക്തമായിരിക്കയാണ്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ആര് ശെല്‍വരാജ് സി പി എം വിട്ടതും ഒപ്പം സിന്ധു ജോയിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് നടത്തിയ വിവാദ പരാമര്‍ശവും എല്‍ ഡി എഫിന് തിരിച്ചടിയായി. വോട്ടെടുപ്പില്‍ സ്ത്രീകളും യുവാക്കളും വന്‍തോതിലാണ് പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.