Thursday, June 21st, 2018

അമേരിക്കയും ഉത്തര കൊറിയയും സമാധാന കരാറില്‍ ഒപ്പുവച്ചു

കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു

Published On:Jun 12, 2018 | 12:09 pm

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച സമാപിച്ചു. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്ന് കൂടിക്കാഴ്ചക്കു ശേഷം ഇരു നേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച വന്‍ വിജയമായിരുന്നു. കൊറിയയുമായുള്ള ബന്ധം ഊഷ്മളമാക്കും. ചര്‍ച്ചകളെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത കിമ്മിനോട് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ലോകം ഇനി സാക്ഷ്യം വഹിക്കുമെന്നും ഭൂതകാലത്തെ സംഭവങ്ങള്‍ മറക്കുമെന്നും കിം ജോംഗ് ഉന്‍ വ്യക്തമാക്കി. മാറ്റത്തിന്റെ തുടക്കമാണിതെന്നും ചര്‍ച്ചക്കെത്തിയ ട്രംപിനോട് നന്ദിയുണ്ടെന്നും കിം പറഞ്ഞു.
ഇരു നേതാക്കളും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഇതോടൊപ്പം അമേരിക്ക സന്ദര്‍ശിക്കാനും കിമ്മിനെ ട്രംപ് ക്ഷണിച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചരിത്ര കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു നിന്നു.അടച്ചിട്ട മുറിയില്‍ ഇരുരാഷ്ട്രത്തലവന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച നടന്നത്. ഇതുവരെ ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് പുതിയ ചരിത്രമാണ് ഇതിലൂടെ കുറിച്ചത്. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായിരുന്നു രണ്ട് രാജ്യങ്ങളും.
കാപ്പെല്ല ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ട് തവണ ഹസ്തദാനം ചെയ്തു. 45 മിനിട്ടിന് ശേഷം രാവിലെ 7.29ന് ഇരു സംഘങ്ങളും ഒരു മേശക്ക് ഇരുപുറമിരുന്ന് ചര്‍ച്ച ആരംഭിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഒഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുണ്ടായിരുന്നത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോംഗ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോംഗ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് കിമ്മിന്റെ സംഘത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
കൂടിക്കാഴ്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. ലോകത്ത് സമാധാനം പുലരാന്‍ ചര്‍ച്ചയുടെ ഫലം പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

 

 

 

LIVE NEWS - ONLINE

 • 1
  8 hours ago

  കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

 • 2
  9 hours ago

  ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

 • 3
  10 hours ago

  കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

 • 4
  12 hours ago

  കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

 • 5
  13 hours ago

  മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

 • 6
  14 hours ago

  ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

 • 7
  16 hours ago

  കാസര്‍കോട് പുലി കെണിയില്‍ വീണു

 • 8
  16 hours ago

  പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

 • 9
  17 hours ago

  പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍