Wednesday, July 17th, 2019

നിത്യജീവിതത്തില്‍ ചെയ്യാവുന്ന യോഗാസനങ്ങള്‍

ശവാസനം, ഭുജംഗാസനം, പ്രാണായാമം

Published On:Jul 4, 2018 | 9:24 am

യോഗ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് മനസിനും ശരീരത്തിനും ഒരുപാട് ഗുണം ചെയ്യും. എല്ലാ ദിവസവും രാവിലെ കുറച്ച് സമയം യോഗയ്ക്കായി മാറ്റി വെയ്ക്കുക. അടുപ്പിച്ച് കുറച്ച് ദിവസം യോഗ ചെയ്താല്‍ തന്നെ നമുക്ക് മാറ്റം തിരിച്ചറിയാന്‍ സാധിക്കും. അതിനാല്‍ തന്നെ താഴെ പറയുന്ന യോഗാസനം നിത്യവും ചെയ്തു നോക്കുന്നത് നല്ലതാണ്.
* ശവാസനം
യോഗയുടെ അടിസ്ഥാനമാണിത്. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു കൂടിയാവണം. മാനസിക സംഘര്‍ഷം, സമ്മര്‍ദം, അസ്വസ്ഥത, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിച്ചു പൂര്‍ണമായും മാറ്റിയെടുക്കാന്‍ ശവാസനത്തിലൂടെ കഴിയും. കോസ്മിക് എനര്‍ജി ശരീരത്തിലേക്കു പ്രവഹിക്കുന്നതിനാല്‍ മനസ്സിനും ശരീരത്തിനും പ്രത്യേകമായൊരു ഉണര്‍വും, ഉന്‍മേഷവും അനുഭവപ്പെടും. ചിട്ടയായ പരിശീലനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഏകാഗ്രതയും കൈവരുന്നു.
ചെയ്യുന്ന വിധം
തലയും ശരീരവും നേര്‍രേഖയില്‍ വരത്തക്കവിധം നീണ്ടുനിവര്‍ന്നു കിടക്കുക. കാലുകള്‍ തമ്മില്‍ ഒന്ന്-ഒന്നരയടി അകറ്റിവയ്ക്കണം. കൈകളും വാരിയെല്ലില്‍ മുട്ടാത്തവിധം അല്‍പം അകറ്റി കൈപ്പത്തി മലര്‍ത്തിയിടുക. ശരീരത്തിന്റെ ഒരു ഭാഗത്തും ബലം കൊടുക്കരുത്. കാല്‍വിരലുകള്‍ മുതല്‍ കൈവിരലുകള്‍ വരെ വലിച്ചുകുടഞ്ഞു തളര്‍ത്തിയിടുക. സൗകര്യത്തിനനുസരിച്ചു കഴുത്ത് അയച്ചു തല നേരെയോ ഒരു വശത്തേക്കു ചരിച്ചോ വയ്ക്കാവുന്നതാണ്. കണ്‍പോളകള്‍ക്കു ബലം കൊടുക്കാതെ കണ്ണുകള്‍ അടയ്ക്കുക. ചുറ്റുപാടുകളെ മറക്കാനും ചിന്തകള്‍ മനസ്സില്‍ നിന്നകറ്റാനും ശ്രമിക്കുക. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ ഏകാഗ്രതയിലൂടെയാണു മനസ്സിനെ നാം മനസ്സിലാക്കുന്നത്. ശവാസനത്തില്‍ നിന്ന് എഴുന്നേല്‍ക്കണമെന്നു തോന്നുമ്പോള്‍ തലച്ചോര്‍ മുതല്‍ കാല്‍പാദം വരെയുള്ള അവയവങ്ങളെ സാവധാനത്തില്‍ സജീവമാക്കി എഴുന്നേല്‍ക്കുക. ശവാസനത്തിനു സമയപരിധി ഇല്ല. കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും ചെയ്തിരിക്കണം.
* ഭുജംഗാസനം
ഭുജംഗം എന്നാല്‍ പാമ്പ് എന്നാണ് അര്‍ഥം. പാമ്പു പത്തിവിടര്‍ത്തി നില്‍ക്കുന്ന രീതിയെ അനുകരിച്ചു ചെയ്യുന്ന യോഗാസനമായതുകൊണ്ടാണ് ഇതിനെ ഭുജംഗാസനം അഥവാ സര്‍പ്പാസനം എന്നു പറയുന്നത്. സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ എല്ലാ ക്രമക്കേടുകളും വേദനയും മാറുന്നതാണ്. ദഹന ശക്തി വര്‍ധിപ്പിക്കുന്നു. നടുവേദന, നടുവെട്ടല്‍ തുടങ്ങിയവയില്‍ നിന്നു മോചനമാവും.
ചെയ്യുന്ന വിധം
കമിഴ്ന്നു കിടന്നു കാലുകള്‍ നീട്ടിവയ്ക്കുക, കാല്‍ വിരലുകള്‍ നീട്ടി ശരീരം ഒരേ രേഖയില്‍ വരത്തക്കവിധം കാലുകള്‍ കഴിയുന്നത്ര അടുപ്പിച്ചു കിടക്കുക, കൈപ്പത്തിയില്‍ അതതു തോളിനു താഴെ വിരലുകള്‍ ചേര്‍ത്തു പതിച്ചു കമഴ്ത്തി വയ്ക്കണം. തല കുനിച്ചു നെറ്റിയോ താടിയോ ഏതെങ്കിലുമൊന്ന് തറയില്‍ മുട്ടിച്ചുവയ്ക്കുക, കൈമുട്ടുകള്‍ ശരീരത്തിനടുത്തു നേരെ പിറകിലോട്ടു തന്നെ ആയിരിക്കണം. ശരീരം മുഴുവന്‍ തളര്‍ത്തിയിടുക. സാവകാശം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ട്, കൈകള്‍ നിലത്തമര്‍ത്താതെ, നെഞ്ചും തോളും തലയും നിലത്തുനിന്നുയര്‍ത്തി, തല കഴിയുന്നത്ര പിറകോട്ടു വളച്ചു മുകളിലേക്കു നോക്കുക, പൊക്കിള്‍ വരെയുള്ള ഭാഗമേ ഉയര്‍ത്താവൂ. മൂന്നോ നാലോ സെക്കന്‍ഡ് സമയം ഇങ്ങനെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ടു തല താഴ്ത്തി പൂര്‍വസ്ഥിതിയിലേക്കു മടങ്ങി വന്നു കിടക്കുക.
* പ്രാണായാമം
നിയന്ത്രിതമായ ശ്വാസോഛ്വാസം വഴി പ്രാണന്‍ സംഭരിച്ചു ശരീരത്തിനും മനസ്സിനും ചൈതന്യവും ശക്തിയും വര്‍ധിപ്പിക്കുന്ന രീതിയാണു പ്രാണായാമം. ഏതു പ്രായത്തിലുള്ളവര്‍ക്കും ശ്വസനക്രിയ പഠിക്കാനുള്ള ഒന്നാമത്തെ രീതിയാണിത്. ശ്വാസകോശങ്ങളും ഹൃദയവും ഞരമ്പുകളും ആരോഗ്യവും ഉന്‍മേഷവും ഉള്ളതാവുന്നു. ശ്വാസകോശത്തിലെ എല്ലാ അറകളും തുറക്കുകയും വികസിക്കുകയും ചെയ്യുന്നതിനാല്‍ ധാരാളം ശുദ്ധവായു നിറഞ്ഞു രക്തശുദ്ധിയും പ്രാണശക്തിയും വര്‍ധിക്കുന്നു.
ചെയ്യുന്ന വിധം
നീണ്ടു നിവര്‍ന്നു മലര്‍ന്നു കിടക്കുക. കാലുകള്‍ രണ്ടും അടുപ്പിച്ചുവച്ചു കൈകള്‍ അതതു വശങ്ങളില്‍ നീട്ടി തുടയോടു ചേര്‍ത്തു കമിഴ്ത്തി വയ്ക്കുക. കണ്ണുകള്‍ തുറന്നും വായ അടഞ്ഞുമിരിക്കണം. ശ്വാസം അകത്തേക്കെടുക്കുന്നതും പുറത്തേക്കു കളയുന്നതും മൂക്കില്‍ കൂടി ആയിരിക്കണം. ദീര്‍ഘമായി ശ്വാസം അകത്തേക്കു വലിച്ചുകൊണ്ടു രണ്ടു കൈകളും തറയില്‍ നിന്നുമുയര്‍ത്തി തലയുടെ പിന്‍ഭാഗത്തുകൊണ്ടുവന്നു നീട്ടി കൈപ്പത്തി മലര്‍ത്തി തറയില്‍ വയ്ക്കണം. മൂന്നു നാലു സെക്കന്‍ഡ് അതേനിലയില്‍ കിടന്നിട്ടു സാവധാനം ശ്വാസം വിടാന്‍ തുടങ്ങുമ്പോള്‍ കൈകള്‍ പൊക്കി ഉഛ്വാസത്തിന്റെ വേഗത്തിനൊപ്പം കൊണ്ടുവന്നു പൂര്‍വസ്ഥാനത്തു കമിഴ്ത്തി വയ്ക്കുക.

LIVE NEWS - ONLINE

  • 1
    29 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    5 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    9 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ