Tuesday, November 13th, 2018

കടലിലെ വെടിവെപ്പ് ; കണ്ണൂര്‍ മല്‍സ്യ മേഖലയിലും ആശങ്ക

കണ്ണൂര്‍ : ഇറ്റാലിയന്‍ ചരക്ക് കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് നീണ്ട കരയില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം തീരദേശ മല്‍സ്യ മേഖലയെ ആശങ്കയിലാക്കി. അഴീക്കല്‍, ആയിക്കര,മാട്ടൂല്‍, ചാലില്‍,ഗോപാലപേട്ട, ചോമ്പാല തുടങ്ങിയ മീന്‍ പിടുത്ത കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ബോട്ടുകളാണ് മല്‍സ്യ ബന്ധനത്തിനായി പോകുന്നത്. കേട്ട്‌കേള്‍വി പോലുമില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. മല്‍സ്യ ബന്ധന ബോട്ടുകളില്‍ കപ്പല്‍ അപകട മുണ്ടാവുന്നത് പതിവാണ്. ഉള്‍ക്കടലില്‍ വിദേശ കപ്പലിടിച്ച് തകര്‍ന്ന ബോട്ടുകളുടെ എണ്ണം കൂടുകയാണ്. … Continue reading "കടലിലെ വെടിവെപ്പ് ; കണ്ണൂര്‍ മല്‍സ്യ മേഖലയിലും ആശങ്ക"

Published On:Feb 18, 2012 | 8:08 am

കണ്ണൂര്‍ : ഇറ്റാലിയന്‍ ചരക്ക് കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് നീണ്ട കരയില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം തീരദേശ മല്‍സ്യ മേഖലയെ ആശങ്കയിലാക്കി. അഴീക്കല്‍, ആയിക്കര,മാട്ടൂല്‍, ചാലില്‍,ഗോപാലപേട്ട, ചോമ്പാല തുടങ്ങിയ മീന്‍ പിടുത്ത കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ബോട്ടുകളാണ് മല്‍സ്യ ബന്ധനത്തിനായി പോകുന്നത്. കേട്ട്‌കേള്‍വി പോലുമില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. മല്‍സ്യ ബന്ധന ബോട്ടുകളില്‍ കപ്പല്‍ അപകട മുണ്ടാവുന്നത് പതിവാണ്. ഉള്‍ക്കടലില്‍ വിദേശ കപ്പലിടിച്ച് തകര്‍ന്ന ബോട്ടുകളുടെ എണ്ണം കൂടുകയാണ്. രണ്ട്‌വര്‍ഷം മുമ്പ് കപ്പലിടിച്ച് തലശ്ശേരി തീരത്ത് ഒരാള്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിനിടയാക്കിയ പല കപ്പലുകളും നിര്‍ത്താതെ പോവുകയും ചെയ്തിട്ടുണ്ട്. കടലില്‍ കപ്പല്‍ ചാലുകളിലൂടെ പോകുന്ന വിദേശ കപ്പലുകളില്‍ നിന്ന് വെടിവെപ്പ് ഇതു വരെ മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായിട്ടില്ല. വിദേശ കപ്പലുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതും അപകടങ്ങള്‍ കരയില്‍ അറിയിക്കുന്നതും മല്‍സ്യത്തൊഴിലാളികളാണ്.
കേരളത്തിന്റെ സമുദ്രാതിര്‍ത്തി തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍( 22.12 കി.മി) വരെയാണ്. എന്നാല്‍ മല്‍സ്യ ലഭ്യതയനുസരിച്ച് മല്‍സ്യ ബന്ധന ബോട്ടുകള്‍ 26 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് പോകാറുണ്ട്. അന്തര്‍ ദേശീയ കപ്പല്‍ചാല്‍ 220 നോട്ടിക്കല്‍ മൈലാണ്. ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ കണ്ണൂര്‍ തീരത്ത് നിന്ന് കടലില്‍ പോകുന്നത് കൂടുതലായും കര്‍ണാടക, തമിഴ്‌നാട് മേഖലയിലെ തൊഴിലാളികളായതിനാല്‍ ഭാഷാ പ്രശ്‌നം കൊണ്ട് ബോധവല്‍ക്കരണത്തിന് പൂര്‍ണ ഫലം കിട്ടാറില്ലത്രെ. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പട്രോളിംഗ് നടത്താറുണ്ട്. അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് പലപ്പോഴും രക്ഷയാവുന്നത് മറൈന്‍ എന്‍ഫോഴ്‌സ് മെന്റാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ലഭിച്ച വിദേശ നിര്‍മിത ഹൈസ്പീഡ് ബോട്ടും രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാണ്. ജില്ലക്കനുവദിച്ച അഴീക്കല്‍ തീരദേശ പോലീസിന്റെ പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയിട്ടില്ല.15 കോടി രൂപയുടെ 4 ബോട്ടുകള്‍ തീരദേശ പോലീസിന് ലഭിച്ചിട്ട് രണ്ടര വര്‍ഷമായി. ഈ ബോട്ടുകള്‍ വളപട്ടണം ബോട്ടു ജട്ടിയില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെ പോലീസുകാര്‍ പാറാവുമുണ്ട്.മണല്‍ മാഫിയകള്‍ ചില പോലീസുകാരെ കണ്ട് കൈനിറയെ ആനുകൂല്യങ്ങള്‍ നല്‍കുന്നതായും ശ്രുതിയുണ്ട്. തലശ്ശേരിയില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കാനും സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കുള്ള ജോലി എന്താണെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. തങ്ങളുടെ ജീവന് നേര്‍ക്കുള്ള ഇത്തരം ഭീഷണികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മല്‍സ്യത്തൊഴിലാളികള്‍ നാടെങ്ങും പണിമുടക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ ഭീതിയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. കടല്‍ക്ഷോഭം, കടലില്‍ വെച്ചുണ്ടാവുന്ന അത്യാഹിതങ്ങള്‍ എന്നിവ മാത്രമാണ് ഇത്രയും കാലങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നീണ്ടകരയില്‍ സംഭവിച്ചത് പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനാണ് അവര്‍ പുതിയ സംരക്ഷണ സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്നത്. ട്രോളറുകളില്‍ പത്തും പന്ത്രണ്ടും പേരടങ്ങുന്ന സംഘങ്ങളായി പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ തങ്ങള്‍ക്ക് നേരിടാന്‍ ഇങ്ങനെയും ഒരു ഭീഷണിയുള്ള പുതിയ അറിവില്‍ നടുങ്ങിയിരിക്കുകയാണ്. ഒരു പ്രകോപനവുമില്ലാതെ ഇങ്ങനെയൊരാക്രണം ഉണ്ടായതിന്റെ കാരണമറിയാതെ മീന്‍ പിടുത്തക്കാര്‍ പലയിടത്തും ഭയപ്പാടിലാണ്. കപ്പലില്‍ നിന്ന് മുന്നറിയിപ്പ് കിട്ടിയാല്‍ പോലും തങ്ങള്‍ക്ക് ഏത് വിധത്തില്‍ അത് മനസിലാക്കാനാവുമെന്നാണ് അവര്‍ ചോദിക്കുന്നത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളെ പറ്റിയോ മുന്നറിയിപ്പുള്ള സൈറണ്‍ പോലുള്ളവയെ പറ്റിയോ തങ്ങള്‍ക്ക് വേണ്ട വിധം അറിയില്ലെന്ന് അവര്‍ പറയുന്നു.
എന്നാല്‍ കപ്പലുകള്‍ക്ക് അന്താരാഷ്ട്രാ നിയമമുണ്ടെന്നാണ് പറയപ്പെടുന്നത്. സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ വിലസുന്നത് കൊണ്ട് കപ്പലുകളില്‍ അതാത് രാജ്യങ്ങളിലെ നാവിക സേനാ കമാന്റന്റ്മാര്‍ക്കാണ് സുരക്ഷ യുള്ളത്. കൊള്ളക്കാരാണെന്ന് ഇവര്‍ക്ക് സംശയം തോന്നിയാല്‍ വെടിവെക്കാമെന്നാണ് അവരുടെ നിയമത്തിലുള്ളതത്രെ. ചില കപ്പലുകളില്‍ പ്രൈവറ്റ് സുരക്ഷാ എജന്റ്മാരെയും നിയമിക്കാറുണ്ടത്രെ. അതിനിടെ വിദേശ കപ്പലുകളോ മറ്റോ കണ്ടാല്‍ സ്പീഡ് കുറച്ച് പോകണമെന്നാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിട്ടുള്ളത്. കപ്പലുകള്‍ സഞ്ചരിക്കുന്ന തന്നരികെ ബോട്ടുകള്‍ ഓടിച്ചു പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ബോട്ടുകളുടെയും മറ്റും രജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതി വെക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബോട്ടുകളില്‍ എഴുതി കാണിക്കുന്ന മേല്‍വിലാസത്തില്‍ അവര്‍ മല്‍സ്യത്തൊഴിലാളികളാണെന്ന് കപ്പലുകള്‍ മനസിലാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

LIVE NEWS - ONLINE

 • 1
  3 mins ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 2
  24 mins ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

 • 3
  36 mins ago

  നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

 • 4
  41 mins ago

  പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

 • 5
  2 hours ago

  കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

 • 6
  2 hours ago

  തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

 • 7
  14 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 8
  15 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 9
  18 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍