Monday, September 24th, 2018

ഐ വിഭാഗത്തിനു വേണ്ടത് പിന്‍ഗാമിയാക്കാമെന്ന ഉറപ്പ്

കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കു പിന്‍ഗാമിയായി രമേശ് ചെന്നിത്തലയുടെ സ്ഥാനമുറപ്പിക്കാനുള്ള ഐ വിഭാഗത്തിന്റെ കഠിനപരിശ്രമമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍. ഈ സര്‍ക്കാരിന്റെ അവസാനത്തെ രണ്ടു വര്‍ഷം മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇന്നലെ വൈകിട്ട് ഐ വിഭാഗം തിരുത്തിയെങ്കിലും പാര്‍ട്ടിയില്‍ അവര്‍ ആവശ്യപ്പെടുന്നത് അടുത്ത മുഖ്യമന്ത്രിസ്ഥാനം തന്നെയാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു പകരമായി കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ഉറപ്പാക്കാനും ഐ വിഭാഗം ശ്രമിക്കുന്നുണ്ട്. 1980നു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ ഗ്രൂപ്പു പ്രവര്‍ത്തനങ്ങളിലൂടെയാണ് വളര്‍ന്നത്. എ.കെ.ആന്റണി വളരെ ചെറുപ്പത്തില്‍തന്നെ … Continue reading "ഐ വിഭാഗത്തിനു വേണ്ടത് പിന്‍ഗാമിയാക്കാമെന്ന ഉറപ്പ്"

Published On:May 24, 2013 | 11:37 am

congress sudinamകേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കു പിന്‍ഗാമിയായി രമേശ് ചെന്നിത്തലയുടെ സ്ഥാനമുറപ്പിക്കാനുള്ള ഐ വിഭാഗത്തിന്റെ കഠിനപരിശ്രമമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നില്‍. ഈ സര്‍ക്കാരിന്റെ അവസാനത്തെ രണ്ടു വര്‍ഷം മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇന്നലെ വൈകിട്ട് ഐ വിഭാഗം തിരുത്തിയെങ്കിലും പാര്‍ട്ടിയില്‍ അവര്‍ ആവശ്യപ്പെടുന്നത് അടുത്ത മുഖ്യമന്ത്രിസ്ഥാനം തന്നെയാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനു പകരമായി കേന്ദ്രമന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി ഉറപ്പാക്കാനും ഐ വിഭാഗം ശ്രമിക്കുന്നുണ്ട്.

1980നു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ ഗ്രൂപ്പു പ്രവര്‍ത്തനങ്ങളിലൂടെയാണ് വളര്‍ന്നത്. എ.കെ.ആന്റണി വളരെ ചെറുപ്പത്തില്‍തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായതും ഗ്രൂപ്പിന്റെ ശക്തിയാലായിരുന്നു. ആന്റണിയുടെ പേരിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രബലമായ ഗ്രൂപ്പ് അറിയപ്പെടുന്നതെങ്കിലും ഇപ്പോള്‍ ആന്റണി ആ ചിത്രത്തിലില്ല. ഐ വിഭാഗത്തിന്റെ കേരളത്തിലെ പ്രമുഖ നേതാവായിരുന്ന കെ.കരുണാകരന് ഇടക്കാലത്ത് ചുവടുപിഴച്ചപ്പോള്‍ കേന്ദ്രത്തില്‍ സ്വന്തം സ്ഥാനമുറപ്പിച്ച ആന്റണി കേരളത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും ഏല്‍പിച്ച് പോകുകയായിരുന്നു. എന്നാല്‍ എ ഗ്രൂപ്പിന്റെ സംസ്ഥാനത്തെ അപ്രമാദിത്വം ഇനി വകവച്ചുകൊടുക്കേണ്ടതില്ലെന്നാണ് ഐ വിഭാഗത്തിന്റെ തീരുമാനം.
മുഖ്യമന്ത്രിപദത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് ഐ ഗ്രൂപ്പ് ഉപമുഖ്യമന്ത്രിപദത്തെ കാണുന്നത്. 1991ലെ കെ.കരുണാകരന്‍ സര്‍ക്കാരിനെ താഴെയിറക്കി എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ എ ഗ്രൂപ്പ് പിടിമുറുക്കുമ്പോള്‍ കരുണാകരനെ കേന്ദ്ര കാബിനറ്റ് മന്ത്രിയാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. പക്ഷെ, കേരളത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ വിടാന്‍ കരുണാകരന്‍ അന്നു തയ്യാറായില്ല. സ്വാഭാവികമായും കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ട കരുണാകരന്‍ കേരളത്തില്‍ തന്റെ ആശ്രിതര്‍ക്കായി ശക്തമായി നിലയുറപ്പിച്ചു. പിന്നീടിത് ഐ വിഭാഗത്തിന്റെ വിട്ടുപോകലില്‍ കലാശിക്കുകയും ചെയ്തു.
കരുണാകരനും കൂട്ടരും ഒഴിഞ്ഞതോടെ കേരളത്തില്‍ എ വിഭാഗമൊഴികെയുള്ളവരെല്ലാം ദുര്‍ബലമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ സമയത്താണ് എ.കെ.ആന്റണിയുടെ രാജി ഉണ്ടായതും ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിസ്ഥാനത്തെത്തിയതും. കേരളത്തില്‍ നിന്നു കേന്ദ്രത്തിലേക്കു പോയ ആന്റണിയാകട്ടെ സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം ആവശ്യമില്ലെന്നു മനസ്സിലാക്കി വിദഗ്ദ്ധമായിതന്നെ പ്രവര്‍ത്തിച്ചു. അദ്ദേഹം ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനാകുകയും ഗ്രൂപ്പിന് അതീതനായ ദേശീയനേതാവായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അപ്പോഴും കേരളത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായിത്തന്നെ തുടരുകയായിരുന്നു.
കരുണാകരന്‍ വിട്ടുപോയശേഷം എ വിഭാഗത്തോട് എതിര്‍പ്പുള്ളവര്‍ ചേര്‍ന്നു സംഘടിപ്പിച്ച ഗ്രൂപ്പാണ് വിശാല ഐ. പഴയ തിരുത്തല്‍വാദികളും മൂന്നാം ഗ്രൂപ്പുമെല്ലാം ഇതില്‍ ലയിച്ചു. അവരുടെ ബലത്തില്‍ രമേശ് ചെന്നിത്തല കെ പി സിസി പ്രസിഡന്റായെങ്കിലും പഴയതുപോലെ പാര്‍ട്ടിക്കുള്ളില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രസ്തുത ഗ്രൂപ്പിനു സാധിച്ചില്ല. എട്ടു വര്‍ഷമായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന രമേശ് ചെന്നിത്തല പ്രസ്തുത സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്നീട് മറ്റ് സ്ഥാനങ്ങള്‍ ലഭിക്കാതെ പോകും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വെറുമൊരു മന്ത്രിയായി തുടരാനും രമേശിനു താല്‍പര്യമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പ് കലാപമുണ്ടാക്കി ഉമ്മന്‍ചാണ്ടിയെ കെട്ടുകെട്ടിച്ച് മുഖ്യമന്ത്രിപദം കരസ്ഥമാക്കാന്‍ ശ്രമം തുടങ്ങിയത് അതിനാലാണ്.
എന്നാല്‍ രമേശിനെ ലോക്‌സഭയിലേക്കു മല്‍സരിപ്പിച്ച് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യിക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നതെങ്കിലും എ.കെ.ആന്റണി ഉള്‍പ്പെടെയുള്ളവര്‍ അതിനോടു സമ്മതം മൂളിയിട്ടില്ല. നിലവില്‍ കേന്ദ്രത്തില്‍ കാബിനറ്റ് പദവി വഹിക്കുന്നത് കേരളത്തില്‍ നേരത്തേയുണ്ടായിരുന്ന രണ്ടു പ്രമുഖ ഗ്രൂപ്പുകളുടെ വക്താക്കളാണ്. മുതിര്‍ന്ന നേതാക്കളായ അവര്‍ക്കിടയിലേക്ക് താരതമ്യേന ജൂനിയറായ രമേശ് ചെന്നിത്തല കടന്നു വരുന്നത് അവരിരുവരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം.ഈ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് യുഡിഎഫ് സര്‍ക്കാരുകളുടെയും കാലത്തു സംഭവിച്ചതുപോലെ മുഖ്യമന്ത്രിയെ കേന്ദ്രത്തിലേക്കു തട്ടി പ്രസ്തുത സ്ഥാനം കരസ്ഥമാക്കുകയാണ് ഐ വിഭാഗം ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. കെ.കരുണാകരനു ശേഷം അവര്‍ക്ക് കേരളത്തില്‍ ശക്തനായ ഒരു പിന്‍ഗാമിയുണ്ടാകാത്തതിന്റെ കുറവ് രമേശിലൂടെ നികത്താനുള്ള ശ്രമമാണിത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തന്നെ തുടരുകയും ആഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്യുകയും ചെയ്താല്‍ സമീപകാലത്തെങ്ങും തങ്ങള്‍ക്ക് ഭരണനേതൃത്വം കിട്ടില്ലെന്ന് ഐ വിഭാഗത്തിന് നന്നായിട്ടറിയാം.
മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നയാള്‍ രണ്ടാമനായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്. ഏറെക്കാലമായി മുഖ്യമന്ത്രിമാര്‍തന്നെയാണ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്തുപോന്നിരുന്നത്. ഈ സര്‍ക്കാരിന്റെ തുടക്കത്തിലും അങ്ങിനെയായിരുന്നെങ്കിലും പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി സമുദായ സമവാക്യങ്ങളുടെ പേരില്‍ ആഭ്യന്തരം ഏല്‍പിക്കുകയായിരുന്നു.
കരുണാകരനു പിന്നാലെ ആന്റണിയും ആന്റണി കേന്ദ്രത്തിലേക്കു പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിക്കസേരയിലെത്തി. അക്കാലത്തൊക്കെ ഗ്രൂപ്പില്‍ സ്വതേ ശക്തരല്ലാത്തവരായിരുന്നു കെപിസിസി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. കെ.മുരളീധരനാകട്ടെ മന്ത്രിയാകാന്‍ പോയി ഉള്ളതുംകൂടി നഷ്ടപ്പെട്ട സ്ഥിതിയിലുമായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഭരണനേതൃത്വം ഉമ്മന്‍ചാണ്ടിയെ പിന്തുടര്‍ന്ന് തിരുവഞ്ചൂരിലേക്കു പോകാതിരിക്കാനാണ് ഐ വിഭാഗത്തിന്റെ ശ്രമം. അതിന് കേന്ദ്രനേതൃത്വവും കേരളത്തിലെ എ വിഭാഗവും ചേര്‍ന്ന് ഒരുറപ്പു നല്‍കണം. അതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ഐ വിഭാഗം നടത്തുന്നത്.

LIVE NEWS - ONLINE

  • 1
    16 mins ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി

  • 2
    1 hour ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 3
    1 hour ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 4
    1 hour ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 5
    1 hour ago

    കരുത്തോടെ ഇന്ത്യ

  • 6
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 7
    3 hours ago

    ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

  • 8
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 9
    21 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍