കോഴിക്കോട്: പാസ്പോര്‍ട്ട് എടുക്കാനെത്തിയ ആദിവാസി സ്ത്രീയെ കോഴിക്കോട്ട് പാസ്പോര്‍ട്ട് ഓഫീസില്‍ വെച്ച് ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കണ്ണൂര്‍ കൊളയാട് ചെറുവ സ്വദേശി സൗമിനിയാണ് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍ മധുസൂദനന് നായര്‍ അപമാനിച്ചെന്ന് പറഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പാസ്പോര്‍ട്ടിനുവേണ്ടി സൗമിനിയും മകള്‍ ബവിതയും തിങ്കളാഴ്ച പാസ്പോര്‍ട്ട് ഓഫീസിലെത്തിയിരുന്നു. സൗമിനിയുടെ ആദ്യ പാസ്പോര്‍ട്ട് നഷ്ടമായതിനാല്‍ അതുമായി ബന്ധപ്പെട്ട രേഖകളുമായി വരാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ഓഫീസിലെത്തിയത്. … Continue reading "ആദിവാസിക്കെന്തിനാ പാസ്പോര്‍ട്ട്?; ഓഫീസിലെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥന് അപമാനിച്ചു"
കോഴിക്കോട്: പാസ്പോര്‍ട്ട് എടുക്കാനെത്തിയ ആദിവാസി സ്ത്രീയെ കോഴിക്കോട്ട് പാസ്പോര്‍ട്ട് ഓഫീസില്‍ വെച്ച് ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കണ്ണൂര്‍ കൊളയാട് ചെറുവ സ്വദേശി സൗമിനിയാണ് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍ മധുസൂദനന് നായര്‍ അപമാനിച്ചെന്ന് പറഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പാസ്പോര്‍ട്ടിനുവേണ്ടി സൗമിനിയും മകള്‍ ബവിതയും തിങ്കളാഴ്ച പാസ്പോര്‍ട്ട് ഓഫീസിലെത്തിയിരുന്നു. സൗമിനിയുടെ ആദ്യ പാസ്പോര്‍ട്ട് നഷ്ടമായതിനാല്‍ അതുമായി ബന്ധപ്പെട്ട രേഖകളുമായി വരാന്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ഓഫീസിലെത്തിയത്. രേഖകളൊക്കെ ശരിയാക്കി കൗണ്ടറില്‍ പണമടക്കാന്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന വനിതാസ്റ്റാഫിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ മധുസൂദനന് നായരെ കാണിക്കാനായി രേഖകള്‍ കൊണ്ടുപോയതെന്ന് സൗമിനിയുടെ മകള്‍ ബവിത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഇത് തരാന്‍ പറ്റില്ലെന്ന് സാറ് പറഞ്ഞു. പാസ്പോര്‍ട്ട് കിട്ടുന്നതിനായി ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ‘ഇത് ശരിയാവില്ല, ആദിവാസികള്‍ക്കൊന്നും പാസ്പോര്‍ട്ടില്ല.’ എന്നു പറഞ്ഞ് സാറ് കസേരയില്‍ നിന്നും എഴുന്നേറ്റ് കൈ ഞങ്ങള്‍ക്കുനേരെ ഓങ്ങി. സാര്‍ എങ്ങനെയെങ്കിലും ഞങ്ങള്‍ക്കിതൊന്ന് ശരിയാക്കി താ എന്ന് അമ്മ അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും ഇറങ്ങിപ്പോകാനായിരുന്നു ആജ്ഞ. സ്ഥലത്തെത്തിയ വനിതാ സ്റ്റാഫ് ഞങ്ങളോട് പുറത്തുപോയ്ക്കോ എന്ന് ആംഗ്യം കാണിച്ചു. കരഞ്ഞുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങിയത്- ബവിത പറഞ്ഞു.
അവിടെ നിന്നും ഇറങ്ങിയ ബവിതയും സൗമിനിയും നാട്ടുകാരുടെ നിര്‍ദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി പരാതപ്പെടുകയായിരുന്നു. കമ്മീഷണര്‍ക്ക് പരാതി നല്കിയിതന് പിന്നാലെ പട്ടികജാതി വികസന കമ്മീഷനും മുഖ്യമന്ത്രിയ്ക്കും പരാതി ഫാക്സായി അയച്ചു.
ഇതേ ആവശ്യവുമായി ഓഫീലെത്തി പുതിയ പാസ്പോര്‍ട്ട് ശരിപ്പെടുത്തിയ ചിലര്‍ അവിടെയുണ്ടായിരുന്നെന്നും ബവിത പറഞ്ഞു. ‘ അവിടെയുള്ള ചിലര്‍ ഞങ്ങളോട്പറഞ്ഞു ഞങ്ങളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ കൊണ്ട് അവര്‍ പോയപ്പോള്‍ പാസ്പോര്‍ട്ട് കിട്ടിയെന്ന്. ഒന്നുകൂടി അദ്ദേഹത്തെ കാണാന്‍ പലരും പറഞ്ഞു. ഞങ്ങളെ ആട്ടി പുറത്താക്കിയ സാറിനെ വീണ്ടും കാണാന്‍ പേടിയായതുകൊണ്ടാണ് പിന്നീട് പോവാതിരുന്നത്.’
‘ ആദ്യം പോയ സമയത്ത് അമ്മ വന്ന സമയവും ഫ്ളൈറ്റിന്റെ നമ്പറും ചോദിച്ചിരുന്നു. സമയം എനിക്കോര്‍മ്മയുണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫ്ളൈറ്റിന്റെ നമ്പറൊന്നും ഞങ്ങള്‍ക്കറിയില്ല. പഴയ പാസ്പോര്‍ട്ടിന്റെ നമ്പര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അതും നല്‍കിയിരുന്നു.’
പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പി.ടി ജനാര്‍ദ്ദന്‍ എന്നയാളാണ് സൗമിനിക്കും ഭവിതയ്ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്. ബുധനാഴ്ച പട്ടികജാതി വികസന കോര്‍പ്പറേഷനിലെത്തി ജനാര്ദ്ദനന് നേരിട്ട് പരാതി നല്‍കുകയും ചെയ്തു. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.
സൗമിനി നേരത്തെ ദുബൈയില്‍ ജോലി ചെയ്തിരുന്നു. എട്ട് വര്‍ഷം മുമ്പാണ് അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഔട്ട്പാസ് മുഖേനെയാണ് നാട്ടിലേക്ക് തിരിച്ചത്. ജോലിക്കായി വീണ്ടും വിദേശത്തേക്ക് പോകാന്‍ വേണ്ടിയാണ് സൗമിനി പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.
എന്നാല്‍ പാസ്പോര്‍ട്ടിന് അപേക്ഷയുമായെത്തിയ സൗമിനിയോട് പഴയ പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ചോദിച്ചതെന്നും മറ്റൊന്നുമുണ്ടായില്ലെന്നും പാസ്പോര്‍ട്ട് ഓഫീസര്‍ മധുസൂദനന് പറഞ്ഞു.