Sunday, March 18th, 2018

അന്വേഷണ നടപടികള്‍ വേഗത്തിലാക്കണം

റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭയുടെ തീരുമാനമാണ് ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയത്.

Published On:Oct 12, 2017 | 1:30 pm

സോളാര്‍ തട്ടിപ്പ് കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാകുന്നു. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തിന്റെ പകുതിയിലധികം ഭാഗം കേരളത്തില്‍ അന്നത്തെ പ്രതിപക്ഷം സജീവമായി ഉന്നയിച്ചുകൊണ്ടേയിരുന്ന വിവാദ സംഭവം കോണ്‍ഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയായി. സോളാര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് വളയല്‍ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ അരങ്ങേറിയത് ജനം മറന്നിട്ടില്ല. അന്ന് പ്രതിപക്ഷത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച മറുതന്ത്രമായിരുന്നു അന്വേഷണ കമ്മീഷന്‍ പ്രഖ്യാപനം. യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മൂന്നര വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഇടത് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭയുടെ തീരുമാനമാണ് ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനാണ് മന്ത്രിസഭ തീരുമാനം. 2013 ജൂലൈ 19ന് പരാതിക്കാരിയായ സരിത എസ് നായര്‍ വെളിപ്പെടുത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗം, സ്ത്രീപീഡനം, ലൈംഗിക പീഡനം എന്നിവക്ക് ക്രിമിനല്‍ കേസെടുക്കാനും തീരുമാനമുണ്ട്. ഇവര്‍ക്ക് പുറമെ ലൈംഗിക പീഡനത്തിന് ആരോപണ വിധേയമായവരില്‍ കേന്ദ്രമന്ത്രി, എം പിമാര്‍, എം എല്‍ എമാര്‍, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരും ഉള്‍പ്പെടും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തലവേദന സൃഷ്ടിച്ച സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും തുടര്‍ നടപടികളും മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അനുഭവമാണുണ്ടാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ക്രിമിനല്‍ കേസില്‍ അനുകൂല തീരുമാനം കോടതിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ആരോപണ വിധേയരായവരുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലായേക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. സോളാര്‍ തട്ടിപ്പിന്റെ പ്രധാന ഉത്തരവാദികളെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പോലീസിനെ സ്വാധീനിച്ചതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഉത്തരമേഖല ഡി ജി പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സോളാര്‍ കേസിന്റെ തുടരന്വേഷണം നടത്തുക. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണകാക്കി അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് കേസ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമാണ്. അതുകൊണ്ട് തന്നെ നിഷ്പക്ഷത തെളിയിക്കേണ്ടത് രാഷ്ട്രീയ സംശുദ്ധി അവകാശപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് അനിവാര്യമായ കാര്യമാണ്. ഭരണരംഗത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ആരോപണമായി ഉന്നയിക്കപ്പെട്ടതും കമ്മീഷന്‍ കണ്ടെത്തിയതും എന്നതിനാല്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സത്യസന്ധത തെളിയിക്കേണ്ടതുണ്ട്.

LIVE NEWS - ONLINE

 • 1
  12 hours ago

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍

 • 2
  13 hours ago

  ഒറ്റപ്പാലത്ത് ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

 • 3
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 4
  15 hours ago

  മോദിയുടെ അഹങ്കാരത്തിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങില്ല: സോണിയ

 • 5
  17 hours ago

  ഷവോമി സ്മാര്‍ട്‌ഫോണ്‍ എക്സേഞ്ച് ഓഫര്‍ ഇനി ഓണ്‍ലൈന്‍ വഴിയും

 • 6
  17 hours ago

  കുഞ്ഞനന്തന് ശിക്ഷാ ഇളവ്; ഗവര്‍ണര്‍ക്ക് പരാതി നല്‍കും

 • 7
  19 hours ago

  പുസ്തക വിവാദം; ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഷോണ്‍ ജോര്‍ജ്

 • 8
  19 hours ago

  ഏപ്രില്‍ മുതല്‍ ഔഡി കാറുകളുടെ വില കൂടും…

 • 9
  20 hours ago

  മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോ: ആനത്തലവട്ടം