FLASH NEWS
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി

      ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്നും വ്യക്തമായ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് സത്യവാങ്മൂലം നല്‍കി. പരിസ്ഥിതിലോല മേഖല വര്‍ധിപ്പിക്കുമോയെന്നും കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താനാകുമോയെന്നും കേന്ദ്രം വ്യക്തമാക്കണമെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു. പശ്ചമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുനപരിശോധിക്കുന്നതിനു വേണ്ടിയാണ് പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടും വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മനെ അധ്യക്ഷനാക്കി വേറൊരു സമിതിയെയും നിയോഗിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്്മൂലം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നിലപാട് വ്യക്തമാക്കി ഇന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയായിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ സമിതി ശുപാര്‍ശകളാണോ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാട് പറയാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി കൊണ്ടുള്ള സത്യവാങ്മൂലം മാത്രമാണ് തിങ്കളാഴ്ച വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയത്.  

August 27,2014 01:16:51 PM

Noble Enterprises Asian Paints
കടുത്ത നടപടി വേണ്ടായിരുന്നുവെന്ന് പൊതുവികാരം: മുഖ്യമന്ത്രി

    തിരു: മന്ത്രിസഭായോഗത്തില്‍ സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് ഭിന്നാഭിപ്രായം. തീരുമാനം ധൃതിപിടിച്ചെടുത്തതാണെന്ന് ഘടകക്ഷി മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 7500 കോടി രൂപയുടെ നഷ്ടം സര്‍ക്കാറിനുണ്ടാകുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. ബിയര്‍, വൈന്‍ പാര്‍ല്ലറുകള്‍ പൂട്ടിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രായോഗിക നിലപാടെടുക്കാമായിരുന്നുവെന്ന് ലീഗ് മന്ത്രിമാര്‍ യോഗത്തിലറിയിച്ചു. അതേസമയം സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയുള്ള എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ബാറുകളില്‍ കടുത്ത നടപടി വേണ്ടായിരുന്നുവെന്നാണ് പൊതുവികാരമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കവെ പറഞ്ഞു. സര്‍വീസിലിരിക്കവെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ക്വാളിഫിക്കേഷന്‍ അനുസരിച്ച് ലഭിക്കുന്നതിലെ ഏറ്റവും തുടക്കത്തിലുള്ള പോസ്റ്റ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനുള്ള മാറ്റങ്ങള്‍ സര്‍വീസ് റൂള്‍സില്‍ വരുത്തും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ കൈവശഭൂമിയിലുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില്‍ നാലേക്കര്‍ വരെ ഉപാധികളില്ലാതെ പട്ടയം ലഭിക്കും. കൈവശമില്ലാത്തവയാണെങ്കില്‍ 25 വര്‍ഷത്തെ ഉപാധിയോടെയായിരിക്കും പട്ടയം ലഭിക്കുക. അപകടത്തിനിടെ മരിക്കുന്നവരുടെ അടിയന്തരസഹായം 15000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി

വീടിന് നേരെ വെടിവെപ്പ് : പ്രതിയെ കാസര്‍കോട്ടെത്തിച്ചു
കൊച്ചിമെട്രോ കാക്കനാട് വരെ നീട്ടും: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
ചാല ബൈപാസില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
sudinam daily 37th year
DISTRICT NEWS
Editorial Chala LPG Accident
 
മദീന ആശുപത്രിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തറിച്ച് അഞ്ചുമരണം

          മദീന: മദീനയില്‍ ആശുപത്രിയില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് നാഷനല്‍ ഗാര്‍ഡ് ആശുപത്രിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെയാണ് അഗ്നിബാധയുണ്ടായത്. അറ്റകുറ്റപ്പണിക്കും സാങ്കേതിക പരിശോധനക്കുമിടെ ഗ്യാസ് ടാങ്കില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമീപ പ്രദേശത്ത് നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും അഗ്‌നിക്കിരയായി. ആശപത്രിയുടെ സെന്‍ട്രല്‍ ഗ്യാസ് ടാങ്കാണ് പെടിത്തെറിച്ചതെന്നാണ് വിവരം. പെട്ടിത്തെറിയുടെ ശബ്ദം വളരെ അകലേക്ക് കേള്‍ക്കാമായിരുന്നുവെന്ന് മദീന വാസികള്‍ പറഞ്ഞു. അഗ്നിബാധ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതരാണ് തീവ്രശ്രമത്തിനൊടുവില്‍ തീ അണച്ചത്

മഞ്ജു വീണ്ടും നായികയാവുന്നോ?

          മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യര്‍ വീണ്ടും നായികയാവുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു നായികയാവുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മഞ്ജുവിനെ കൂടാതെ മറ്റൊരു പ്രമുഖ നടിയും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ഒരു നാടകത്തെ ആസ്പദമാക്കിയാണ് വി.കെ.പ്രകാശ് ഈ സിനിമ ഒരുക്കുന്നതത്രെ. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ മഞ്ജു സമ്മതം മൂളിയോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു അഭിനയിക്കുന്നുണ്ട്

ഇംഗ്ലീഷ് ലീഗ് ; മാഞ്ചസ്റ്ററിന് നാണംകെട്ട തോല്‍വി

        ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. മൂന്നാം ഡിവിഷന്‍ ടീമായ മില്‍ട്ടണ്‍ കീന്‍സ് ഡോണ്‍സിനോട മടക്കമില്ലാത്ത നാലു ഗോളിനാണ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. പകുതി സമയത്ത് ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയായിരുന്നു യുണൈറ്റഡ്. ബ്രെന്റ്‌ഫോര്‍ഡില്‍ നിന്ന് വായ്പാതാരമായി എത്തിയ സ്‌ട്രൈക്കര്‍ വില്‍ ഗ്രിഗും ആഴ്‌സനലില്‍ നിന്നു വന്ന വായ്പാതാരം ബെനിക് അഫോബെയും രണ്ടു ഗോള്‍ വീതം നേടി. പത്തൊന്‍പത് വര്‍ഷത്തിനുശേഷമാണ് യുണൈറ്റഡ് ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിക്കാതെ പുറത്താകുന്നത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളാണ് യുണൈറ്റഡ്. മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശംവച്ചത് യുണൈറ്റഡായിരുന്നെങ്കിലും എഴുപതാം മിനിറ്റ് വരെ അപകടകരമായ ഒരൊറ്റ നീക്കം നടത്താനൊ ഗോളിലേയ്ക്ക് ഒന്ന് നിറയൊഴിക്കാനോ വാന്‍ഗാലിന്റെ ടീമിനു കഴിഞ്ഞില്ല.

ശിവഗിരി മഠ പൂജകള്‍ ഇനി ഓണ്‍ലൈനിലും

          ശിവഗിരി മഠത്തിലെ വിവിധ പൂജകള്‍ ഇനി ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചുണ്ടാക്കിയ സംരംഭത്തിനു ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ തുടക്കമിട്ടു. ഫെഡറല്‍ ബാങ്ക് സോണല്‍ മേധാവി വി.വൈ. ജയിംസ്, ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം റീജനല്‍ മേധാവി കുര്യാക്കോസ് കോണില്‍, വര്‍ക്കല ശാഖാ സീനിയര്‍ മാനേജര്‍ മോഹനകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.  

ഇന്ത്യ പുതിയ മിസൈല്‍ നിര്‍മിക്കുന്നു

          ന്യൂഡല്‍ഹി: ഇന്ത്യ പുതിയ മിസൈല്‍ നിര്‍മാണ രംഗത്തേക്ക് തിരിയുന്നു. സൈനികര്‍ക്ക് വഹിച്ചുകൊണ്ടുപോകുവാന്‍ സാധിക്കുന്നതും തോളില്‍ വച്ച് ലക്ഷ്യ സ്ഥാനത്തേക്കു തൊടുക്കുവാന്‍ സാധിക്കുന്നതുമായ മിസൈലുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അവിനാഷ് ചാന്ദറാണ് പുതിയ തരം മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. കരയില്‍ നിന്നും വായുവിലേക്ക് അയക്കുവാന്‍ സാധിക്കുന്ന മിസൈലുകളാവും ഇവ. 200 കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കുവാന്‍ ഇതിനാകും. ഡിആര്‍ഡിഒ ഇത്തരം മിസൈലുകള്‍ നിര്‍മ്മിക്കുവാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി

എബോള; മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി

      ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എബോള പരിശോധന കര്‍ശനമാക്കി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മൂന്നു പേരെ വിമാനത്താവളത്തില്‍ നിന്ന് ആശുപത്രിയിലേക്കു മാറ്റി. എബോള വൈറസ് ബാധയുള്ള ലൈബീരിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ 112 പേരില്‍ ഉള്‍പ്പെടുന്നവരാണിവര്‍. വിശദമായ തുടര്‍ പരിശോധനകള്‍ക്കു ശേഷമേ ഇവര്‍ക്ക് എബോള രോഗം ഉണ്ടോയെന്ന് സ്ഥിരീകരിക്കൂ. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ എത്തുന്ന ഇവര്‍ക്ക് പരിശോധനയ്ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിരുന്നു. അതേസമയം, ഇന്നു പുലര്‍ച്ചെ സൗത്ത് ആഫ്രിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ചിലരെത്തി. ലൈബീരിയയില്‍ നിന്നെത്തുന്ന വിമാനം ആദ്യം വിമാനത്താവളത്തിന്റെ ഒഴിഞ്ഞ പ്രദേശത്തേക്കു മാറ്റും. തുടര്‍ന്ന് പരിശോധനകള്‍ നടത്തുമെന്ന് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരുടെ ബാഗേജും പ്രത്യേകമായി പരിശോധിക്കും. അണുവിമുക്തമാക്കുകയും ചെയ്യും.  

 
സെല്‍ഫിക്കായി പ്ലാസ്റ്റിക് സര്‍ജറി

      സെല്‍ഫി വൈറലായതോടെ ചെറുപ്പാക്കാര്‍ മോഡി കൂട്ടാനോടുന്നു. വിദേശങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി അഭയം തേടുകയാണ് ന്യൂജനറേഷന്‍. അമേരിക്കന്‍ അക്കാദമി ഓഫ് ഫേഷ്യല്‍ പ്ലാസ്റ്റിക് ആന്റ റീകണ്‍സ്രക്ടീവ് സര്‍ജറിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. പ്ലാസ്റ്റിക് സര്‍ജി വിദഗ്ധന്മാരെ സമീപിച്ചവരില്‍ മിക്കവരും സോഷ്യല്‍ മീഡിയയില്‍ സുന്ദരനും സുന്ദരിയുമായി കാണപ്പെടാന്‍ വേണ്ടിയാണ് സര്‍ജറി ചെയ്യുന്നതെന്നു തുറന്നു പറഞ്ഞു. സെല്‍ഫികള്‍ക്കു ലഭിക്കുന്ന മോശം പ്രതികരണങ്ങള്‍ പലരുടെയും ആത്മവിശ്വാസമില്ലാതാക്കുന്നുവെന്നും ചിലരെ വിഷാദരോഗികളാക്കുന്നുവെന്നും തെളിഞ്ഞു. സെല്‍ഫികള്‍ മനോഹരമായില്ലെങ്കില്‍ വല്ലാത്ത നാണക്കേടല്ലേ. എത്രയെത്ര പേര്‍ ഫെയ്‌സ്ബുക്കില്‍ ലൈക്കും കമന്റും നല്‍കാനുള്ളതാണ്. സെല്‍ഫികള്‍ മനോഹരമാകണമെങ്കില്‍ ആദ്യം മുഖസൗന്ദര്യം വര്‍ധിപ്പിക്കണം. എത്ര വട്ടം ഫേഷ്യല്‍ ചെയ്തിട്ടും പോരാതെ വരുമ്പോള്‍ പിന്നെ ഉടന്‍ തീരുമാനിക്കുകയായി. പ്ലാസ്റ്റിക് സര്‍ജറി നടത്തിയേക്കാമെന്ന്. മുപ്പതു വയസില്‍ താഴെയുള്ള യുവതികളാണു മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പരക്കം പായുന്നത്. വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളില്‍ പോലും ക്യാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനും എടുത്ത ഉടന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. ഒരാള്‍ അവനവന്റെ തന്നെ മുഖത്തിന്റെ ക്ലോസപ് ഫോട്ടോ എടുക്കുന്നതാണു സെല്‍ഫി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നതെന്ന് നാട്ടുമ്പുറത്തെ പിള്ളേര്‍ക്കുപോലുമറിയാം. ഓരോ ദിവസവും പുതിയ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്തു കൂട്ടുകാരുടെ കമന്റുകള്‍ക്കു വേണ്ടി കാത്തിരിക്കുന്നതാണു ചില ടീനേജ് ഗേള്‍സിന്റെ വിനോദം. ഒരു ദിവസം നേരില്‍ കാണുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ സോഷ്യല്‍മീഡിയയിലാണു തങ്ങളെ കാണുന്നതെന്നും അവര്‍ക്കു മുന്നില്‍ സുന്ദരമായ സെല്‍ഫികളല്ലേ പോസ്റ്റ് ചെയ്യേണ്ടെന്നുമാണ് ന്യൂജനറേഷന്റെ ചോദ്യം. ലോകത്തിനു മുന്നില്‍ കാണിക്കാന്‍ സുന്ദരമായ മുഖം വേണമെന്നു പറയുന്നതു മനസിലാക്കാം, എന്നാല്‍ അതിനു വേണ്ടി പ്ലാസ്റ്റിക് സര്‍ജറിക്കു പിന്നാലെ പായണോ എന്നാണു ഡോക്ടര്‍മാര്‍ പോലും ചോദിക്കുന്നത്. കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പനയും സെല്‍ഫികളുടെ വരവോടെ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. സെല്‍ഫിക്ക് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന അമേരിക്കന്‍ രീതി താമസിയാതെ കേരളത്തിലുമെത്തുമെന്നാണ് കരുതപ്പെടുന്നത്. കാരണം സെല്‍ഫിയെ ഇരു കയ്യും നീട്ടി സ്വീകരിച്ചവര്‍ പ്ലാസ്റ്റിക് സര്‍ജറിയെ സ്വീകരിക്കാന്‍ എന്തിന് മടിക്കുന്നു.  

മോര്‍ട്ടാവോ…ദി സെല്‍ഫി ക്യൂന്‍

          ലോകത്തിലെ സെല്‍ഫി ക്യൂന്‍ ആരെന്ന് ചോദിച്ചാല്‍ ഒരുത്തരം മാത്രം… മോര്‍ട്ടാവോ മാവോട്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും അധികം സെല്‍ഫികള്‍ പോസ്റ്റ് ചെയ്തിട്ടുള്ള വ്യക്തി എന്ന നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഈ തായ് വനിത. മൊബൈല്‍ ഫോണില്‍ ദിവസവും സെല്‍ഫി പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് ഇതിനെ കടത്തിവെട്ടാമെന്നു കരുതുന്നവര്‍ക്ക് അതല്‍പം മെനക്കെട്ട പണി തന്നെയാകും. പല സോഷ്യല്‍ മീഡിയകളിലായി 12,000ത്തില്‍ അധികം സെല്‍ഫി ചിത്രങ്ങളാണ് ഇതിനോടകം മോര്‍ട്ടാവോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫോട്ടോ ഷെയറിങ് സൈറ്റ് ആയ ഇന്‍സ്റ്റഗ്രാമില്‍ ആഴ്ചയില്‍ 200 സെല്‍ഫി പടങ്ങളാണ് നാല്‍പ്പതുകാരിയായ മോര്‍ട്ടാവോയുടേതായി വരുന്നത്. ബാങ്കോക്കിലെ ഒരു ആര്‍ട്ട് ഗാലറി ഉടമയുടെ ഭാര്യയായ മോര്‍ട്ടാവോയ്ക്ക് 20,000 ഫോളോവേഴ്‌സ് ആണുള്ളത്. മുഖം മാത്രമല്ല കൈ കാലുകളുടെ ചിത്രങ്ങളും കഴിക്കുന്ന ഭക്ഷണത്തിന്റെ പടങ്ങള്‍ പോലും ഇവരുടെ സെല്‍ഫി കാറ്റഗറിയില്‍പ്പെടും. എന്നാല്‍ ഒറ്റ സെല്‍ഫി പോലും ആളുകളെ കൊണ്ടു മോശം പറയിപ്പിക്കില്ല. എല്ലാം ഒന്നിനൊന്നു മെച്ചം

‘ഞങ്ങളിനി എന്ത് ചെയ്യണം സര്‍..!’

      പ്ലസ്ടു വിഷയത്തില്‍ കോടതി തീരുമാനമുണ്ടാകുന്നതുവരെ പുതിയ സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഹയര്‍സെക്കന്ററി ഡയറക്ടറുടെ ഉത്തരവ്. അതേ സമയം പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിംഗിള്‍ ബെഞ്ച് വിധി പ്ലസ് ടു പ്രവേശനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതോടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ മന്ത്രിസഭാ യോഗത്തിലേക്ക് വിളിച്ചു വരുത്തി ഇക്കാര്യം അറിയിച്ചു. അപ്പീല്‍ നല്‍കാനുള്ള നടപചടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മന്ത്രിസഭ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദ്ദേശിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്നു എന്നാരോപിച്ചാണ് നൂറോളം സ്‌കൂളുകളില്‍ പ്‌ളസ് ടു അനുവദിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതത്വത്തിലേക്ക് നീങ്ങിയതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയിലാണ്. ഏപ്രില്‍ മാസത്തില്‍ എസ്എസ്എല്‍സി ഫലം പുറത്തു വന്നിട്ടും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കാനാവാതെ വിഷമിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ‘ഞങ്ങളിനി എന്ത് ചെയ്യണം സര്‍..!’ എന്നാണവരുടെ ചോദ്യം.  

എയര്‍ ഇന്ത്യ ആകാശയാത്ര വെറും നൂറ് രൂപക്ക്

          ന്യൂഡല്‍ഹി: വെറും നൂറ് രൂപയ്ക്ക് ആകാശയാത്ര സാധ്യമാവുക അവിശ്വസനീയമാണ്. എന്നാല്‍ ഇത്തവണ എയര്‍ ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ അവിശ്വസനീയ കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. സ്ഥിരം യാത്രക്കാരെക്കാളേറെ വിമാനയാത്ര എന്ന സ്വപ്‌നം പേറി നടക്കുന്നവര്‍ക്കായിരിക്കും എയര്‍ ഇന്ത്യയുടെ ഈ പദ്ധതി ഏറ്റവും കൂടുതല്‍ ആകര്‍ഷകമായി തോന്നുക. 2007 ഓഗസ്റ്റ് 27 ന് ആയിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും ലയിച്ചത്. ലയനത്തിനു ശേഷം ഇതാദ്യമായാണ് ‘എയര്‍ ഇന്ത്യ ദിനം’ ഇത്രയും ഉദാരമായി ആഘോഷിക്കുന്നത്. സൗജന്യ നിരക്കിലുളള യാത്രയ്ക്കുളള ടിക്കറ്റുകള്‍ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും വില്‍ക്കുക. ഇന്നു മുതല്‍ 31 വരെ മാത്രമാണ് ടിക്കറ്റ് ലഭ്യമാവുക. 100 രൂപയ്ക്ക് പുറമേ അധികമായി നികുതി മാത്രമാകും ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വരിക. മികച്ച ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്

വാഹന നിര്‍മാതാക്കള്‍ക്ക് 2,545 കോടി രൂപ പിഴ

            ന്യൂഡല്‍ഹി: വാഹന ഘടകങ്ങള്‍ ലഭ്യമാക്കാത്തതിന് കാര്‍ നിര്‍മാതാക്കള്‍ക്ക്  കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2,545 കോടി രൂപ പിഴ ചുമത്തി. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ് അടക്കം 14 കാര്‍ നിര്‍മാതാക്കള്‍ക്കാണ് പിഴ ചുമത്തിയത്. രാജ്യത്തെ മല്‍സര നിയമം ലംഘിച്ച ഈ കമ്പനികള്‍ അറുപതു ദിവസത്തിനകം പിഴയൊടുക്കണം. വില്‍പനാനന്തര സേവനങ്ങളുടെ കാര്യത്തിലും കാര്‍ കമ്പനികള്‍ ന്യായമായ മല്‍സരം തടസപ്പെടുത്തിയെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തി. വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനികള്‍ സ്വന്തം വിതരണക്കാര്‍ വഴിയും സര്‍വീസ് സെന്ററുകള്‍ വഴിയും മാത്രമേ ലഭ്യമാക്കിയിരുന്നുള്ളു. പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്കും വിദേശ കാര്‍ കമ്പനികളുടെ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുമാണ് അവരുടെ ശരാശരി വിറ്റുവരവിന്റെ രണ്ടുശതമാനം പിഴ ചുമത്തിയിരിക്കുന്നത്. വാഹന ഘടകങ്ങള്‍ക്ക് അന്യായ വില ഈടാക്കുകയും ചെയ്തു. ഇത് മല്‍സരാധിഷ്ഠിത വിപണിക്ക് യോജിച്ചതല്ലെന്നും കുത്തക സ്വഭാവം പുലര്‍ത്തുന്നതാണെന്നും നേരത്തെ മുതല്‍ വിമര്‍ശനമുണ്ടായിരുന്നു. വാഹന ഘടകങ്ങളും കേടുപാടുകള്‍ കണ്ടെത്താനുള്ള ഉപകരണങ്ങളും ഇനി മുതല്‍ സാധാരണക്കാര്‍ക്കും വര്‍ക്ക്്‌ഷോപ്പുകാര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ പൊതുവിപണിയില്‍ എത്തിക്കണമെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.  

© Copyright 2013 Sudinam. All rights reserved.